|

ട്രംപിനും മസ്‌കിനുമെതിരായ ജനവികാരം; ടെസ്‌ലക്ക് നേരെ ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ശതകോടീശ്വരനും ട്രംപ് ഭരണകൂടത്തിലെ പ്രമുഖനുമായ ഇലോൺ മസ്കിൻ്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്‌ലക്ക് നേരെ ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്.

ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൽ ഇലോൺ മസ്‌കിന്റെ ഇടപെടലിനെതിരായ പ്രതിഷേധം ശക്തമായതോടെ, അമേരിക്കയിലെ ഒരു സർവീസ് സെന്ററിൽ നിരവധി ടെസ്‌ല വാഹനങ്ങൾ പ്രതിഷേധക്കാർ കത്തിച്ചു. ടെസ്‌ല കാറുകൾക്ക് നേരെയുണ്ടാകുന്ന ആക്രമണ പരമ്പരയിലെ ഏറ്റവും പുതിയ റിപ്പോർട്ടാണിത്.

കറുത്ത വസ്ത്രം ധരിച്ച ഒരാൾ ലാസ് വെഗസിലെ ഒരു ടെസ്‌ല സർവീസ് സെന്ററിൽ എത്തുകയും അഞ്ച് വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. അക്രമി ‘റെസിസ്റ്റ്’ എന്ന വാക്ക് സ്ഥാപനത്തിന്റെ മുൻവാതിലിൽ സ്പ്രേ പെയിന്റ് ഉപയോഗിച്ച് എഴുതുകയും ചെയ്തിരുന്നു. സംഭവത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വാഹനങ്ങളുടെ ബാറ്ററികളിൽ തീ പിടിക്കുന്നതിന് മുമ്പ് തീ അണച്ചതിനാൽ വലിയൊരു സ്ഫോടനം തടയാൻ കഴിഞ്ഞെന്ന് അധികാരികൾ പറഞ്ഞു.

ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി തിരിച്ചെത്തിയതിനുശേഷം, ടെസ്‌ല സി.ഇ.ഒ ഇലോൺ മസ്‌ക് അദ്ദേഹത്തിന്റെ കൂടെ സ്ഥിരം സാന്നിധ്യമായിരുന്നു. ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (ഡോഗ്) തലവനായ മസ്‌കും അദ്ദേഹത്തിന്റെ ടെസ്‌ല ബ്രാൻഡും പ്രതിഷേധക്കാരുടെ ലക്ഷ്യമായി മാറിയിരിക്കുമാകയാണ്.

ടെസ്‌ല ഷോറൂമുകൾ, വാഹന ലോട്ടുകൾ, ചാർജിങ് സ്റ്റേഷനുകൾ, സ്വകാര്യ ഉടമസ്ഥ തയിലുള്ള കാറുകൾ എന്നിവയാണ് പ്രതിഷേധക്കാർ ലക്ഷ്യമിടുന്നത്. കാനഡയിൽ, സുരക്ഷാ കാരണങ്ങളാൽ ടെസ്‌ലയെ ഒരു അന്താരാഷ്ട്ര ഓട്ടോ ഷോയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുക്കുകയും സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുന്ന പുതിയ ഗവൺമെന്റ് കാര്യക്ഷമതാ വകുപ്പിന്റെ മേൽനോട്ടം വഹിക്കാൻ മസ്കിന് അധികാരം നൽകുകയും ചെയ്തതിനുശേഷമാണ് ടെസ്‌ലക്ക് നേരെയുള്ള ആക്രമണങ്ങളിൽ വർധനവ് ഉണ്ടായത്.

എ.ബി.സി ന്യൂസ് പ്രകാരം , മാർച്ച് 11ന് മസാച്യുസെറ്റ്സിൽ മൂന്ന് ടെസ്‌ല കാറുകൾ നശിപ്പിക്കപ്പെട്ടു. സി.എൻ.എൻ പ്രകാരം ബോസ്റ്റണിന് പുറത്തുള്ള ഏഴ് ടെസ്‌ല ചാർജിംഗ് സ്റ്റേഷനുകൾ അഗ്നിക്കിരയാക്കപ്പെട്ടു. ന്യൂയോർക്കിൽ, ഒരു ടെസ്‌ല ഷോറൂം കൈവശപ്പെടുത്തിയതിന് ആറ് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ടെസ്ല ഡീലർഷിപ്പുകൾക്കു നേരെയുണ്ടായ ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് കൊളറാഡോയിലെ ഒരു സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടെസ്‌ല വാഹനങ്ങൾക്കു നേരെ കോക്ടെയിലുകൾ എറിഞ്ഞതിനും കെട്ടിടത്തിൽ ‘നാസി കാറുകൾ’ എന്ന് സ്പ്രേ പെയിന്റ് ചെയ്തതിനുമായിരുന്നു നടപടി.

തന്റെ കാറുകൾക്ക് നേരെയുള്ള ആക്രമണങ്ങളെ മസ്‌ക് അപലപിച്ചു.

