|

ഔറംഗസേബിനെ വധിച്ച ഭീകരന്‍ അടക്കം മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: സൈനികന്‍ ഔറംഗസേബിനെ വധിച്ച ഭീകരന്‍ അടക്കം മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരര്‍ സൈനിക ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ പുല്‍വാമയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

പുല്‍വാമയിലെ അവന്തിപ്പോരയില്‍ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തു നിന്ന് തന്നെ കണ്ടെടുത്തു.

ഷൗക്കത്ത് ദാര്‍, ഇര്‍ഫാന്‍ വാര്‍, മുസാഫര്‍ ഷെയ്ഖ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടവരെല്ലാം ഹിസ്ബുള്‍ മൂജാഹിദിന്‍ ഭീകരരാണെന്ന് പൊലീസ് പറഞ്ഞു.

പോലീസ് രേഖകള്‍ പ്രകാരം ഷൗക്കത്ത ദാര്‍ ആ പ്രദേശത്ത് ഭീകരാക്രമണ പരമ്പര ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതില്‍ ഉള്‍പ്പെടുന്നയാളാണ്.

2018 ല്‍ ഔറംഗസേബിനെ വധിച്ച സംഘത്തില്‍ ദാര്‍ ഉള്‍പ്പെട്ടിരുന്നെന്നും കൂടാതെ പൊലീസുകാരനായ അഖീബ് അഹമ്മദ് വാഖെ കൊല്ലപ്പെട്ട സംഘത്തിലും ഇയാള്‍ പ്രതിയാണെന്നും ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.