| Friday, 15th May 2020, 7:47 pm

കൊവിഡ് കാലത്ത് ഐ.ടി മേഖലയില്‍ കൂട്ട പിരിച്ചുവിടല്‍; 40 ശതമാനത്തോളം പേരുടെ ജോലി അനിശ്ചിതത്വത്തില്‍; ജീവനക്കാര്‍ക്കിടയില്‍ ആശങ്ക

കവിത രേണുക

കൊവിഡ് പ്രതിസന്ധി തുടരുന്നതിനിടെ കേരളത്തിലെ ഐ.ടി മേഖലയിലെ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നു വരികയാണ്. ജീവനക്കാരെ വളരെ നിസ്സാരമായ കാരണങ്ങള്‍ ആരോപിച്ചാണ് പിരിച്ചുവിടുന്നതെന്നും നിലവില്‍ 40 ശതമാനത്തോളം ആളുകളുടെ ജോലിയും അനിശ്ചിതത്വത്തിലാണെന്നുമാണ് വിവരങ്ങള്‍.

നിലവിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഒരു കമ്പനിയില്‍ നിന്നും തൊഴിലാളികളെ പിരിച്ചുവിടരുതെന്ന കേന്ദ്ര- സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി നിലനില്‍ക്കുന്നതിനിടെയാണ് തൊഴിലാളികളെ പിരിച്ചുവിടുന്നത്.

പ്രത്യക്ഷത്തില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയാണെന്ന് പറയാതെ ലീവില്‍ പോകാന്‍ നിര്‍ദേശിച്ച് പിന്നീട് ജോലിയില്‍ നിന്നും പിരിച്ചുവിടുന്ന രീതിയാണ് ഐ.ടി മേഖലയില്‍ നടക്കുന്നതെന്ന് കേരളത്തിലെ പ്രമുഖ ഐ.ടി കമ്പനിയിലെ ജീവനക്കാരനായ അഖില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ആരെയും പിരിച്ചു വിടുകയാണെന്ന് വ്യക്തമായി പറഞ്ഞുക്കൊണ്ടല്ല ഐ.ടി കമ്പനികളില്‍ നിന്നും പിരിച്ചുവിടല്‍ നടക്കുന്നത്. പിരിച്ചു വിട്ടുകഴിഞ്ഞാല്‍ സര്‍ക്കാര്‍ തലത്തില്‍ നിയമനടപടികള്‍ നേരിടേണ്ടി വരുമെന്ന കാര്യം അറിയാവുന്നതുകൊണ്ടു തന്നെ അത്തരത്തില്‍ ഒരു നടപടിക്ക് ആരും തന്നെ മുതിരില്ല. പകരം ‘ലോ പെര്‍ഫോര്‍മന്‍സ്’ ആണെന്ന് പറഞ്ഞ് ജീവനക്കാരോട് ലീവില്‍ പോകാന്‍ പറയും.

കമ്പനി നഷ്ടത്തിലാണ്, അതുകൊണ്ട് രണ്ടു മാസത്തേക്കോ മൂന്നുമാസത്തേക്കോ ലീവിന് പോകണമെന്നാണ് പറയുക. അതായത് നിയമപരമായി ജോലി നഷ്ടമാകില്ല. ലീവ് കഴിഞ്ഞു വന്നാല്‍ ജോലി സുരക്ഷിതമാണെന്നും ജീവനക്കാരെ അറിയിക്കും. യഥാര്‍ത്തില്‍ നടക്കുന്നത് അതല്ല. അതായത് മൂന്നുമാസം ജോലിയില്ലാതെ വീട്ടിലിരിക്കുക എന്നു പറയുന്നത് പലപ്പോഴും പ്രായോഗികമായ കാര്യമല്ല. ആ സാഹചര്യത്തില്‍ പലരും പുതിയ ജോലി തേടും. പിരിച്ചുവിടല്‍ എന്നു വ്യക്തമായി പറയാതെ കമ്പനികള്‍ക്ക് സുരക്ഷിതരാവുകയും ചെയ്യാം.

