[]മുംബൈ: മധുര കേന്ദ്രീകരിച്ച് ദക്ഷിണേന്ത്യയില്‍ വന്‍ ആക്രമണം നടത്താന്‍ പാക് തീവ്രവാദികള്‍ ഒരുങ്ങുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. []
ഇതിനായി പാകിസ്ഥാനിലെ ട്രെയിനിംഗ് ക്യാംപില്‍ എട്ട് ലഷ്‌കര്‍ ത്രീവവാദികള്‍ക്ക് പരിശീലനം നല്‍കിവരുന്നതായി മഹാരാഷ്ട്ര പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചു.
ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. തീവ്രവാദികളില്‍ നാല്‌പേര്‍ പഞ്ചാബികളാണെന്നും മറ്റുള്ളവര്‍ കാശ്മീരികളുമാവാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശ്രീലങ്കയിലെ ജാഫ്‌ന കേന്ദ്രമാക്കി തമിഴ്‌നാട്ടിലെ മധുരയിലോ മയിലാഡുതുരയിലോ ആവാം ആക്രമണമെന്നാണ് സൂചന. ഏതാനും മാസങ്ങള്‍ക്കകം തന്നെ ആക്രമണം ഉണ്ടായേക്കുമെന്നും അതിനാല്‍ തന്നെ സുരക്ഷാ ഏജന്‍സികള്‍ ജാഗ്രത പാലിക്കണമെന്നും ഇന്റലിന്‍ജന്‍സ് റിപ്പോര്‍ട്ടിലുണ്ട്. മുംബൈ പോലീസ് ഇതു സംബന്ധിച്ച് കിട്ടാവുന്ന പരമാവധി വിവരങ്ങള്‍ ശേഖരിക്കുകയാണ്.
ആക്രമണത്തിനായി തീവ്രവാദ സേന ഒരുങ്ങിക്കഴിഞ്ഞെന്നും സുരക്ഷാ സംവിധാനങ്ങള്‍ പോലീസ് കര്‍ശനമാക്കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
അടുത്തിടെ ശ്രീലങ്കന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് തിരുവനന്തപുരത്തും മുംബൈയിലും സന്ദര്‍ശനം നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ഇവര്‍ പാകിസ്ഥാന്‍ പൗരന്‍മാരാണെന്നാണ് സംശയം. ശ്രീലങ്കന്‍ മത്സ്യതൊഴിലാളികളുടെ വേഷത്തില്‍ കടല്‍കടന്ന് ആക്രമണം നടത്താനാണ് ലഷ്‌ക്കര്‍ ഇ തോയിബ പദ്ധതിയിടുന്നതെന്നാണ് മുംബൈ പോലീസിന് ലഭിച്ച വിവരം.
ലഷ്‌കര്‍ ഇ തോയിബക്ക് പുറമെ, ബാബര്‍ ഖാല്‍സ ഇന്റര്‍നാഷണല്‍, ജൈഷ ഇ മൊഹമ്മദ്, ജമത്ത് ഉദ് ദവാ, ലഷ്‌കര്‍ ഇ ജാന്‍ഗ്വി, അല്‍ ഉമര്‍ മുജാഹിദീന്‍, ഹിസുള്ള മുജാഹിദീന്‍ എന്നീ ത്രീവ്രവാദി സംഘടനകള്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ഒത്തു ചേര്‍ന്നതായും മുന്നറിയിപ്പുണ്ട്.
അതേസമയം പതാക താഴ്ത്തല്‍ ചടങ്ങിനിടെ വാഗ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറ്റം നടത്താനും തീവ്രവാദികള്‍ ശ്രമിച്ചേക്കുമെന്ന് സൂചനയുണ്ട്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സേനയെ സുസജ്ജമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു.