കറാച്ചി: കറാച്ചിയില്‍ ബസിന് നേരെ ഭീകരവാദികള്‍ നടത്തിയ വെടി വെയ്പില്‍ 41 പേര്‍ കൊല്ലപ്പെട്ടു. കറാച്ചിയിലെ സഫൂറ ചൗക്കിലാണ് പാക്കിസ്ഥാനിലെ ന്യൂനപക്ഷമായ ശിയ വിഭാഗത്തിന് നേരെ അക്രമം നടന്നത്. പാകിസ്ഥാനിലെ ശിയ വിഭാഗമായ ഇസ്മായിലി സമുദായംഗങ്ങള്‍ സഞ്ചരിച്ച ബസിന് നേരെയാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്. മോട്ടോര്‍ ബൈക്കിലെത്തിയ ആറംഗ സംഘമാണ് ബസിന് നേരെ വെടിയുതിര്‍ത്തത്. വെടി വെയ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഭീകരര്‍ ബസില്‍ കയറിയ ശേഷം യാത്രക്കാര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. മരിച്ചവരില്‍ 25 പുരുഷന്‍മാരും 16 സ്ത്രീകളും ഉള്‍പ്പെടും. നഗരത്തിലെ ശിയ കേന്ദ്രത്തില്‍ നിന്നും കറാച്ചിയിലേക്ക് സര്‍വീസ് നടത്തി വരുന്ന ബസാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് ശേഷം തീവ്രവാദികള്‍ രക്ഷപ്പെട്ടതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പാക്കിസ്ഥാനില്‍ ശിയ ന്യൂനപക്ഷത്തെ വംശീയമായി ഇല്ലാതാക്കാന്‍ വേണ്ടിയാണ് തുടര്‍ച്ചയായി അക്രമണങ്ങള്‍ നടത്തുന്നതെന്ന വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്. പാക്കിസ്ഥാനിലേത് വംശഹത്യയാണ് എന്ന് പറഞ്ഞാണ് വിമര്‍ശനം വന്നിട്ടുള്ളത്. 2014 ല്‍ മാത്രം എഴുപതോളം വംശീയാക്രമണത്തില്‍ 240 ല്‍ കൂടുതല്‍ ആള്‍ക്കാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്.
#ShiaGenocide #Safoora എന്നീ രണ്ട് ടാഗുകളിലാണ് പാക്കിസ്ഥാനിലെ അക്രമണത്തെ അപലപിച്ചു കൊണ്ട് ആളുകള്‍ രംഗത്തെത്തിയിട്ടുള്ളത്.