പെഷവാര്‍: പെഷവാറിലെ ഹയാതാബാദില്‍ ശിയാ പള്ളിയുടെ നേരെ നടന്ന ഭീകരാക്രമണത്തില്‍ 19ഓളം പേര്‍ മരിച്ചു. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
ഒരേ സമയം വെടിവെയ്പും ചാവേറാക്രമണവുമാണ് പള്ളിക്ക് നേരെ നടന്നത്. ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് ആക്രമണം നടന്നിട്ടുള്ളത്.
തീവ്രവാദികള്‍ പള്ളിക്കകത്ത് കയറിയാണ് വെടി വെയ്പ് നടത്തിയത്. സൈനിക വേഷം ധരിച്ചെത്തിയ ആളുകളാണ് ആക്രമണം നടത്തിയിട്ടുള്ളതെന്ന് ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോടായി പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും തന്നെ ഏറ്റെടുത്തിട്ടില്ല. ആക്രമണം നടക്കുമ്പോള്‍ ഏകദേശം എണ്ണൂറോളം വിശ്വാസികള്‍ പള്ളികക്കത്ത് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടാഴ്ച മുമ്പ് പാകിസ്ഥാനിലെ തന്നെ സിന്ധ് മേഖലയിലെ ശിയ പള്ളിക്ക് നേരെയുണ്ടായ തീവ്രവാദിയാക്രമണത്തില്‍ അറുപതോളം പേരായിരുന്നു കൊല്ലപ്പെട്ടിരുന്നത്. സംഭവത്തില്‍ അറുപത് പേര്‍ക്ക് ഗുരുതരമായ പരിക്കുമേറ്റിരുന്നു. പാക് താലിബാന്റെ മറ്റൊരു പതിപ്പായ ജുന്ദുല്ലയായിരുന്നു ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പതിനാറിന് പെഷവാറില്‍ നടന്ന സൈനിക സ്‌കൂള്‍ ആക്രമണത്തിന് ശേഷം കടുത്ത നടപടികളായിരുന്നു പാകിസ്ഥാന്‍ ഭീകര സംഘടനകള്‍ക്കെതിരെ കൈക്കൊണ്ടിരുന്നത്.