ജോലി ചെയ്യുന്ന സമയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ടും ജീവനക്കാരോട് സ്വയം പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുന്ന സ്ഥിതിയുണ്ടെന്നും അഖില്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ജോലിചെയ്യുന്ന സമയത്തിന്റെയും ശമ്പളത്തിന്റയും അടിസ്ഥാനത്തില്‍ തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടികളുണ്ട്. അതായത് എട്ടു മണിക്കൂര്‍ ആണ് സാധാരണയായി കമ്പനികളില്‍ ഒരു ജീവനക്കാരന് റെക്കോഡ് ചെയ്യപ്പെടേണ്ട സമയം. പക്ഷെ എട്ടു മണിക്കൂര്‍ തികയ്ക്കാന്‍ പല ജീവനക്കാര്‍ക്കും 10 ഉം 12 ഉം മണിക്കൂര്‍ വരെയെങ്കിലും ജോലി ചെയ്യേണ്ട സാഹചര്യമുണ്ടാകുന്നുണ്ട്്.

ഇത് നിരന്തരമായി തുടരുമ്പോള്‍ ആളുകള്‍ തന്നെ സ്വയം കമ്പനികളില്‍ നിന്നും പിരിഞ്ഞ് പോകാന്‍ തയ്യാറാകും. അതായത് ഇവരുടെ സമയം കണക്കാക്കുന്നത് അതത് കമ്പനികളിലെ എച്ച്.ആറുകളാവും. ഇതിനനുസരിച്ച് ജോലി ചെയ്യുന്ന സമയം കുറയ്ക്കുന്നെന്ന് കാണിച്ച് വേതനം കുറയ്ക്കുന്ന നടപടിയുണ്ടാകും. ജീവനക്കാര്‍ സ്വയം പിരിഞ്ഞു പോകാന്‍ നിര്‍ബന്ധിതമാക്കുന്ന ഒരു സാഹചര്യം വരെ നിലവിലുണ്ടാകും എന്നര്‍ത്ഥം,’ അഖില്‍ പറഞ്ഞു.

നിലവില്‍ കേരളത്തില്‍ 40 ശതമാനത്തോളം ഐ.ടി ജീവനക്കാരുടെയും ജോലി അനിശ്ചിതത്വത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘യഥാര്‍ത്ഥത്തില്‍ ഐ.ടി കമ്പനികളിലെ 40 ശതമാനത്തോളം വരുന്ന ജീവനക്കാരുടെയും തൊഴില്‍ അനിശ്ചിതത്വത്തിലാണ്. എന്നാല്‍ അത്തരത്തില്‍ ഒരു പ്രശ്നമുണ്ടെന്ന് പ്രത്യക്ഷത്തില്‍ കാണാനും സാധിക്കില്ല. ജോലി നഷ്ടപ്പെടുമെന്ന ഭയമുള്ളതിനാല്‍ പലരും പരസ്യമായി പ്രതികരിക്കാന്‍ പോലും തയ്യാറാവില്ല,’ അഖില്‍ പറഞ്ഞു.

തിരുവനന്തപുരത്തെ ഒരു പ്രമുഖ ഐ. ടി കമ്പനിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന രേവതിക്ക് 2020 ഏപ്രില്‍ 29നാണ് ജോലിയില്‍ നിന്നും സ്വയമേവ പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടുകൊണ്ട് കമ്പനിയില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നത്. വീട്ടില്‍ ഏക വരുമാനമുള്ളത് തനിക്കാണെന്നും അതുകൊണ്ട് തന്നെ ഉടന്‍ പിരിഞ്ഞു പോകാന്‍ സാധിക്കില്ലെന്നും മറ്റൊരു ജോലി ലഭിക്കുന്നതുവരെ തന്റെ സാഹചര്യങ്ങള്‍ പരിഗണിക്കണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും അത് കമ്പനി സ്വീകരിച്ചില്ലെന്ന് രേവതി പറയുന്നു.

