ശ്രീലങ്കയിലെ സ്‌ഫോടനം; കൊച്ചിയെ ഭീകരര്‍ ലക്ഷ്യമിട്ടേക്കാം; സുരക്ഷ മുന്നറിയിപ്പുമായി പൊലീസ്
Kerala News
ശ്രീലങ്കയിലെ സ്‌ഫോടനം; കൊച്ചിയെ ഭീകരര്‍ ലക്ഷ്യമിട്ടേക്കാം; സുരക്ഷ മുന്നറിയിപ്പുമായി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th April 2019, 9:04 am

എറണാകുളം: ശ്രീലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും സുരക്ഷാ മുന്നറിയിപ്പുമായി പൊലീസ്. ശ്രീലങ്കയ്ക്ക് പിന്നാലെ ഇന്ത്യയിലും ഭീകരാക്രമണം നടന്നേക്കാമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ ഭാഗമായാണ് കൊച്ചിയില്‍ സുരക്ഷ വര്‍ധിപ്പിച്ചത്.

വിനോദ സഞ്ചാരികളായ വിദേശികള്‍ ഉള്‍പ്പടെ എത്തുന്ന ഹോംസ്റ്റേകളും ഹോട്ടലുകളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഇവിടെ താമസിക്കുന്നവരുടെ വിവരങ്ങള്‍ എല്ലാ ദിവസവും രാവിലെ പൊലീസിന് ഇ-മെയില്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

പൊലീസുമായി സഹകരിക്കാത്ത സ്ഥലങ്ങളില്‍ പെലീസ് പരിശോധനയുണ്ടാവും. എന്തെങ്കിലും അസ്വാഭാവികമായി കണ്ടാല്‍ പൊലീസിനെ അറിയിക്കാന്‍ ഫോണ്‍ നമ്പറുകളും പൊലീസ് പുറത്തിറക്കിയിട്ടുണ്ട്.

0484 2215055, 9497980406 എന്നീ നമ്പറുകളിലാണ് വിവരമറിയിക്കേണ്ടത്. അതേസമയം ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ കൊച്ചിയില്‍നിന്ന് എന്‍.ഐ.എ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കര്‍ എന്നയാളാണ് അറസ്റ്റിലായത്.

കേരളത്തില്‍ ചാവേര്‍ ആക്രമണത്തിന് റിയാസ് പദ്ധതി ഇട്ടിരുന്നെന്നും ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ ആസൂത്രകന്‍ സഹ്‌റാന്‍ ഹാഷിമിന്റെ ആരാധകന്‍ ആയിരുന്നു റിയാസെന്നും എന്‍.ഐ.എ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണവുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന് എന്‍.ഐ.എ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും ആളുകളെ പോയതുമായി ബന്ധപ്പെട്ട് ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍.ഐ.എ പറയുന്നു. ഇന്ത്യയില്‍ നിന്ന് ഐ.എസിലേക്ക് പോയ ചിലര്‍ റിയാസുമായി ബന്ധപ്പെട്ടതായി ചോദ്യം ചെയ്യലില്‍ വിവരം ലഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ശ്രീലങ്കയില്‍ 250 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസര്‍േഗാഡ് എന്‍.ഐ.എ ഇന്ന് രാവിലെ റെയ്ഡ് നടത്തിയിരുന്നു. വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്.

ഇരുവീടുകളില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ ചോദ്യം ചെയ്യലിനായി കൊച്ചി എന്‍.ഐ.എ ഓഫീസില്‍ ഹാജരാകാനും ഇവരോട് നിര്‍ദേശിച്ചിരുന്നു. ഇവരും സഹ്റാന്‍ ഹാഷിമിന്റെ ആശയങ്ങളില്‍ ആകൃഷ്ടരായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
DoolNews Video