കോഴിക്കോട്: ജന്മഭൂമി ദിനപത്രം തീവ്രവാദിയായി ചിത്രീകരിച്ച എട്ടുമുന കരിപ്പാംകുളം വീട്ടില്‍ ഷിഹാബിനു തീവ്രവാദ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്ത മെസ്സേജ്. എ.ഐ.എസ്.എഫ് പ്രവര്‍ത്തകനായ ഷിഹാബിന്റെ ഫോണിലേക്ക് ടെക്‌സ്റ്റ് മെസ്സേജായാണ് തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചത്. സംഭവത്തെതുടര്‍ന്ന് ശിഹാബ് പൊലീസില്‍ പരാതി നല്‍കി.
തീവ്രവാദഗ്രൂപ്പില്‍ അംഗമാകാന്‍ ആഹ്വാനം ചെയ്തുള്ള രണ്ട് മെസ്സേജുകളാണ് ഷിഹാബിനു ലഭിച്ചത്. ആദ്യം പൊലീസിനെ വിവരമറിയിച്ച ശിഹാബ് രണ്ടാമത്തെ സന്ദേശം എത്തിയതോടെ പരാതി നല്‍കുകയായിരുന്നെന്ന് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“ഒസാമ ബിന്‍ലാദന്‍ ഈസ് ഔവര്‍ ഗോഡ്, ജോയിന്‍ ഹാന്‍ഡ്‌സ് വിത്ത് ടെററിസം” എന്നു പറഞ്ഞുള്ള ടെക്സ്റ്റ് മെസ്സേജായിരുന്നു രണ്ടു ദിവസം മുന്നേ വന്നത്. അത് ഞാന്‍ സ്ഥലം എസ്.ഐയെ വിളിച്ച് ചോദിക്കുകയും ഗൗരവമുള്ള വിഷയമാണോ പരാതി നല്‍കണോയെന്ന് ആരായുകയും ചെയ്‌തെന്ന് ശിഹാബ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
“എന്നാല്‍ എസ്.ഐ ആ നമ്പറിലേക്ക് തിരിച്ച് വിളിച്ച് നോക്കാനാണ് ആവശ്യപ്പെട്ടതെന്നും തിരിച്ച് വിളിച്ചപ്പോള്‍ ഫോണ്‍ റിംഗ് ചെയ്‌തെന്നും എന്നാല്‍ ആരും എടുത്തില്ലെന്നും പറഞ്ഞു. പിന്നീട് ആ നമ്പര്‍ ബ്ലോക്ക് ചെയ്തിട്ടെങ്കിലും മറ്റൊരു നമ്പറില്‍ നിന്ന് മെസ്സേജ് ആവര്‍ത്തിക്കുകയായിരുന്നു. രണ്ടാമതും മെസ്സേജ് വന്നപ്പോള്‍ ഞാനത് ഡി.വൈ.എസ്.പിയെ അറിയിക്കുകയായിരുന്നു.” ശിഹാബ് പറയുന്നു.
ഡി.വൈ.എസ്.പി എസ്.ഐയ്ക്ക് പരാതി നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ എസ്.ഐയ്ക്ക് പരാതി നല്‍കിയതെന്നും ശിഹാബ് പറഞ്ഞു. “സംഭവം എത്രത്തോളം ഗൗരവമുള്ളതാണെന്ന് നമുക്കറിയില്ലലോ. ഇത്തരത്തില്‍ തീവ്രവാദ ഗ്രൂപ്പുകളിലേക്ക് ആളുകളെ ക്ഷണിക്കുന്ന ഗ്രൂപ്പുകള്‍ ഉണ്ടെന്നാണ് ആളുകള്‍ പറയുന്നത്. അതുകൊണ്ടാണ് പരാതി നല്‍കിയത്.” ശിഹാബ് പറഞ്ഞു.
“നേരത്തെ എന്നെ തീവ്രവാദിയായി ചിത്രീകരിച്ചുകൊണ്ടുള്ള വാര്‍ത്ത വന്നതാണല്ലോ. ജന്മഭൂമിയുടെ ആദ്യപേജില്‍തന്നെ “പകല്‍ കമ്മ്യൂണിസം; രാത്രിയില്‍ മതതീവ്രവാദം- ലക്ഷ്യമിടുന്നത് വര്‍ഗീയ കലാപം.” എന്ന പേരില്‍. നമ്മള്‍ക്ക് ഇപ്പോള്‍ ആരെങ്കിലും മെസ്സേജ് ചെയ്തിട്ട് നിശബ്ദത പാലിച്ചാല്‍ അത് പിന്നീട് പ്രശ്‌നമാകേണ്ടെന്ന് കരുതിയാണ് പരാതി നല്‍കിയതെന്നും” ശിഹാബ് വ്യക്തമാക്കി.