ജോലി നഷ്ടപ്പെട്ടാല്‍ തനിക്ക് ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ ഒരു വഴിയുമില്ല. ഒരു നോട്ടീസ് പിരീഡ് പോലും നല്‍കാതെയാണ് തന്നോട് പിരിഞ്ഞു പോകണമെന്ന് കമ്പനി ആവശ്യപ്പെട്ടത്. സ്വയമേവ പിരിഞ്ഞു പോയില്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നാണ് കമ്പനി പറഞ്ഞിരിക്കുന്നതെന്നും രേവതി ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കഴിഞ്ഞ മാസം 29ാം തിയ്യതി കമ്പനി എച്ച്. ആര്‍ വിളിച്ച് എന്നോട് സ്വയം പിരിഞ്ഞു പോകണമെന്നാവശ്യപ്പെടുന്നത്. അത് കേട്ട നിമിഷം എനിക്ക് തിരിച്ചൊന്നും പറയാന്‍ സാധിച്ചില്ല. എന്നാല്‍ അടുത്ത ദിവസം ഞാന്‍ എച്ച്. ആറിനെ വിളിച്ച് എനിക്ക് ഇപ്പോള്‍ പിരിയാന്‍ സാധിക്കില്ലെന്നും കുടുംബത്തിന്റെ ഏക വരുമാനം എന്റെ തൊഴില്‍ മാത്രമാണെന്നും പറഞ്ഞു. മാത്രമല്ല എനിക്ക് നിലവില്‍ ലോണും മറ്റു കാര്യങ്ങളുമായി ബുദ്ധിമുട്ടുണ്ടെന്ന് അറിയിച്ചെങ്കിലും തിരിച്ച് അനുകൂലമായ മറുപടിയൊന്നുമുണ്ടായില്ല,’ രേവതി പറയുന്നു.

സമാനമായ രീതിയിലുള്ള നിരവധി അനുഭവങ്ങള്‍ കേരളത്തില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന അനേകം പേര്‍ക്ക് ഈ ലോക്ഡൗണ്‍ കാലത്ത് നേരിടേണ്ടി വരുന്നുണ്ട്. അനേകം പേര്‍ ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടി വരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരളത്തിലെ ഒരു ടെക്ക്നോപാര്‍ക്കിലെ സേവന മേഖലയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ജീവനോട് മെയ് 11നാണ് യാതൊരു ഔദ്യോഗിക അറിയിപ്പുകളുമില്ലാതെ കമ്പനിയില്‍ നിന്നും പിരിഞ്ഞു പോകണമെന്ന് അറിയിച്ചിരിക്കുന്നത്.

‘ലോ പെര്‍ഫോമന്‍സ്’ എന്നു കാണിച്ചാണ് തന്നോട് മെയ് 13നുള്ളില്‍ പിരിഞ്ഞു പോകാന്‍ കമ്പനി ആവശ്യപ്പെട്ടതെന്ന് ജീവന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘ഔദ്യോഗികമായി ഒരു അറിയിപ്പും തരാതെ ഫോണ്‍ വിളിച്ചാണ് എന്നോട് പിരിഞ്ഞു പോകാന്‍ കമ്പനി ആവശ്യപ്പെട്ടത്. എന്റെ പെര്‍ഫോമന്‍സ് മോശമാണെന്നാണ് കമ്പനി കാരണമായി പറഞ്ഞത്. എനിക്ക് പിരിഞ്ഞു പോകാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. മാനസികമായി ബുദ്ധിമുട്ടിലാണെന്നും. കുടുംബത്തില്‍ ഏക വരുമാനമുള്ളതെനിക്കാണ്. ലോണ്‍, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങി വലിയൊരു പ്രതിസന്ധി നിലവിലുണ്ട്. മാത്രമല്ല, പിരിഞ്ഞു പോകാനാവശ്യപ്പെട്ടതിന്റെ അടുത്ത ദിവസം കമ്പനിയില്‍ നിന്നുള്ള ഒരാള്‍ എന്റെ ലാപ്ടോപ്  കൊണ്ടു പോവുകയും ചെയ്തു,’ ജീവന്‍ പറഞ്ഞു.

