സാന്‍ഫ്രാന്‍സിസ്‌കോ: ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ലയ്‌ക്കെതിരെ വീണ്ടും ലൈംഗിക പീഡനാരോപണം.
ഒരു മാസത്തിനുള്ളില്‍ കമ്പനിക്കെതിരെ രണ്ടാമത് സ്ത്രീ തൊഴിലാളിയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്. മോശമായ, സ്ത്രീ വിരുദ്ധമായ ജോലി സാഹചര്യമാണ് കാര്‍ നിര്‍മാണ കമ്പനിയുടെ അമേരിക്കയിലെ ഫാക്ടറിയിലുള്ളതെന്നാണ് ഫയല്‍ ചെയ്ത ലോസ്യൂട്ടില്‍ ആരോപിക്കുന്നത്.
ടെസ്‌ലയിലെ അസംബ്ലി ലൈന്‍ വര്‍ക്കറായ എറീക ക്ലൗഡ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ടെസ്‌ലയിലെ തന്റെ മുന്‍ മാനേജര്‍ ലൈഗികമായി പീഡിപ്പിച്ചു എന്നാണ് കാലിഫോര്‍ണിയയിലെ അലമെഡ കൗണ്ടി സുപീരിയര്‍ കോടതിയില്‍ ബുധനാഴ്ച ഫയല്‍ ചെയ്ത ലോസ്യൂട്ടില്‍ പറയുന്നത്.
മാനേജര്‍ മോശം വാക്കുകളുപയോഗിച്ച് തന്നെ അപമാനിക്കുകയും സമ്മതമില്ലാതെ ശരീരത്തില്‍ കയറിപ്പിടിക്കുകയും ചെയ്‌തെന്നാണ് ക്ലൗഡിന്റെ പരാതി.
ടെസ്‌ലയുടെ ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇതേക്കുറിച്ച് പരാതി നല്‍കിയതിന് പിന്നാലെ കമ്പനിയിലെ മറ്റ് മാനേജര്‍മാര്‍ തനിക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയാണെന്നും എറീക ക്ലൗഡ് പറയുന്നു.
സംഭവത്തെക്കുറിച്ചുള്ള പ്രതികരണം ചോദിച്ചുകൊണ്ട് തങ്ങള്‍ അയച്ച ഇമെയിലിന് ടെസ്‌ലയില്‍ നിന്നും ഇതുവരെ മറുപടി വന്നിട്ടില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.