2003ല്‍ പുറത്തിറങ്ങിയ ലാല്‍ ജോസ് ചിത്രമാണ് പട്ടാളം. ഒരു ചെറിയ ഗ്രാമത്തില്‍ പട്ടാളം താത്കാലിക ക്യാമ്പ് സ്ഥാപിച്ചതിന് ശേഷം അവിടെ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു സിനിമ. മമ്മൂട്ടി നായകനായ ചിത്രം മലയാളികള്‍ക്ക് ഇന്നും ഏറെ പ്രിയപ്പെട്ടതാണ്.
മമ്മൂട്ടിക്ക് പുറമെ ബിജു മേനോന്‍, ഇന്നസെന്റ്, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജ്യോതിര്‍മയി, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവരും പ്രധാനവേഷത്തിലെത്തി. ഇവര്‍ക്ക് പുറമെ പുതുമുഖമായ ടെസ ജോസഫും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു.
എന്നാല്‍ പട്ടാളത്തിന് ശേഷം താരം കുറേ വര്‍ഷങ്ങള്‍ സിനിമകളില്‍ അഭിനയിച്ചിരുന്നില്ല. 2015ല്‍ ബാലചന്ദ്രമേനോന്റെ ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന സിനിമയിലൂടെയാണ് വീണ്ടും സിനിമയിലേക്ക് വരുന്നത്. അതിന് ശേഷം രാജമ്മ അറ്റ് യാഹു, മറുപടി, ഗോള്‍ഡ് കോയിന്‍സ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു.
എന്തുകൊണ്ടാണ് പട്ടാളം സിനിമക്ക് ശേഷം അഭിനയത്തില്‍ നിന്ന് വിട്ടുനിന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ടെസ. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘അന്ന് വളരെ ചെറിയ പ്രായമാണ്. 2004 – 2003 കാലഘട്ടത്തെ കുറിച്ചാണ് പറയുന്നത്. ഇന്നത്തെ കാലത്തെ കുട്ടികള്‍ ചിന്തിക്കുന്നതും അന്ന് നമ്മള്‍ ചിന്തിക്കുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അന്ന് നമ്മള്‍ റിബലായിരുന്നില്ല.
പാരന്‍സ് എന്താണോ പറയുന്നത് അത് നമ്മുടെ നല്ലതിന് വേണ്ടിയാണ് എന്ന് കരുതിയാണ് നമ്മള്‍ ജീവിച്ചത്. കരിയറിലാണെങ്കില്‍ പോലും അവിടെ പാരന്‍സിന് വലിയ പങ്കുണ്ട്. അവരുടെ ‘യെസ്’ കിട്ടാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.
എന്നാല്‍ ഇന്നത്തെ കുട്ടികള്‍ അങ്ങനെയല്ല. അവര്‍ക്ക് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടാത്തത് എന്നും കൃത്യമായി അറിയാം. അന്ന് ഞാന്‍ സിനിമയില്‍ നിന്നാല്‍ എന്റെ കുടുംബ ജീവിതമൊക്കെ എങ്ങനെയാകുമെന്ന് അമ്മക്കൊക്കെ ചിന്തയുണ്ടായിരുന്നു.
ഈ മേഖല നമുക്ക് ഒട്ടും പരിചയം ഉണ്ടായിരുന്നില്ല. പട്ടാളം ചെയ്യുമ്പോള്‍ അതാണ് ആദ്യത്തെയും അവസാനത്തെയും സിനിമയെന്ന രീതിയിലാണ് ചെയ്യുന്നത്. ബാക്കിയുള്ളതൊക്കെ കല്യാണത്തിന് ശേഷം ചെയ്ത സിനിമയാണ്,’ ടെസ ജോസഫ് പറഞ്ഞു.
Content Highlight: Tessa Joseph Replyed Why She Quit Acting After Pattalam Movie