ഇതിന്റെ പിന്നില്‍ ആരാണെന്നും എന്താണെന്നും പ്രവചിക്കാന്‍ കഴിയില്ലലോയെന്നും പൊലീസ് അന്വേഷിക്കട്ടെയെന്നും ശിഹാബ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ബി.ജെ.പി മുഖപത്രമായ ജന്മഭൂമി “പകല്‍ കമ്മ്യൂണിസം; രാത്രിയില്‍ മതതീവ്രവാദം- ലക്ഷ്യമിടുന്നത് വര്‍ഗീയ കലാപം” എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്.
നേരത്തെ മാതൃഭൂമി ദിനപത്രത്തെ വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയാണ് ഷിഹാബ്. ജന്മഭൂമി വാര്‍ത്തയെ അടിസ്ഥാനമാക്കി ഷിഹാബിനെ ക്രിമിനലും മതതീവ്രവാദം പ്രചരിപ്പിക്കാന്‍ സാധ്യതയുള്ളയാളുമാക്കി പൊലീസ് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
ഐ.ഐ.എസ്.എഫ് പ്രവര്‍ത്തകനായ ശിഹാബിനെ നിരന്തരം വേട്ടയാടുന്ന സമീപനമാണ് കണ്ടുവരുന്നത്. മാതൃഭൂമിക്കെതിരായ ട്രോളില്‍ അറസ്റ്റ് ചെയ്യപ്പെട്ടതിനു പിന്നാലെയായിരുന്നു ഷിഹാബിനെ തീവ്രവാദിയായി ചിത്രീകരിച്ച് “ജന്മഭൂമി” രംഗത്തെത്തിയത്. ഇതിനു പിന്നാലെയാണ് ശിഹാബിനെ ക്രിമിനലും മതതീവ്രവാദം പ്രചരിപ്പിക്കാന്‍ സാധ്യതയുള്ളയാളുമാക്കി പൊലീസ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
തൃശൂര്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ എസ്.ഐയായിരുന്നു ഇത്തരത്തില്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നത്. ഒരു പത്രം ആരംഭിക്കുന്നതിനു അനുമതി തേടി ശിഹാബ് മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ അപേക്ഷയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്.
“ടി അപേക്ഷയില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും ടി കാര്യത്തിലേക്ക് ലഭിച്ച തെളിവുകളില്‍ നിന്നും ടിയാള്‍ ക്രിമിനല്‍ കുറ്റവാസനയുള്ള ആളാണെന്നും ടിയാളുടെ അപേക്ഷ പരിഗണിക്കുന്നപക്ഷം ടിയാള്‍ പ്രസ്തുത മാധ്യമം വഴി വര്‍ഗീയത, മതതീവ്രവാദം എന്നിവ വളര്‍ത്തുന്നവിധം വാര്‍ത്തകളും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന വാര്‍ത്തകളും പ്രചരിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ” ആണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. റിപ്പോര്‍ട്ടിനൊപ്പം ശിഹാബിനെതിരെ ഒക്ടോബര്‍ 22 ന് ജന്മഭൂമി പ്രസിദ്ധീകരിച്ച ” പകല്‍ കമ്മ്യൂണിസം; രാത്രിയില്‍ മതതീവ്രവാദം- ലക്ഷ്യമിടുന്നത് വര്‍ഗീയ കലാപം” എന്ന തലക്കെട്ടിലുളള റിപ്പോര്‍ട്ടിന്റെ കോപ്പി സ്റ്റാമ്പ് ചെയ്തു നല്‍കുകയും ചെയ്തിരുന്നു.
ശിഹാബിനെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലും വലപ്പാട് പൊലീസ് സ്റ്റേഷനിലുമായി രണ്ടു കേസുകളുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ കേസുകളൊന്നും ക്രിമിനല്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതല്ലെന്നിരിക്കെയായിരുന്നു പൊലീസ് കോടതിക്കുമുമ്പാകെ യുവാവിനെ ക്രമിനലായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്.
തൃപ്പയാര്‍ ഹൈവേയില്‍ റോഡിന്റെ ശോചനീയാവസ്ഥ കാരണം ഒരാള്‍ കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ എ.ഐ.വൈ.എഫ് നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടതായിരുന്നു അന്ന നിലവിലുണ്ടായിരുന്ന ഒരു കേസ്. വഴിതടയല്‍ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യുകയും ലോക്കല്‍ സ്റ്റേഷനിലെത്തിച്ച് ജാമ്യം നല്‍കുകയുമായിരുന്നു. രണ്ടാമത്തേ കേസ് മാതൃഭൂമി പത്രവുമായി ബന്ധപ്പെട്ട് ട്രോള്‍ ഷെയര്‍ ചെയ്തതിന്റെ പേരിലുള്ളതായിരുന്നു. ഇവ ചൂണ്ടിക്കാട്ടിയായിരുന്നു യുവാവിനെ ക്രമിനിലായി ചിത്രീകരിച്ച് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
ഇതിനു പിന്നാലെയാണ് യുവാവിന്റെ ഫോണിലേക്ക് തീവ്രവാദ ഗ്രൂപ്പില്‍ അംഗമാകാന്‍ ആഹ്വാനം ചെയ്തുള്ള സന്ദേശം എത്തുന്നത്.