|

ഭീകരാക്രമണത്തില്‍ ഗുരുതര വീഴ്ച; ജയ്‌ഷെ നല്‍കിയ സൂചന സുരക്ഷാ ഏജന്‍സികള്‍ അവഗണിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ ജമ്മു കശ്മീരിലെ ഭീകരാക്രമണത്തിനു പിന്നില്‍ രഹസ്യാന്വേഷണ വിഭാഗത്തിന് സംഭവിച്ച വീഴ്ച്ചയെന്ന് വിലയിരുത്തല്‍. ജയ്‌ഷെ മുഹമ്മദ് ഭീകരസംഘടന രണ്ടു ദിവസം മുമ്പ് ഓണ്‍ലൈനില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ കശ്മീരില്‍ ആക്രമണം നടത്തുമെന്നുള്ള സൂചനകള്‍ നല്‍കിയിരുന്നു.

സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഒരു വാഹനം ഉപയോഗിച്ച് അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഭീകരാക്രമണമായിരുന്നു വീഡിയോ ദൃശ്യങ്ങളില്‍.  ഇതു സംബന്ധിച്ചു ജമ്മു കശ്മീര്‍ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വേണ്ട സുരക്ഷ മുന്‍കരുതലുകള്‍ ഒന്നുംതന്നെ ഏജന്‍സികള്‍ സ്വീകരിച്ചില്ലാ. എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

Read Also : ഒഴിഞ്ഞ കസേരകളെ സാക്ഷിയാക്കി യോഗിയുടെ പ്രസംഗം; പത്തനംതിട്ടയിലെ ബി.ജെ.പി പരിപാടിയില്‍ ശുഷ്‌കമായ പങ്കാളിത്തം (വീഡിയോ)

ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ ഇന്നലെ വൈകീട്ട് 3.15 ഓടെയാണ് സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 44 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്ക് സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ജെയ്ഷെ മുഹമ്മദിന്റെ ചാവേറായ ആദില്‍ അഹമ്മദ് എന്നയാളാണ് ആക്രമണം നടത്തിയത്.

1980ന് ശേഷം ഉണ്ടായ ഏറ്റവും വലിയ ആക്രമണമാണ് കശ്മീരില്‍ സൈനികര്‍ക്കെതിരെയുണ്ടായത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ജെയ്ഷെ മുഹമ്മദ് നടത്തിയ ചാവേറാക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും നാല്‍പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.