| Wednesday, 18th September 2019, 11:11 pm

'ഭീകരര്‍ ചന്ദ്രനില്‍ നിന്നല്ല, അയല്‍രാജ്യത്തു നിന്നു വന്നവരാണ്'; ഇന്ത്യ ഏറ്റവും മികച്ച ജനാധിപത്യ രാജ്യമെന്നും യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബ്രസ്സല്‍സ്: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ പിന്തുണച്ചും പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചും യൂറോപ്യന്‍ യൂണിയന്‍ എം.പിമാര്‍. ഇന്ത്യ മികച്ച ജനാധിപത്യ രാജ്യമാണെന്നും പാക്കിസ്ഥാന്‍ ഭീകരര്‍ക്കു സംരക്ഷണം നല്‍കുകയാണെന്നുമായിരുന്നു യൂറോപ്യന്‍ യൂണിയന്‍ എം.പിമാരായ റൈസാര്‍ഡ് സാര്‍നെക്കിയുടെയും ഫുള്‍വിയോ മാര്‍ട്ടസെല്ലോയുടെയും നിരീക്ഷണങ്ങള്‍.

യൂറോപ്യന്‍ പാര്‍ലമെന്റിലെ പ്ലീനറി സമ്മേളനത്തില്‍ നടന്ന പ്രത്യേക സെഷനിലാണ് കശ്മീര്‍ വിഷയം ഇന്നലെ ചര്‍ച്ച ചെയ്തത്.

സാര്‍നെക്കിക്കു പുറമേ പോളണ്ടിലെ യൂറോപ്യന്‍ കണ്‍സര്‍വേറ്റീവുകളും റിഫോമിസ്റ്റുകളും ഇന്ത്യയെ ലോകത്തിലെ മികച്ച ജനാധിപത്യ രാജ്യമെന്നാണു വിശേഷിപ്പിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇന്ത്യ ലോകത്തിലെ മികച്ച ജനാധിപത്യരാജ്യമാണ്. ഇന്ത്യയിലും ജമ്മു കശ്മീരിലും നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങളാണു നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ഈ ഭീകരര്‍ ചന്ദ്രനില്‍ നിന്നു വന്നവരല്ല. അവര്‍ അയല്‍രാജ്യത്തു നിന്നു വന്നതാണ്. നമ്മള്‍ ഇന്ത്യ പിന്തുണയ്‌ക്കേണ്ടിയിരിക്കുന്നു.’- സാര്‍നെക്കി പറഞ്ഞു.

ആണവായുധങ്ങള്‍ ഉപയോഗിക്കുമെന്ന പാക്കിസ്ഥാന്റെ ഭീഷണി യൂറോപ്യന്‍ യൂണിയനും ഭീഷണിയാണെന്ന് മാര്‍ട്ടസെല്ലോ പറഞ്ഞു. ഇറ്റലിയിലെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ് അംഗമാണ് മാര്‍ട്ടസെല്ലോ.

പാക്കിസ്ഥാന്‍ യൂറോപ്പിലും ഭീകരാക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. പാക്കിസ്ഥാന്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്ന സ്ഥലമാണെന്നും അദ്ദേഹത്തിന്റെ ആരോപണത്തിലുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ പ്രശ്‌നം കൂടാന്‍ ആരും അനുവദിക്കരുതെന്നായിരുന്നു ചര്‍ച്ച തുടങ്ങവെ യൂറോപ്യന്‍ യൂണിയന്‍ മന്ത്രി ടൈറ്റി ടപ്പുറൈനന്‍ പറഞ്ഞത്. ചര്‍ച്ചയിലൂടെ ഇരുരാജ്യങ്ങളും പ്രശ്‌നങ്ങള്‍ പരിഹരിക്കണം. രാഷ്ട്രീയ പരിഹാരമാണു വേണ്ടത്. അതിന് കശ്മീരി ജനതയുടെ താത്പര്യങ്ങളെ ബഹുമാനിക്കണമെന്നും അവര്‍ പറഞ്ഞു.

കാലങ്ങളായി നിലനില്‍ക്കുന്ന അസ്ഥിരതയും പ്രദേശത്തെ അരക്ഷിതാവസ്ഥയും പരിഹരിക്കാനുള്ള ഏകമാര്‍ഗം ഇതാണെന്നും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഫെഡറിക മോഘറിനിക്കു വേണ്ടി സംസാരിച്ച ടൈറ്റി പറഞ്ഞു.

We use cookies to give you the best possible experience. Learn more