ന്യൂയോര്‍ക്ക്: മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കെതിരെ ആരോപണവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2016 ലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന് മുന്‍പായി ഒബാമ തന്റെ ഫോണ്‍ ചോര്‍ത്തിയെന്നാണ് ട്രംപിന്റെ ആരോപണം.
ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ ആരോപണം. എന്നാല്‍ ആരോപണത്തെ സാധൂകരിക്കത്തക്ക തെളിവുകളൊന്നും ട്രംപ് പുറത്തുവിട്ടിട്ടില്ല.
വളരെ മോശം. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് തൊട്ടുമുന്‍പായി ഒബാമ എന്റെ ഫോണ്‍ ചോര്‍ത്തിയിരിക്കുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല- ട്രംപ് കുറിക്കുന്നു.
ഇത് ഒരിക്കലും നിയമപരമായ സംഗതിയല്ലെന്നും ഒരു സിറ്റിങ് പ്രസിഡന്റ് അധികാരത്തിലെത്താന്‍ പോകുന്ന ആളുടെ ഫോണ്‍ ചോര്‍ത്തുകയെന്നത് നല്ലകാര്യമാണോയെന്നും ട്രംപ് ചോദിക്കുന്നു.
“വളരെ മോശം പ്രവൃത്തിയാണ് ഒബാമയില്‍ നിന്നും ഉണ്ടായതെന്നും 1970 കളിലെ ഫോണ്‍ ചോര്‍ത്തലിനെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നതെന്നും” ട്രംപ് പറയുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വിജയത്തിന് തൊട്ടുമുന്‍പേ എന്റെ ഫോണ്‍ ചോര്‍ത്തുക എന്നത് എത്ര തരംതാഴ്ന്ന പ്രവൃത്തിയാണെന്നും ട്രംപ് ചോദിക്കുന്നു. ഇക്കാര്യത്തില്‍ എന്ത് നിയമനടപടി സ്വീകരിക്കാന്‍ കഴിയുമെന്ന് താന്‍ ആലോചിക്കുകയാണെന്നും ഇദ്ദേഹം പറയുന്നു.
അതേസമയം ട്രംപിന്റെ ആരോപണത്തെ ഒബാമയുമായി അടുത്ത വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.