Advertisement
World News
'സിറിയയില്‍ നടന്നത് തീവ്രവാദ പ്രവര്‍ത്തനം'; രാജ്യം വിട്ടതിനുപിന്നാലെ അസദിന്റെ ആദ്യപ്രതികരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 16, 02:04 pm
Monday, 16th December 2024, 7:34 pm

ഡമസ്‌ക്കസ്: വിമതസംഘം സിറിയ പിടിച്ചെടുത്തതിന് പിന്നാലെ ആദ്യ പ്രതികരണവുമായി മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ്. സിറിയയില്‍ നടന്നത് തീവ്രവാദ പ്രവര്‍ത്തനം എന്നാണ് അസദ് പ്രതികരിച്ചത്.

പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് എന്ന പേരിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പ്രസിഡന്‍സിയുടെ ഔദ്യോഗിക ടെലിഗ്രാം ചാനലിലാണ് പ്രസ്താവന പങ്കുവെച്ചിരിക്കുന്നത്.

സിറിയ വിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നില്ലെന്നും രാജ്യത്തെ ജനതയോടുള്ള ബന്ധത്തിന് ഇളക്കം തട്ടില്ലെന്നും അസദ് പറഞ്ഞു. ആഭ്യന്തര കലഹം രൂക്ഷമായതോടെ റഷ്യയുടെ വ്യോമത്താവളത്തിലേക്ക് പോയെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

എന്നാല്‍ വ്യോമത്താവളം അക്രമിച്ചപ്പോഴാണ് രാജ്യം വിടേണ്ടി വന്നതെന്നും അസദ് പ്രതികരിച്ചു. അടിയന്തരമായി ബേസ്മെന്റ് വിട്ടുപോകണമെന്ന റഷ്യയുടെ നിര്‍ദേശം ഉണ്ടായിരുന്നെന്നും അസദ് പറഞ്ഞു.

വിമതസംഘം പൂര്‍ണമായും സിറിയ പിടിച്ചെടുത്ത് ഒരു ദിവസത്തിന് ശേഷമാണ് താന്‍ രാജ്യം വിട്ടത്. അതുവരെ സഖ്യകക്ഷിയായ റഷ്യയുമായി ചേര്‍ന്ന് യുദ്ധം ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആഭ്യന്തര കലഹം നടക്കുന്ന സമയം അധികാരം ഒഴിയാനോ അഭയം തേടാനോ ശ്രമിച്ചിട്ടില്ലെന്നും അസദ് ആദ്യ പ്രതികരണത്തില്‍ വ്യക്തമാക്കി. തീവ്രവാദ പ്രവര്‍ത്തിനെതിരായ പോരാട്ടം തുടരുക എന്നതായിരുന്നു ഏക നിലപാടെന്നും അസദ് പറഞ്ഞു.

നേരത്തെ അസദ് സിറിയ വിട്ടെന്ന റിപ്പോര്‍ട്ടുകള്‍ റഷ്യന്‍ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു. 2020ന് ശേഷം വടക്കുപടിഞ്ഞാറന്‍ സിറിയ കണ്ട ഏറ്റവും തീവ്രമായ ഏറ്റുമുട്ടലാണ് രാജ്യത്തുണ്ടായത്.

ഒരാഴ്ച്ചയുടെ ഇടവേളയില്‍ സിറിയയിലെ മൂന്ന് സുപ്രധാന നഗരങ്ങളാണ് ‘വിമതസംഘം’ പിടിച്ചടക്കിയത്. ആദ്യം സിറിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ആലപ്പോയും പിന്നീട് ഹമ നഗരവും പിന്നീട് ഒരു ദിവസത്തെ പോരാട്ടത്തിന് ശേഷം ഹോംസിന്റെ നിയന്ത്രണവും വിമതര്‍ കൈക്കലാക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

സിറിയ-തുര്‍ക്കി അതിര്‍ത്തിക്കടുത്തുള്ള ഇദ്ലിബ് പ്രവിശ്യയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഏറ്റവും ശക്തമായ എച്ച്.ടി.എസ് എന്ന (ഹയാത്ത് തഹ്രീല്‍ അല്‍-ഷാം) വിമത ഗ്രൂപ്പാണ് സിറിയ പിടിച്ചടക്കിയത്.

സിറിയയും അമേരിക്കയും റഷ്യയുമടക്കമുള്ള രാജ്യങ്ങളെല്ലാം ഒരു ഭീകര സംഘടനയായാണ് എച്ച്.ടി.എസിനെ കണക്കാക്കുന്നത്.

Content Highlight: ‘Terrorist action took place in Syria’; Asad with the first response