| Wednesday, 16th October 2019, 11:50 pm

കശ്മീരില്‍ തുടര്‍ച്ചയായി ആക്രമണം; പഞ്ചാബി കച്ചവടക്കാരനെ തീവ്രവാദികള്‍ കൊലപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കശ്മീര്‍: പഞ്ചാബില്‍ നിന്നുള്ള പഴക്കച്ചവടക്കാരനെ തീവ്രവാദികള്‍ കൊലപ്പെടുത്തി. കശ്മീരിലെ ഷോപിയാനയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ മറ്റൊരു കച്ചവടക്കാരന്‍ ചികിത്സയിലാണ്. കച്ചവടക്കാരനായ ചരണ്‍ചീത് സിംങ് ആണ് ബുധനാഴ്ച രാത്രി ഏഴരയോടെ വെടിയേറ്റു മരിച്ചത്.

പരിക്കേറ്റ സഞ്ജീവിനെ പുല്‍വാമയിലെ ജില്ലാ ആശുപത്രിയില്‍ നിന്ന് ശ്രീനഗറിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി.

ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്.

ഇന്ന് രാവിലെ ചത്തീസ്ഗഡില്‍ നിന്നുള്ള കുടിയേറ്റക്കച്ചവടക്കാരന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ വെടിയേറ്റു മരിച്ചിരുന്നു. ചെങ്കല്‍ തൊഴിലാളിയായ സേതി കുമാര്‍ സാഗര്‍ ആണ് മരിച്ചത്. കാക്പോറ റെയില്‍വേ സ്‌റ്റേഷനിലേക്ക് സുഹൃത്തിന്റെ കൂടെ നടന്നു പോകുന്ന വഴിയായിരുന്നു സേതി കുമാറിനെ തീവ്രവാദികള്‍ കൊലപ്പെടുത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച രാജസ്ഥാന്‍ ട്രക്ക് ഡ്രൈവറെ കൊലപ്പെടുത്തുകയും തോട്ടമുടമയെ പരിക്കേല്‍പ്പിക്കുകയും ചെയ്ത രണ്ട് തീവ്രവാദികളില്‍ ഒരാള്‍ പാക് തീവ്രവാദിയാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പരിക്കേറ്റ തോട്ടമുടമയെ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

അനന്ത്‌നാഗില്‍ കഴിഞ്ഞ ദിവസമുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 14 പേര്‍ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസമാണ് കശ്മീരില്‍ ഫോണ്‍ ബന്ധം പുനസ്ഥാപിച്ചത്. രണ്ട് മാസത്തെ നിരോധനത്തിനു ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ ഫോണ്‍ ബന്ധം പുനസ്ഥാപിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കടുത്ത സൈനിക നിയന്ത്രണങ്ങള്‍ക്കിടയിലും തുടര്‍ച്ചയായി ആക്രമണങ്ങളുണ്ടാവുന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.

 

We use cookies to give you the best possible experience. Learn more