| Tuesday, 26th September 2023, 9:01 am

'തീവ്രവാദികൾ കാനഡയിൽ സുരക്ഷിത താവളം കണ്ടെത്തിയിരിക്കുന്നു'; ട്രൂഡോക്കെതിരെ വിമർശനവുമായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: കാനഡയിൽ തീവ്രവാദികൾ സുരക്ഷിതമായ താവളം കണ്ടെത്തിയിരിക്കുകയാണെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തെളിവുകളില്ലാതെ കൊടിയ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സബ്റി.

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീലങ്കൻ വിദേശകാര്യ മന്ത്രിയുടെ പരാമർശം.

ട്രൂഡോ അതിരുകടന്ന ആരോപണങ്ങൾ ഉന്നയിക്കുന്ന ആളായതുകൊണ്ട് തനിക്ക് ഇപ്പോഴത്തെ ആരോപണങ്ങളിൽ അതിശയമില്ലെന്നും ശ്രീലങ്കയിൽ വംശഹത്യ നടക്കുന്നുവെന്ന് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ അലി സബ്റി പറഞ്ഞു.

‘ചില തീവ്രവാദികൾ കാനഡയിൽ സുരക്ഷിതമായ താവളം കണ്ടെത്തിക്കഴിഞ്ഞു. യാതൊരു തെളിവുകളുമില്ലാതെ ഇത്തരം കൊടിയ ആരോപണങ്ങളുമായി വരുന്നത് കാനഡ പ്രധാനമന്ത്രിയുടെ രീതിയാണ്. ശ്രീലങ്കക്കെതിരെയും ഇതുപോലെ ഉണ്ടായിട്ടുണ്ട്. ശ്രീലങ്കയിൽ വംശഹത്യ നടക്കുകയാണെന്ന് പച്ചക്കള്ളം പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ രാജ്യത്ത് വംശഹത്യ ഉണ്ടായിട്ടില്ലെന്ന് എല്ലാവർക്കും അറിയാം,’ അദ്ദേഹം പറഞ്ഞു.

‘രണ്ടാം ലോകമഹായുദ്ധത്തിൽ നാസികളുമായി ചേർന്ന് പ്രവർത്തിച്ച ആൾക്ക് ട്രൂഡോ നിറഞ്ഞ കൈയടികൾ നൽകുന്നത് ഞാൻ കണ്ടു. ഇത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. മുമ്പും നമ്മൾ ഇത് നേരിട്ടിട്ടുള്ളതാണ്. അതിരുകടന്ന ആരോപണങ്ങളുമായി പ്രധാനമന്ത്രി ട്രൂഡോ മുന്നോട്ട് വരുന്നതിൽ എനിക്ക് അത്ഭുതമൊന്നുമില്ല,’ അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 22ന് കാനഡയുടെ പാർലമെന്റിൽ ഉക്രൈനിയൻ പ്രസിഡന്റ വ്ലാദിമിർ സെലൻസ്കിയുടെ പ്രസംഗത്തിനിടയിൽ, രണ്ടാം ലോക മഹായുദ്ധത്തിൽ ആദ്യ ഉക്രൈനിയൻ ഡിവിഷനിൽ സേവനം നടത്തിയ യരോസ്ലാവ് ഹങ്ക എന്ന ഉക്രൈൻ പൗരന് കാനഡയുടെ ഹൗസ് ഓഫ് കോമൺസ് സ്പീക്കർ ആദരം നൽകിയിരുന്നു. നാസികളുമായി ചേർന്ന് പ്രവർത്തിച്ച ഇയാൾക്ക് ആദരം നൽകിയതിന് കാനഡക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

ട്രൂഡോയുടെ വംശഹത്യ പരാമർശം കാനഡ-ശ്രീലങ്ക ബന്ധത്തെ ബാധിച്ചുവെന്നും സബ്റി പറഞ്ഞു.
‘അത് ശരിക്കും ഞങ്ങളുടെ ബന്ധത്തെ ബാധിച്ചു. കാനഡയുടെ വിദേശകാര്യ മന്ത്രാലയത്തിന് വ്യത്യസ്തമായ നിലപാടാണ് ഉണ്ടായിരുന്നത്. ആഗോളകാര്യ മന്ത്രാലയം വളരെ വ്യക്തമായി ശ്രീലങ്കയിൽ വംശഹത്യ ഉണ്ടായിട്ടില്ല എന്ന് പറഞ്ഞപ്പോൾ ട്രൂഡോ ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ വംശഹത്യ നടന്നിട്ടുണ്ട് എന്ന് തന്നെ പറഞ്ഞു. ഇതിൽ തന്നെ വൈരുധ്യമുണ്ട്, സബ്റി പറഞ്ഞു.

ഒരു രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടരുത് എന്നും കാനഡ പ്രധാനമന്ത്രിയോട് അദ്ദേഹം പറഞ്ഞു.

Content Highlight: Terrorists Found Safe Haven In Canada says Sri Lankan Minister against Trudeau amidst India Canada row

We use cookies to give you the best possible experience. Learn more