ജനീവ: ജമ്മു കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഇന്ത്യ കൗണ്‍സിലിനെ അറിയിച്ചു.
കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമാണെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി(ഈസ്റ്റ്) വിജയ് താക്കൂര്‍ സിങ് പറഞ്ഞു. പാകിസ്താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു വിജയ് താക്കൂര്‍.
‘ഇത്തരം കെട്ടിച്ചമച്ച ആരോപണങ്ങള്‍ വരുന്നത് ആഗോള ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നാണെന്ന് ലോകത്തിനറിയാം. തീവ്രവാദത്തിന്റെ നേതാക്കള്‍ക്ക് അവര്‍ അഭയം നല്‍കുന്നു. നയതന്ത്രത്തിന്റെ രീതിയിലാണ് ഈ രാജ്യം അതിര്‍ത്തി കടന്നുള്ള ഭീകരവാദം നടത്തുന്നത്’ -പാകിസ്താന്റെ പേരെടുത്ത് പറയാതെ ഇന്ത്യന്‍ പ്രതിനിധി വിമര്‍ശിച്ചു.
‘കശ്മീരിലെ പുതിയ നിയമനടപടികള്‍ പാര്‍ലമെന്റ് പാസാക്കിയ മറ്റുനിയമ നടപടികളെപ്പോലെ തന്നെയാണെന്ന് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ആഭ്യന്തര വിഷയത്തില്‍ മറ്റൊരു രാജ്യം ഇടപെടുന്നത് ഒരുരാജ്യത്തിനും അംഗീകരിക്കാനാവില്ല. തീര്‍ച്ചയായും ഇന്ത്യയ്ക്കും അതിന് കഴിയില്ലെന്നും’ വിദേശകാര്യ സെക്രട്ടറി പറഞ്ഞു.
നേരത്തെ കശ്മീര്‍ വിഷയത്തില്‍ യു.എന്‍. ഇടപെടണമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ ആവശ്യപ്പെട്ടിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്നും അത് ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമല്ലെന്നും ഖുറേഷി പറഞ്ഞിരുന്നു.
കശ്മീരില്‍ 80 ലക്ഷത്തോളം ആളുകള്‍ സൈന്യത്തിന്റെ തടവറയിലാണെന്നും പാക് മന്ത്രി ആരോപിച്ചിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും ഖുറേഷി പറഞ്ഞു. ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീര്‍ എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
കശ്മീരില്‍ ജനജീവിതം സാധാരണ നിലയിലായെന്ന് ലോകത്തെ തോന്നിപ്പിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എല്ലാം സാധാരണ നിലയിലായെങ്കില്‍ യാഥാര്‍ഥ്യം എന്താണെന്ന് അറിയാന്‍ എന്തുകൊണ്ട് അവര്‍ വിദേശ മാധ്യമങ്ങളെയും അന്താരാഷ്ട്ര സംഘടനകളെയും എന്‍.ജി.ഒകളെയും ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കശ്മീരിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല? അവര്‍ നുണ പറയുകയാണ്. കര്‍ഫ്യൂ പിന്‍വലിച്ചാല്‍ യാഥാര്‍ഥ്യം പുറത്തുവരും. അവിടെ നടക്കുന്ന മഹാദുരന്തത്തെക്കുറിച്ച് ലോകം അറിയും’- ഖുറേഷി പറഞ്ഞിരുന്നു.