| Tuesday, 24th July 2012, 9:50 am

പാക്കിസ്ഥാന്‍ ഒളിമ്പിക് ടീമിനൊപ്പം ഭീകരരും ലണ്ടനില്‍ എത്തിയതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ ഒളിമ്പിക് ടീമിനൊപ്പമുള്ള ഒഫീഷ്യലുകളെന്ന വ്യാജേന ഭീകരന്‍മാര്‍ ലണ്ടനിലേക്കു കടന്നിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ അന്വേഷണം ആരംഭിച്ചു.

പാക്കിസ്ഥാനില്‍ നിന്നും ലണ്ടനില്‍ എത്തിയവരുടെ കൂട്ടത്തില്‍ ഭീകരസംഘടനയില്‍ ഉള്‍പ്പെട്ടവരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ആവശ്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും പാക്കിസ്ഥാന്‍ അറിയിച്ചു. []

ഇത്തരത്തില്‍ ഭീകരര്‍ക്കു വിസ തയ്യാറാക്കിക്കൊടുക്കുന്ന ഒരു സംഘത്തെ കണ്ടെത്തിയതായി ഒരു ബ്രിട്ടീഷ് പത്രം കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലഹോറിലെ ഡ്രീം ലാന്‍ഡ് ട്രാവല്‍ ഏജന്‍സിയും ആബിദ് ചൗധരി എന്ന രാഷ്ട്രീയ നേതാവുമാണ് ഈ തിരിമറിക്കു പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

ഇതു തെളിയിക്കുന്നതിന്റെ ഭാഗമായി സണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ വേഷംമാറി ഒറിജിനലിനു തുല്യമായ ഒരു പാക്കിസ്ഥാന്‍ കള്ള പാസ്‌പോര്‍ട്ട് സംഘടിപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

7000 പൗണ്ട് കൊടുത്താല്‍ ആര്‍ക്കും പാക്കിസ്ഥാന്‍ ടീം അംഗമെന്ന നിലയില്‍ പാസ്‌പോര്‍ട്ടും രണ്ടു മാസത്തെ വീസയും നിഷ്പ്രയാസം സംഘടിപ്പിച്ചു നല്‍കാമെന്ന്  ഇവരുടെ നേതാവ്‌ പറയുകയും ചെയ്‌തെന്നാണ് പത്രം പറയുന്നത്. എന്നാല്‍ ഇതേകുറിച്ച് പാക്കിസ്ഥാന്‍ അധികാരികള്‍ക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാഷണല്‍ ഡാറ്റാബേസ് ആന്‍ഡ് റജിസ്‌ട്രേഷന്‍ അതോറിറ്റി, ഇന്റര്‍ -സര്‍വീസസ് ഇന്റലിജന്‍സ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.  മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

We use cookies to give you the best possible experience. Learn more