| Sunday, 6th April 2025, 8:19 pm

പട്ടാളത്തിന് ശേഷം സിനിമകള്‍ ചെയ്യാത്തതിന് കാരണം ആ വ്യക്തി, ഇന്നും പലരും എന്നെ തിരിച്ചറിയുന്നത് വിമല എന്ന പേരില്‍: ടെസ്സ ജോസഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലാല്‍ ജോസ് മലയാളികള്‍ക്ക് സമ്മാനിച്ച നടിമാരിലൊരാളാണ് ടെസ്സ ജോസഫ്. ചാനല്‍ അവതാരികയായി കരിയര്‍ ആരംഭിച്ച ടെസ്സ മമ്മൂട്ടി നായകനായ പട്ടാളം എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവനനത്. ആദ്യ ചിത്രത്തിലൂടെ ടെസ്സ ശ്രദ്ധേയയായി. എന്നാല്‍ പട്ടാളത്തിന് ശേഷം സിനിമയില്‍ നിന്ന് ടെസ്സ വലിയ ഇടവേളയെടുത്തിരുന്നു. തിരിച്ചുവരവില്‍ സിനിമകള്‍ക്കൊപ്പം സീരിയല്‍ രംഗത്തും ടെസ്സ സജീവമാണ്.

ആദ്യസിനിമക്ക് ശേഷം വലിയ ഇടവേളയെടുക്കേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ടെസ്സ. ചാനല്‍ പരിപാടി കണ്ടിട്ടാണ് ലാല്‍ ജോസ് തന്നെ പട്ടാളത്തിലേക്ക് വിളിച്ചതെന്ന് ടെസ്സ പറഞ്ഞു. എന്നാല്‍ സിനിമാലോകത്തെ പറ്റി ചില തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്നതിനാല്‍ തനിക്ക് നല്ല കല്യാണാലോചനകള്‍ വരുമോ എന്ന് തന്റെ അമ്മക്ക് പേടിയുണ്ടായിരുന്നെന്നും പെട്ടെന്ന് കല്യാണം കഴിപ്പിച്ചെന്നും ടെസ്സ കൂട്ടിച്ചേര്‍ത്തു.

പട്ടാളത്തിന് ശേഷം ആദ്യം വന്ന കല്യാണാലോചന തന്റെ കുടുംബം ഉറപ്പിച്ചെന്നും വിവാഹത്തിന് ശേഷം കുടുംബത്തിനായി സമയം മാറ്റിവെച്ചെന്നും ടെസ്സ ജോസഫ് പറഞ്ഞു. കുട്ടികള്‍ വളര്‍ന്നതിന് ശേഷം വീണ്ടും സിനിമയിലേക്ക് വരാന്‍ തീരുമാനിച്ചെന്നും എന്നാല്‍ അപ്പോഴും അമ്മക്ക് ടെന്‍ഷനായിരുന്നെന്നും ടെസ്സ കൂട്ടിച്ചേര്‍ത്തു. ഇന്നും പലരും തന്നെ കാണുമ്പോള്‍ പട്ടാളത്തിലെ വിമലയല്ലേ എന്നാണ് ചോദിക്കുന്നതെന്നും ടെസ്സ പറഞ്ഞു.

എന്നാല്‍ ഒരുപാട് കാലം മാറിനിന്നതിനാല്‍ രണ്ടാം വരവില്‍ അവസരങ്ങള്‍ ലഭിക്കാന്‍ നല്ല പ്രയാസമായിരുന്നെന്നും അബുദാബിയിലായതിനാല്‍ പലര്‍ക്കും തനിക്ക് അവസരം തരാന്‍ മടിയായിരുന്നെന്നും ടെസ്സ പറയുന്നു. ഒരുപാട് പരിശ്രമിച്ചതിന് ശേഷമാണ് നല്ല സിനിമകള്‍ ലഭിച്ചതെന്നും തിരിച്ചുവരവില്‍ ലഭിച്ച നല്ല വേഷങ്ങളിലൊന്നായിരുന്നു തലവനിലേതെന്നും ടെസ്സ പറഞ്ഞു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു ടെസ്സ ജോസഫ്.

‘കൈരളി ടി.വിയിലെ ഹലോ ഗുഡ് ഈവനിങ് എന്ന പരിപാടി കണ്ടിട്ടാണ് ലാല്‍ ജോസ് സാര്‍ എന്നെ പട്ടാളത്തിലേക്ക് വിളിച്ചത്. ആദ്യമായി സിനിമയുടെ വലിയ ലോകത്തേക്കെത്തിയപ്പോള്‍ ടെന്‍ഷനുണ്ടായിരുന്നു. സിനിമാലോകത്തെപ്പറ്റി ഒരുപാട് തെറ്റിദ്ധാരണകള്‍ ഉണ്ടായിരുന്ന സമയമായിരുന്നു അത്. എന്റെ അമ്മക്ക് അതൊക്കെ കേട്ട് ടെന്‍ഷനായി. എനിക്ക് നല്ല കല്യാണാലോചന വരുമോ എന്ന് പേടിച്ചു. പട്ടാളത്തിന്റെ റിലീസിന് ശേഷം ആദ്യം വന്ന ആലോചന അവര്‍ ഉറപ്പിച്ചു.

വിവാഹത്തിന് ശേഷം കുടുംബത്തിന് ഇംപോര്‍ട്ടന്‍സ് കൊടുത്തു. തിരിച്ചുവരാന്‍ തീരുമാനിച്ചപ്പോഴും അമ്മക്കായിരുന്നു ടെന്‍ഷന്‍. എന്നാല്‍ തിരിച്ചുവരാന്‍ നല്ല പ്രയാസമായിരുന്നു. ഒരുപാട് അഭിമുഖങ്ങളൊക്കെ കൊടുത്തിരുന്നു. ചിലര്‍ക്ക് ഞാന്‍ അബുദാബിയിലാണെന്ന് അറിയുമ്പോള്‍ നിരാശയായിരുന്നു. രണ്ടാം വരവില്‍ ചെയ്ത നല്ല സിനിമകളിലൊന്നായിരുന്നു തലവന്‍. എന്നാല്‍ ഇന്നും പലര്‍ക്കും ഞാന്‍ പട്ടാളത്തിലെ വിമലയാണ്,’ ടെസ്സ ജോസഫ് പറഞ്ഞു.

Content Highlight: Tessa Joseph about Pattalam movie and her comeback

We use cookies to give you the best possible experience. Learn more