ഒബാമ ഭരണകാലത്ത് 465 മില്യൺ ഡോളറിന്റെ ഫെഡറൽ വായ്പയിലൂടെ ലാഭം നേടാൻ സഹായിച്ച ഈ കമ്പനി ഇലക്ട്രിക് വാഹനങ്ങൾ ജനപ്രിയമാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. എന്നാൽ അടുത്തിടെ, മസ്‌ക് വലതുപക്ഷവുമായി സഖ്യത്തിലേർപ്പെട്ടു. ട്രംപിന്റെ 2024 ലെ റിപ്പബ്ലിക്കൻ പ്രചാരണം വർധിപ്പിക്കുന്നതിനായി അദ്ദേഹം ഏകദേശം 250 മില്യൺ ഡോളർ ചെലവഴിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ട്രംപ് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആഴ്ചകളിൽ ടെസ്‌ല ഓഹരി മൂല്യം ഇരട്ടിയായി. സാധാരണ വാഹനങ്ങൾ പ്രോത്സാഹിപ്പിച്ചിരുന്ന പ്രസിഡന്റ്, ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ചുള്ള തന്റെ മുൻകാല കടുത്ത വിമർശനങ്ങൾ ഒഴിവാക്കി, 80,000 ഡോളറിന്റെ മോഡൽ എസ് വാങ്ങുമെന്ന് പറഞ്ഞിരുന്നു.

പക്ഷേ അതിനുശേഷം ആ നേട്ടങ്ങളെല്ലാം നഷ്ടപ്പെട്ടു. ട്രംപ് അധികാരത്തിലേറിയ സമയത്ത് ഉയർന്നിരുന്ന ടെസ്‌ലയുടെ ഓഹരികൾ ഇപ്പോൾ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ട്രംപ് അധികാരമേറ്റതിനുശേഷം ഉപയോഗിച്ച സൈബർട്രക്കിന്റെ വില ഏകദേശം എട്ട് ശതമാനം കുറഞ്ഞു. ഇത് ഡിമാൻഡ് കുറയുന്നതിന്റെ സൂചനയാനിന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഡിസംബർ മുതൽ മസ്കിന് 100 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായെന്നും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ ടെസ്‌ലയുടെ ഓഹരികൾ അതിന്റെ സഹകമ്പനികളേക്കാൾ കൂടുതൽ ഇടിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനിടെ ഓഹരികളിൽ 33% ത്തിലധികം ഇടിവ് രേഖപ്പെടുത്തി.

ടെസ്‌ല ബ്രാൻഡിനോടുള്ള വർദ്ധിച്ചുവരുന്ന വെറുപ്പാണ് ജനുവരിയിൽ യൂറോപ്പിൽ ടെസ്‌ലയുടെ പുതിയ വാഹന വിൽപ്പനയിൽ ഏകദേശം 50% ഇടിവുണ്ടായത്തിന് കാരണമെന്ന് ബാങ്ക് ഓഫ് അമേരിക്കയിലെ വിശകലന വിദഗ്ധർ തിങ്കളാഴ്ച ഒരു റിപ്പോർട്ടിൽ എഴുതി.

ജനുവരിയിൽ ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനുശേഷം, ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള യു.എസിലെ ചെലവ് ചുരുക്കല്‍ പദ്ധതിയുടെ ഭാഗമായി സർക്കാർ ഫെഡറൽ ഗവേഷണ ഫണ്ടിങ് വെട്ടിക്കുറയ്ക്കുകയും ആരോഗ്യ, കാലാവസ്ഥാ ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തിരുന്നു. ഫെഡറല്‍ തൊഴിലാളികളെ വെട്ടിക്കുറക്കാനുള്ള നയത്തിന്റെ ഭാഗമായി സൈന്യത്തിലടക്കമുള്ള 5400 പ്രൊബേഷണറി ജീവനക്കാരെ ട്രംപ് പിരിച്ചുവിടാനൊരുങ്ങിയിരുന്നു. 950,000 സിവില്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിടാനുള്ള പദ്ധതിക്കായിരുന്നു ട്രംപ് അംഗീകാരം നല്‍കിയത്.

വിദേശ സഹായത്തിലും സാമ്പത്തിക മേല്‍നോട്ടവകുപ്പിലുമടക്കം 20000ലധികം തൊഴിലാളികളെയും നേരത്തെ പിരിച്ചുവിട്ടിരുന്നു. അമേരിക്കന്‍ സൈന്യത്തിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനെയും ട്രംപ് പുറത്താക്കിയിരുന്നു. ജനറല്‍ സി ക്യൂ ബ്രൗണ്‍ ജൂനിയറിനെയാണ് പുറത്താക്കിയത്.

കൂടാതെ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ മൂന്ന് ഓഫീസുകള്‍ അടച്ചുപൂട്ടാനും ചീഫ് സയന്റിസ്റ്റ് കാതറിന്‍ കാല്‍വിനെയടക്കം 22 പേരെ പിരിച്ച് വിടാനും ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു.

ഇതിന് പിന്നാലെയാണ് മസ്കിനും ട്രംപിനുമെതിരെ വിമർശനങ്ങൾ ഉയർന്നതും മസ്‌ക് വിരുദ്ധത ടെസ്‌ലയിലേക്കുള്ള ആക്രമണങ്ങളിലേക്ക് നയിച്ചതും.

Content Highlight: Tesla cars torched,owners data leaked:Anti-Musk protests escalate in the US

Video Stories