ലണ്ടന്‍ : ലോകത്തിലെ ഏറ്റവും മനോഹരമായ കായികമേളയ്ക്ക് ലണ്ടനില്‍ തിരിതെളിയുമ്പോഴും അത്ര സുഖകരമല്ലാത്ത ചില വാര്‍ത്തകള്‍ ലണ്ടനെ ചുറ്റിപ്പറ്റി കേള്‍ക്കുന്നുണ്ട്. ഭയപ്പാടോടെ ലോകരാജ്യങ്ങള്‍ കാണുന്ന ഭീകരാക്രമണ ഭീഷണിയിലാണ് ലണ്ടന്‍ എന്നാണ് ലഭിച്ചിരിക്കുന്ന പുതിയ വിവരം.[]
ലണ്ടനിലെ ഒളിമ്പിക്‌സ് വേദിയെ ലക്ഷ്യം വെച്ചുകൊണ്ട് പല ഭീകരസംഘടനകളും പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന വാര്‍ത്തയാണ് കഴിഞ്ഞ കുറച്ചുദിവസമായി ഒളിമ്പിക്‌സ് ഗ്രാമത്തില്‍ നിന്നും കേള്‍ക്കുന്നത്. എന്നാല്‍ സംഘടന ഏതെന്നോ എന്തുതരം ഭീഷണിയാണെന്നോ വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
ലണ്ടനില്‍ മുന്‍പു നടന്ന ഒളിമ്പിക്‌സിലും ചില ഭീകരസംഘടനകളുടെ ഭാഗത്തുനിന്നും ആക്രമണ സൂചന ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണത്തേത് അതിനെ അപേക്ഷിച്ച് കൂടുതലാണെന്ന് ബ്രിട്ടിഷ് ഒളിമ്പിക് അസോസിയേഷന്‍ മുന്‍ ചെയര്‍മാനും ഇപ്പോഴത്തെ രാജ്യാന്തര ഒളിംപിക് കമ്മിറ്റി എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗവുമായ ക്രെയ്ഗ് റീഡി പറയുന്നു.
സുരക്ഷാ ഭീഷണികളെ ലണ്ടന്‍ അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും യാതൊരു രീതിയിലുള്ള അനിഷ്ടസംഭവങ്ങളും ലണ്ടനില്‍ ഉണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഒളിമ്പിക്‌സിനു സുരക്ഷാഭടന്മാരെ നല്‍കാമെന്നേറ്റ സ്വകാര്യ ഏജന്‍സി ആവശ്യപ്പെട്ട അംഗങ്ങളുടെ പകുതി പോലും നല്‍കിയില്ലെന്നത് സംഘാടകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.