ന്യൂദല്‍ഹി: ഇന്ത്യയില്‍ ഭീകരാക്രമണം കുറച്ചുവെന്ന വസ്തുതാ വിരുദ്ധ അവകാശവാദവുമായി പ്രധാനമന്ത്രിയുടെ ഓഫീസ്. ഇന്ത്യയില്‍ ഭീകരവാദവും ഭീകരവാദികളുടെ എണ്ണവും കുറഞ്ഞുവെന്നും അത് ഇനിയും കുറയ്ക്കാന്‍ കഴിയുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വിറ്റ്. ഇത് സംബന്ധിച്ച് ഇന്നലെയാണ് ട്വീറ്റ് ചെയ്തത്.
“ഭീകരവാദികളും ഭീകരവാദവും കുറച്ചു. അത് ഇനിയും കുറക്കാം. ഇത് പുതിയൊരു ഇന്ത്യയാണ്. ഭീകരവാദികള്‍ ഉണ്ടാക്കിയ നഷ്ടം കുറക്കുന്നതാണ് പുതിയ ഇന്ത്യ” എന്നതായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വീറ്റ്.
Influence of terrorists and terrorism has been curtailed and it is going to be curtailed even more.
This is a New India.
This is an India that will return the damage done by terrorists with interest: PM
— PMO India (@PMOIndia) March 1, 2019
എന്നാല്‍ പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോയുടെ കണക്കുപ്രകാരം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചതായി കാണാം. കഴിഞ്ഞ മൂന്ന് വര്‍ഷം രാജ്യത്ത് ഉണ്ടായിട്ടുള്ള ഭീകരപ്രവര്‍ത്തനങ്ങളുടെയും അതില്‍ കൊല്ലപ്പെട്ട സൈനികരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഭീകരവാദികളുടെയും കണക്കാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുറത്തു വിട്ടിരിക്കുന്നത്.
ഇത് പ്രകാരം രാജ്യത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ 2015 ല്‍ ഒരു ഭീകരാക്രമണത്തില്‍ മൂന്ന് സൈനികരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. എന്നാല്‍ 2016 ല്‍ നടന്ന ഒരു ഭീകരാക്രമണത്തില്‍ ഒരു സൈനികനും ഏഴ് സുരക്ഷാ ഉദ്യോഗസ്ഥരും നാല് തീവ്രവാദികളുമാണ് കൊല്ലപ്പെട്ടു.
ജമ്മു കശ്മീരില്‍ നടന്ന ഭീകരാക്രമണങ്ങളുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ 2015 ല്‍ 208 ഭീകരാക്രമണത്തില്‍ 17 സൈനികരും 39 സുരക്ഷാ ഉദ്യോഗസ്ഥരും 108 തീവ്രവാദികളും കൊല്ലപ്പെട്ടു.
2016 ല്‍ നടന്ന 322 ഭീകരാക്രമണത്തില്‍ 15 സൈനികനും 82 സുരക്ഷാ ഉദ്യോഗസ്ഥരും 150 തീവ്രവാദികളുമാണ് കൊല്ലപ്പെട്ടത്. എന്നാല്‍ 2017ല്‍ 342 ഭീകരാക്രമണത്തില്‍ 40 സൈനികനും 80 സുരക്ഷാ ഉദ്യോഗസ്ഥരും 213 തീവവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.
2018 ജൂണ്‍വരെയുള്ള കണക്ക് പ്രകാരം 231 ഭീകരാക്രമണത്തില്‍ 16 സൈനികരും 42 സുരക്ഷാ ഉദ്യോഗസ്ഥരും 100 തീവ്രവാദികളും കൊല്ലപ്പെട്ടു.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ 2015ല്‍ 574 സായുധകലാപങ്ങളില്‍ 46 സൈനികരും 46 സുരക്ഷാ ഉദ്യോഗസ്ഥരും 149 ഭീകരവാദികളുമാണ് കൊല്ലപ്പെട്ടത്.
2016 ല്‍ 484 സായുധകലാപങ്ങളില്‍ 48 സൈനികരും 17 സുരക്ഷാ ഉദ്യോഗസ്ഥരും 87 ഭീകരവാദികളും കൊല്ലപ്പെട്ടു.
2017ല്‍ 308 സായുധകലാപങ്ങളില്‍ 37 സൈനികരും 12 സുരക്ഷാ ഉദ്യോഗസ്ഥരും 57 ഭീകരവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.
2018 ല്‍ ജൂണ്‍വരെയുള്ള കണക്കു പ്രകാരം 134 സായുധകലാപങ്ങളില്‍ 15 സൈനികരും 10 സുരക്ഷാ ഉദ്യോഗസ്ഥരും 13 ഭീകരവാദികളുമാണ് കൊല്ലപ്പെട്ടത്.