| Sunday, 23rd October 2022, 11:09 pm

ലഹരിമരുന്ന് വിതരണത്തിന് പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് സുരേഷ് ഗോപി; പരാമര്‍ശം ആര്‍.എസ്.എസ്-ക്രൈസ്തവ സംഘടനയുടെ ചടങ്ങില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രാജ്യത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്നതിന് പിന്നില്‍ തീവ്രവാദ സംഘടനകളെന്ന് ബി.ജെ.പി നേതാവും ചലച്ചിത്ര താരവുമായ സുരേഷ് ഗോപി. ആര്‍.എസ്.എസ്-ക്രൈസ്തവ കൂട്ടായ്മയിലുള്ള പുതിയ സംഘടനയായ സണ്‍ ഇന്ത്യ-സേവ് അവര്‍ നേഷന്റെ (SUN INDIA- SAVE OUR NATION) സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഈ കാലഘട്ടത്തില്‍ തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറി. രാജ്യത്ത് ലഹരി മരുന്ന് വിതരണം വര്‍ധിപ്പിക്കാനും വികസനത്തിന്റെ കുതിപ്പിനെ തടയാനുമാണ് തീവ്രവാദ സംഘടനകളുടെ ഇപ്പോഴത്തെ ശ്രമം. ലഹരി മാഫിയക്കെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.

രാജ്യത്തെ തകര്‍ക്കാന്‍ കുടുംബത്തെ തകര്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഒരു കുഞ്ഞുപോലും ഈ ദുഷിച്ച വഴിയെ പോയി ജീവിതം പാഴാക്കാതിരിക്കാന്‍ നമ്മള്‍ ജാഗരൂകരായിരിക്കണമെന്ന് അദേഹം പറഞ്ഞു.

സണ്‍ ഇന്ത്യക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്നും സുരേഷ് ഗോപി പറഞ്ഞു. പുതിയ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ താന്‍ മുന്നണിയിലുണ്ടാകുമെന്ന് അദേഹം വ്യക്തമാക്കി. എന്നാല്‍ സംഘടനയുടെ രാഷ്ട്രീയം വിവാദമായതോടെ ജസ്റ്റിസ് കെ. എബ്രഹാം മാത്യുവും ഒളിമ്പ്യന്‍ പി.ടി. ഉഷയും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.

ലഹരിക്കെതിരായ ബോധവത്കരണമാണ് സംഘടന ആദ്യമായി ഏറ്റെടുക്കുന്ന പൊതുപരിപാടി. ലഹരിക്കെതിരെ പ്രതിജ്ഞയെടുത്താണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സംസ്ഥാന ഘടകം നിലവില്‍ വന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയതിന് ശേഷം ജില്ലാ, താലൂക്ക് ഘടകങ്ങള്‍ പ്രഖ്യാപിക്കുക.

ലവ് ജിഹാദ് തുടങ്ങിയ വിഷയത്തിലടക്കമുള്ള യോജിപ്പ് സംയുക്തമായി ഉന്നയിക്കാന്‍ പുതിയ സംഘടന തയ്യാറെടുക്കുന്നതെന്നാണ് വിവരം. വര്‍ഷങ്ങളായി മുകള്‍ത്തട്ടില്‍ നടന്നുവരുന്ന ആര്‍.എസ്.എസ്-ക്രൈസ്തവസഭാ സംവാദത്തിന്റെ തുടര്‍ച്ചയായാണ് പുതിയ സംഘടനയുടെ പിറവി.

റിട്ടയേര്‍ഡ് ആര്‍മി കേണല്‍ എസ്. ഡിന്നി പരിപാടിക്ക് അധ്യക്ഷത വഹിച്ചു. സ്വദേശി ജാഗരണ്‍ മഞ്ച് മുന്‍ സംസ്ഥാന കണ്‍വീനര്‍ സി.ജി. കമലാകാന്തന്‍ സ്വാഗതം പറഞ്ഞു. സ്‌ക്വാഡ്രണ്‍ ലീഡര്‍ കെ.എസ്. മാത്യു, പത്തനംതിട്ട മുസലിയാര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ഷെരീഫ് മുഹമ്മദ്, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ജീവന്‍ ടി.വി ചെയര്‍മാന്‍ പി.ജെ.ആന്റണി, ഡോ.ജോജി എബ്രഹാം എന്നിവര്‍ സംസാരിച്ചു.

സണ്‍ ഇന്ത്യയുടെ പ്രസിഡന്റായി കേണല്‍ എസ്. ഡിന്നിയെയും ജനറല്‍ സെക്രട്ടറിയായി ഡോ. ജോജി എബ്രഹാമിനെയും തെരഞ്ഞെടുത്തു. ജെയ്‌സണ്‍ ജോണാണ് ട്രഷറര്‍.
വൈസ് പ്രസിഡന്റുമാര്‍: ഷെരീഫ് മുഹമ്മദ്, മേജര്‍ അമ്പിളിലാല്‍ കൃഷ്ണ, മേഴ്‌സി എബ്രഹാം, അഡ്വ. തോമസ് മാത്യു, രാജീവ് ആലുങ്കല്‍, സുരേഷ് കുമാര്‍, എ.കെ. നസീര്‍.
സെക്രട്ടറിമാര്‍: സി.ജി കമലാകാന്തന്‍, എം.ആര്‍.പ്രസാദ്, അഡ്വ. ബി. അശോക്, ജെയ് മോന്‍ ലൂക്കോസ്, സണ്ണി എല്ലങ്കുന്നം.

Content Highlight: Terrorist Organizations Behind Drug Supply says Suresh Gopi

We use cookies to give you the best possible experience. Learn more