ബംഗളൂരു: ബംഗളൂരുവിലെ ചര്‍ച്ച് സ്ട്രീറ്റില്‍ ഞായറാഴ്ച ഉണ്ടായത് തീവ്രവാദി ആക്രമണമാണെന്ന് സ്ഥിരീകരിച്ചു. കേന്ദ്ര അഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവാണ് ഇക്കാര്യം പുറത്ത് വിട്ടത്. അതേ സമയം ആക്രമണത്തിന് പിന്നില്‍ നിരോധിത സംഘടനയായ സിമിയെയും സംശയിക്കുന്നുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തുന്നത് എന്‍.ഐ.എ യുടെ ഹൈദരാബാദ് യൂണിറ്റാണ്. അതേ സമയം സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രമുഖ നഗരങ്ങളായ ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത, പൂനെ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി 8.30 ഓടെയാണ് കോക്കനറ്റ് ഗ്രൂവ് റസ്റ്റേറന്റിന് സമീപം സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ തമിഴ്‌നാട് സ്വദേശിനിയായ ഭവാനി എന്ന സത്രീ മരിച്ചിരുന്നു. ഇവരുടെ ബന്ധുക്കളായ (21), സന്ദീപ് എച്ച്. (39), വിനയ് (35) എന്നീ മൂന്നു പേര്‍ക്ക് പരിക്കുമേറ്റിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. ഐ.ഇ.ഡി (ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചാണു സ്‌ഫോടനം നടത്തിയതെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ എം.എന്‍. റെഡ്ഡി പറഞ്ഞു.
അമോണിയം നൈട്രേറ്റ് ഉപയോഗിച്ചാണ് ബോംബ് നിര്‍മിച്ചിരിക്കുന്നത്. റെസ്‌റ്റോറന്റിന്റെ വാതിലിന് മുന്‍പില്‍ തെലുങ്ക് പത്രത്തില്‍ പൊതിഞ്ഞ നിലയിലാണ് ബോംബ് വെച്ചതെന്ന് കരുതപ്പെടുന്നു.
നേരത്തെ 2008ല്‍ ബംഗളുരുവിലെ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇത് കൂടാതെ 2013 നവംബറില്‍ ബി.ജെ.പി ഓഫീസിന് പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റിരുന്നു.