അഫ്​ഗാനിൽ നിന്ന് രക്ഷപ്പെടാൻ വിമാനത്തിന്റെ ചക്രത്തിൽ സ്വയം കെട്ടിയിട്ടു; പറന്നുയരവേ താഴേക്ക് വീണു, വീഡിയോ
World News
അഫ്​ഗാനിൽ നിന്ന് രക്ഷപ്പെടാൻ വിമാനത്തിന്റെ ചക്രത്തിൽ സ്വയം കെട്ടിയിട്ടു; പറന്നുയരവേ താഴേക്ക് വീണു, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 16th August 2021, 5:22 pm

കാബൂൾ: അഫ്​ഗാനിസ്ഥാൻ താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുകയാണ് ഒരു വിഭാ​ഗം ജനങ്ങൾ. രാജ്യം വിടാനാ​യി ജനക്കൂട്ടം ഇരച്ചെത്തിയതോടെ വിമാനത്താവളങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഇതിനിടെ വിമാനത്തിനുള്ളിൽ കയറാൻ ചക്രത്തിനൊപ്പം സ്വയം ബന്ധിച്ച രണ്ട് പേർ താഴേക്ക് വീണുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

പറന്നുയർന്ന വിമാനത്തിൽ നിന്നും ഒരാൾ താഴേക്ക് വീഴുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇറാനിലെ ഔദ്യോ​ഗിക മാധ്യമമായ ടെഹ്റാൻ ടെെംസാണ് ഇത് കാബൂളിൽ നിന്ന് രക്ഷപ്പെടുന്നവരാണെന്ന് റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചതിന് പിന്നാലെ അമേരിക്കന്‍ സൈന്യം ആകാശത്തേക്ക് വെടിവെച്ചിരുന്നു. തിരക്ക് നിയന്ത്രിക്കാനാകാതായതോടെയാണ് വെടിവെക്കേണ്ടി വന്നതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

തിക്കും തിരക്കും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ വേണ്ടി മാത്രമാണ് ആകാശത്തേക്ക് വെടിവെച്ചതെന്നാണ് അമേരിക്കയുടെ വാദം.


എന്നാല്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ജനങ്ങള്‍ക്ക് നേരെയും വെടിവെപ്പുണ്ടായെന്നും ഇവര്‍ പറയുന്നു. വെടിയേറ്റ് കിടക്കുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തലസ്ഥാന നഗരമായ കാബൂള്‍ താലിബാന്‍ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനാണ് അഫ്ഗാന്‍ ജനത ശ്രമിക്കുന്നത്. ഞായറാഴ്ച മുതല്‍ നൂറുക്കണക്കിന് പേരാണ് വിമാനത്താവളങ്ങളില്‍ വന്നുകൊണ്ടിരുന്നത്.

താല്‍ക്കാലികമായി അമേരിക്കന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് അഫ്ഗാനിലെ വിമാനത്താവളങ്ങള്‍. തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നും എത്രയും വേഗം മടക്കിയെത്തിക്കാനുള്ള ശ്രമങ്ങളും രാജ്യങ്ങള്‍ നടത്തുന്നുണ്ട്.

അഫ്ഗാനില്‍ താലിബാന്‍ ഇസ്‌ലാമിക് നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പിലാക്കുമെന്ന ഭയത്തിലാണ് ജനങ്ങള്‍. പെണ്‍കുട്ടികളും സ്ത്രീകളും കടുത്ത നിയന്ത്രണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും വിധേയമാകുമെന്ന് അഫ്ഗാനിലെ സാമൂഹ്യപ്രവര്‍ത്തകരെല്ലാം ചൂണ്ടിക്കാണിക്കുന്നുണ്ട്.

നേരത്തെ താലിബാന്‍ അഫ്ഗാനില്‍ അധികാരത്തിലിരുന്ന സമയത്ത് സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍വകലാശാലകളില്‍ 50 ശതമാനവും സ്ത്രീകളാണ്. ഇത്തരത്തില്‍ അഫ്ഗാനിലെ സ്ത്രീകള്‍ നേടിയെടുത്ത സാമൂഹ്യമുന്നേറ്റവും പുരോഗതിയുമെല്ലാം ഇനി തകിടം മറിയുമെന്നാണ് അഫ്ഗാന്‍ സംവിധായിക സഹ്‌റാ കരിമി പറഞ്ഞത്.

ഇനിമുതല്‍ അഫ്ഗാനിസ്ഥാനില്‍ മറ്റാരേക്കാളും ബുദ്ധിമുട്ടനുഭവിക്കാന്‍ പോകുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും ലോകം മുഴുവന്‍ ഒന്നിച്ചുനിന്ന് താലിബാനെ സമ്മര്‍ദത്തിലാക്കിയേ തീരൂവെന്നുമാണ് അഫ്ഗാന്‍ നോവലിസ്റ്റ് ഖാലിദ് ഹൊസൈനി പ്രതികരിച്ചത്.

അതേസമയം കാബൂളില്‍ പ്രവര്‍ത്തിക്കുന്ന വിദേശ എംബസികള്‍ രാജ്യങ്ങള്‍ ഒഴിപ്പിച്ചു കഴിഞ്ഞു. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ അഫ്ഗാനില്‍ നിന്നും എത്രയും വേഗം തിരിച്ചെത്തിക്കാനുള്ള നടപടികളിലാണ്.

സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നിലവില്‍ സ്വീകരിച്ചിട്ടുള്ളത്.

അഫ്ഗാന്‍ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവരെ തടയരുതെന്നും അവരെ സുരക്ഷിതമായി പോകാന്‍ അനുവദിക്കണമെന്നും 60 രാജ്യങ്ങള്‍ ചേര്‍ന്ന് പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Terrifying video shows 2 people falling off plane mid-air in Kabul amid tension in Afghanistan