കടല്‍മാര്‍ഗമെത്തി ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന് നാവികസേനാ മേധാവി
India-Pak relation
കടല്‍മാര്‍ഗമെത്തി ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കുന്നുണ്ടെന്ന് നാവികസേനാ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th March 2019, 3:37 pm

 

ന്യൂദല്‍ഹി: കടല്‍ മാര്‍ഗം ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഭീകരവാദികള്‍ക്ക് പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് നാവിക സേനാ മേധാവി അഡ്മിറല്‍ സുനില്‍ ലംബയുടെ മുന്നറിയിപ്പ്. ദല്‍ഹിയില്‍ ഇന്തോ-പെസഫിക് റീജിയണല്‍ ഡയലോഗിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ താല്‍പര്യപ്പെടുന്ന രാജ്യം സഹായം നല്‍കിയ ഭീകരരാണ് പുല്‍വാമ ഭീകരാക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

” പലവിധത്തില്‍ ആക്രമണം നടത്താന്‍ ഭീകരവാദികള്‍ക്ക് പരിശീലനം നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കടല്‍ മാര്‍ഗം അടക്കം.” അദ്ദേഹം പറഞ്ഞു.

26/11 ഭീകരാക്രമണം നടത്തിയത് ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭീകരവാദികളാണ്. അവര്‍ മുംബൈയിലെത്തിയത് ഇന്ത്യന്‍ മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്താണ്.

അതേസമയം, പാക്കിസ്ഥാനിലേക്ക് ഇന്ത്യന്‍ മുങ്ങിക്കപ്പല്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചെന്ന ആരോപണവുമായി പാക് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. “മുങ്ങിക്കപ്പലിനെ തടയാന്‍ പാക് നാവിക സേന അതിന്റെ കഴിവുകള്‍ പുറത്തെടുത്തു. പാക്കിസ്ഥാനി നാവിക പരിധിയിലേക്ക് കടക്കുന്നതില്‍ നിന്നും അതിനെ തടഞ്ഞു.” എന്നാണ് പാക് നാവികസേനാ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്.

Also read:കേരളത്തിലെ ആദ്യത്തെ വനിതാ കഥകളി സംഘത്തിന് 44 വയസ്; കേരള കലാമണ്ഡലത്തില്‍ കഥകളിയിലിന്നും സ്ത്രീകള്‍ക്ക് അയിത്തം

സമാധാനം നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ നടപടികളെ നാവിക സേനയും പിന്താങ്ങുന്നു. അതിനാല്‍ ഇന്ത്യന്‍ മുങ്ങിക്കപ്പലിനെ ലക്ഷ്യമിട്ടില്ലെന്നും നാവിക സേനാ വക്താവ് അവകാശപ്പെട്ടിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും ഇടയില്‍ സംഘര്‍ഷം ഉടലെടുത്ത സാഹചര്യത്തിലാണ് ഇത്തരമൊരു വാര്‍ത്തകള്‍ പുറത്തുവരുന്നത്.

ഫെബ്രുവരി 27ന് പാക്കിസ്ഥാനിലെ ബാലാകോട്ടിലെ ഭീകരതാവളം ലക്ഷ്യമിട്ട് ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ പാക്കിസ്ഥാന്‍ ഇന്ത്യന്‍ യുദ്ധവിമാനം തകര്‍ക്കുകയും പൈലറ്റിനെ തടവിലാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സമാധാനം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി പൈലറ്റിനെ വിട്ടുനല്‍കുമെന്ന് പാക്കിസ്ഥാന്‍ പിന്നീട് അറിയിക്കുകയും വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമനെ വിട്ടുനല്‍കുകയുമായിരുന്നു.