ശ്രീനഗര്‍: ശ്രീനഗറിലെ ആശുപത്രിക്കു പുറത്തു നടന്ന ഭീകരാക്രമണത്തിനിടെ രക്ഷപ്പെട്ട കുപ്രസിദ്ധ ഭീകരന് നവീദ് ജാട്ട് എന്ന അബു ഹന്സുള്ളയുടെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കശ്മീര്‍ താഴ്വരയിലെ വനത്തില്‍വച്ച് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ നവീദ് ആശ്ലേഷിക്കുന്ന വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്.
തോക്കേന്തിയ ഭീകരന്മാരാണ് ദൃശ്യങ്ങളിലുള്ളത് എന്നാല്‍ വീഡിയോ യാഥാര്‍ത്ഥ്യമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഈ വീഡിയോയെ പറ്റി പ്രതികരിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും ആധികാരിക പരിശോധിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നതെന്നും പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
തെക്കന്‍ കശ്മീരിലെ വനപ്രദേശത്തുവച്ചാകാം വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നാണ് സൂചന. കഴിഞ്ഞ മാസം ആറിനാണ് കശ്മീരിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ ആക്രമണം നടത്തി ഭീകരര്‍ ഇയാളെ രക്ഷപ്പെടുത്തിയത്.
പാക്ക് പൗരന്മാര് ഉള്‍പ്പെടെ ആറു തടവുകാരുമായി കശ്മീരിലെ ആശുപത്രിയില്‍ മെഡിക്കല്‍ ചെക്കപ്പിനെത്തിയ പൊലീസ് സംഘത്തെയാണ് ഭീകരര്‍ ആക്രമിച്ചത്. ഒരു പൊലീസുകാരന് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രണ്ടാമന് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.
വെടിവയ്പിനിടെ പാക്ക് തടവുകാരന് അബു ഹാന്‍സുള്ള രക്ഷപ്പെട്ടിരുന്നു. ഏതാനും മാസം മുന്‍പു ഷോപിയാനില്‍ സൈന്യം നടത്തിയ തിരിച്ചിലില്‍ പിടികൂടിയ ഭീകരനായിരുന്നു നവീദ്. ആക്രമണം നടത്തിയ ഭീകരര്‍ക്കായും തിരച്ചില്‍ തുടരുന്നതിനിടെയാണ് വീഡിയോ പുറത്ത് വന്നത്.
നവീദ് ഉള്‍പ്പെടെ ആറു തടവുകാരുമായി പൊലീസ് സംഘം ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.