നിസ്സാര കാര്യങ്ങള്‍ പറഞ്ഞ് പുറത്താക്കുന്നു

12 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഐ.ടി ജീവനക്കാരനാണ് ജീവന്‍. ലോ പെര്‍ഫോമന്‍സിന്റെ പേര് പറഞ്ഞാണ് ഇദ്ദേഹത്തെ പിരിച്ചു വിടാനൊരുങ്ങുന്നത്. എന്നാല്‍ ലോ പെര്‍ഫോമന്‍സ് ഉള്ള ഒരാളെ അത് മെച്ചപ്പെടുത്താനുള്ള പ്രോജക്ടിലേക്കാണ് സാധാരണയായി മാറ്റുകയെന്നും ഇത് തന്നെ പിരിച്ചു വിടാനുള്ള വെറും കാരണം മാത്രമാണെന്നും ജീവന്‍ പറയുന്നു.

മുന്നൊരുക്കങ്ങളില്ലാതെ പിരിഞ്ഞു പോകാനാവശ്യപ്പെട്ടപ്പോള്‍ തനിക്ക് നഷ്ട പരിഹാരതുക നല്‍കണമെന്ന് രേവതി കമ്പനിയെ അറിയിച്ചിരുന്നു. എന്നാല്‍ പ്രൊബേഷന്‍ പിരീഡിലാണെന്നും അങ്ങനെയൊരു തൊഴിലാളിക്ക് നഷ്ട പരിഹാര തുക നല്‍കാന്‍ സാധിക്കില്ലെന്നുമായിരുന്നു കമ്പനിയില്‍ നിന്ന് രേവതിക്ക് ലഭിച്ച മറുപടി. എന്നാല്‍ താന്‍ പ്രൊബേഷന്‍ പിരീഡിലല്ലെന്നാണ് രേവതി വ്യക്തമാക്കുന്നത്.

എല്ലാ തൊഴില്‍ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ഐ.ടി കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത്. മെയ് 8ന് ഒരു ഐ.ടി ജീവനക്കാരി ആത്മഹത്യചെയ്ത സംഭവവുമുണ്ടായിരുന്നു.

ഐ.ടി കമ്പനികളായതു കൊണ്ട് തന്നെ മറ്റൊരു കമ്പനിയില്‍ ജോലി കിട്ടാനുള്ള സാധ്യത കൂടി നഷ്ടപ്പെടുമെന്ന ഭയത്താല്‍ പ്രതികരിക്കാന്‍ പലരും തയ്യാറാവുന്നില്ലെന്ന് ഐ.ടി ജീവനക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ പ്രതിധ്വനി അവരുടെ പ്രസ്താവനയില്‍ പറയുന്നു.

പലര്‍ക്കും അടിസ്ഥാന വേതനം മാത്രം നല്‍കുന്നതായും സാലറി കട്ടു ചെയ്യുന്നതായും പരാതികള്‍ ലഭിക്കുന്നുണ്ടെന്നും സംഘടന ആരോപിക്കുന്നുണ്ട്.

തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടി ഒഴിവാക്കണമെന്ന് പ്രതിധ്വനി ഐ.ടി കമ്പനികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒരേ സ്വരത്തില്‍ പിരിച്ചുവിടല്‍ നടപടികള്‍ ഉണ്ടാവരുതെന്ന് വ്യക്തമാക്കിയിട്ടും അതാണ് നടക്കുന്നതെന്ന് പ്രതിധ്വനിയുടെ സ്ഥാപകനായ രാജീവ് കൃഷ്ണന്‍ പറയുന്നു.

*ഐ.ടി ജീവനക്കാരുടെ പേരുകള്‍ യാഥാര്‍ത്ഥമല്ല

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കവിത രേണുക

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more