ലക്‌നൗ: ഉത്തര്‍പ്രദേശിലെ മിര്‍സാപൂരില്‍ കൃഷിഭൂമി നികത്തി റെയില്‍വേ ട്രാക്ക് പണിയാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.
ഞായറാഴ്ച കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം നടന്നിരുന്നു.
റെയില്‍വേ ട്രാക്ക് നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മിര്‍സാപൂരിലെ കൃഷിഭൂമി നികത്താനായി അധികൃതര്‍ പൊലീസുമായി എത്തി ജെ.സി.ബി ഉപയോഗിച്ച് പാടം നികത്തിയിരുന്നു. ഇതു തടയാന്‍ ശ്രമിച്ച കര്‍ഷകര്‍ക്കു നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യപകമായി പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പൊലീസ് നടപടിയെ വിമര്‍ശിച്ചുകൊണ്ട് പ്രിയങ്കാഗാന്ധി രംഗത്തെത്തിയത്.
” കഠിനാദ്ധ്വാനത്തിലൂടെയാണ് മിസാര്‍പൂരിലെ കര്‍ഷകര്‍ പാടത്ത് ധാന്യം വിളയിച്ചെടുത്തത്. ആ വിളഞ്ഞു നില്‍ക്കുന്ന ധാന്യങ്ങളാണ് ബി.ജെ.പിയുടെ പൊലീസ് ചതച്ചുകളഞ്ഞത്. ഇന്നലെയാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ചേര്‍ന്ന് കര്‍ഷകര്‍ക്ക് ഒരുപാട് കപട വാഗ്ദാനങ്ങള്‍ നല്‍കി 24 മണിക്കൂര്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കര്‍ഷകര്‍ക്കു നേരെ ഇത്തരത്തിലുള്ള ക്രൂര നടപടി ഉണ്ടായത്. ബി.ജെ.പിക്കുള്ളില്‍ തന്നെയാണ് കര്‍ഷക വിരുദ്ധരുള്ളത്,” പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