| Wednesday, 23rd October 2024, 10:31 pm

തുര്‍ക്കി എയ്‌റോസ്‌പേസ് ആസ്ഥാനത്ത് ഭീകരാക്രമണം; നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അങ്കാറ: തുര്‍ക്കി എയ്‌റോസ്‌പേസ് ആസ്ഥാനത്തുണ്ടായ ഭീകരാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. തുര്‍ക്കിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ, വ്യോമയാന കമ്പനികളിലൊന്നിലാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

തുര്‍ക്കി എയ്‌റോസ്‌പേസ് ഇന്റസ്ട്രീസിന്റെ ആസ്ഥാനത്ത് നടന്ന ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും പതിനാല് പേര്‍ക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റൈഫിളുമായെത്തിയ അക്രമികള്‍ സ്‌ഫോടനങ്ങളും വെടിവെപ്പും നടത്തിയതായും ആക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതായും തുര്‍ക്കി ആഭ്യന്തര മന്ത്രി സ്ഥിരീകരിച്ചു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രകാരം ഒരു കൂട്ടം അക്രമികള്‍ ടാക്‌സിയില്‍ കോംപ്ലക്‌സിലേക്ക് എത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്രമികളില്‍ ഒരാള്‍ ബോബെറിഞ്ഞതായും കൂടുതല്‍ വെടിവെപ്പുണ്ടായതായും അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്ഥാപനത്തിലെ ജീവനക്കാരെ ബന്ദിക്കളാക്കിയിരിക്കാമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അങ്കാറയില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്ക് ഭാഗത്തുള്ള ഒരു ചെറിയ പട്ടണമായ കഹ്‌റമന്‍കാസാനിലെ സൈറ്റില്‍ പുക ഉയരുന്നതായും തീ പടരുന്നതായുമുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് സ്ഥലത്ത് വലിയ സ്‌ഫോടനവും വെടിവെപ്പും നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

റൈഫിളുമായെത്തിയ അക്രമികളുടെ സംഘത്തില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നതായും സാധാരണ വസ്ത്രത്തില്‍ ഒരു ബാക്ക് പാക്കില്‍ റൈഫിളുമായാണ് ഇവര്‍ വന്നതെന്നും ദൃശ്യങ്ങളിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അക്രമകാരികള്‍ക്ക് കെട്ടിടത്തെ കുറിച്ചും പ്രവേശന കവാടത്തെ കുറിച്ചും അറിയാമായിരുന്നുവെന്നും തന്ത്രപരമായ ആസൂത്രണത്തിലൂടെയാണ് ആക്രമണം നടത്തിയതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന്റെ കൃത്യമായ കാരണങ്ങളോ സ്വഭാവമോ വ്യക്തമല്ലെന്നും സുരക്ഷാ സേനകളെയും ആംബുലന്‍സുകളും, അഗ്നിശമന സേനയെയും സംഭവസ്ഥലത്തേക്ക് എത്തിച്ചതായും അടിയന്തരസേവനങ്ങള്‍ ലഭ്യമാക്കിയതായും സര്‍ക്കാര്‍ ഏജന്‍സിയായ അനഡോലു അറിയിച്ചു.

Content Highlight: Terror Attack on Turkish Aerospace Headquarters; Four people were reported killed

We use cookies to give you the best possible experience. Learn more