| Wednesday, 10th December 2014, 10:46 am

2007 ല്‍ ബേനസീറിനെ വധിക്കാന്‍ ശ്രമിച്ച താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാച്ചി: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ ലക്ഷ്യമിട്ടുള്ള 2007ലെ ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച താലിബാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടെന്ന് പാക് പോലീസ്. താലിബാന്‍ കമാന്‍ഡര്‍ ഫിറോസ് ഖാനാണ് പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടത്.

കറാച്ചിയ്ക്ക് സമീപമുള്ള മാന്‍ഗോപിറിലാണ് ഫിറോസ് ഖാന്‍ കൊല്ലപ്പെട്ടതെന്ന് കുറ്റാന്വേഷണ വിഭാഗത്തിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ ഉസ്മാന്‍ ഭജ്‌വ പറഞ്ഞു.

2007ല്‍ ബേനസീര്‍ കറാച്ചിയില്‍ തിരിച്ചുവന്ന സമയത്ത് അവരെ വധിക്കാനായി ശ്രമം നടന്നിരുന്നു. ബേനസീറിനെ ലക്ഷ്യമിട്ടു നടത്തിയ ബോംബ് സ്‌ഫോടനത്തില്‍ 140 പേര്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ബേനസീര്‍ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുകയായിരുന്നു.

ഫിര്‍ദൗസാണ് ആക്രമണങ്ങള്‍ നടപ്പിലാക്കിയതെന്നാണ് ബജ്‌വ പറയുന്നത്. ആക്രമണം നടത്തിയ ചാവേറുകളെ പരിശീലിപ്പിച്ചതും ഫിര്‍ദൗസാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2007ല്‍ ഒക്ടോബറില്‍ ബേനസീര്‍ പാകിസ്ഥാനില്‍ എത്തിയശേഷം അവിടെ നിരവധി ബോംബാക്രമണങ്ങള്‍ അരങ്ങേറിയിരുന്നു.

2007 ഡിസംബറില്‍ റാവല്‍പിണ്ടിയില്‍ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ബേനസീര്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാനി താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്‌സൂദാണ് ഈ ആക്രമണത്തിന് പിന്നിലെന്നായിരുന്നു പാകിസ്ഥാനിലെ മുന്‍ സൈനിക സര്‍ക്കാറിന്റെ തലവനായിരുന്ന പര്‍വ്വേസ് മുഷ്‌റഫ് ആരോപിച്ചത്.

2009 ആഗസ്റ്റില്‍ നടന്ന യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ മെഹ്‌സൂദ് കൊല്ലപ്പെടുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more