| Wednesday, 28th September 2022, 7:23 pm

മ്യൂസിക് ഡയറക്ടര്‍ ചെയ്ത പാട്ടൊന്നും എനിക്ക് ഇഷ്ടപ്പെട്ടില്ല, സല്‍മാന്റെ ഇടപെടല്‍ കൊണ്ടാണ് 'തേരി മേരി' സംഭവിക്കുന്നത്: സിദ്ദീഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ് സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമായിരുന്നു ബോഡി ഗാര്‍ഡ്. മലയാളത്തിലെ വിജയത്തിന് ശേഷം ചിത്രം ഹിന്ദി,തമിഴ് ഭാഷകളിലും സിദ്ദീഖ് തന്നെ സംവിധാനം ചെയ്യുകയും അവിടെയും വന്‍ വിജയമാകാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു.

സല്‍മാന്‍ ഖാനും കരീനയും ചേര്‍ന്ന് അഭിനയിച്ച ചിത്രത്തിലെ ചിത്രത്തിലെ തേരി മേരി എന്ന പാട്ട് ഭയങ്കര പോപ്പുലറായിരുന്നു. ഈ പാട്ടിനെക്കുറിച്ചും പാട്ടിലേക്ക് എത്താനിടയായ സാഹചര്യത്തെക്കുറിച്ചും സഫാരി ടി.വിയോട് സംസാരിക്കുകയാണ് സിദ്ദീഖ്.

”പ്രീതം ചക്രവര്‍ത്തിയാണ് സിനിമയുടെ മ്യൂസിക് ഡയറക്ടര്‍. ഹിന്ദിയിലെ ഫേമസ് മ്യൂസിക് ഡയറക്ടറാണ്. ഞങ്ങള്‍ പ്രീതത്തിന്റെ മുമ്പില്‍ പൂജ സോങ്ങിന് വേണ്ടി ഇരുന്നു. ഒരുപാട് സോങ്ങുകള്‍ ഇട്ടിട്ട് ഒരു സോങ്ങാണ് ഞങ്ങള്‍ ഫൈനലൈസ് ചെയ്തത്.

ബാക്കി പ്രീതം പ്ലേ ചെയ്ത സോങ്ങ് ഒന്നും സിറ്റുവേഷനോട് ചേര്‍ന്ന് നില്‍ക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. എനിക്ക് ഒന്നും തൃപ്തിയാവുന്നില്ലായിരുന്നു. സിനിമ തീരാനായിട്ടും ഒരു പാട്ട് മാത്രമാണ് ഷൂട്ട് ചെയ്ത് കഴിഞ്ഞത്.

ബാക്കി ഷൂട്ട് ചെയ്യണമെങ്കില്‍ പാട്ട് കിട്ടണം. പ്രീതം ഒത്തിരി പാട്ട് ചെയ്തിട്ടും ഞാന്‍ ഒന്നിലും ഹാപ്പിയല്ലായിരുന്നു. ഇതല്ല നമുക്ക് വേണ്ടത് ഇതിലും നല്ല പാട്ടാണ് നമുക്ക് വേണ്ടതെന്ന് ഞാന്‍ പ്രൊഡ്യൂസേഴ്‌സിനോട് പറഞ്ഞു.

സല്‍മാന്റെ അനിയനാണ് പ്രൊഡ്യൂസര്‍. അദ്ദേഹവും ആകെ സങ്കടത്തിലായി. ഡയറക്ടറിന് പാട്ട് ഒന്നും ഇഷ്ടമാവുന്നില്ലെന്ന് സല്‍മാനോട് പ്രൊഡ്യൂസര്‍ പറഞ്ഞു. പ്രീതം ഇട്ട ഓരോ പാട്ടും പ്ലേ ചെയ്യാന്‍ സല്‍മാന്‍ അദ്ദേഹത്തോട് പറഞ്ഞു.

എല്ലാം കേട്ടപ്പോള്‍ സല്‍മാനും എന്റെ അഭിപ്രായം തന്നെ പറഞ്ഞു. പിന്നീട് സല്‍മാന്‍ വേറെ ഒരു മ്യൂസിക് ഡയറക്ടറിനെ സമീപിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. ഹിമേഷ് രശ്മിയായിരുന്നു അത്.

അവര്‍ രണ്ട് ട്യൂണ്‍ കൊണ്ട് വന്നിട്ടുണ്ടായിരുന്നു. കേട്ട് നോക്കിയപ്പോള്‍ ഒരു രക്ഷയുമില്ലാത്തതായിരുന്നു. അതാണ് തേരി മേരി എന്ന പാട്ട്. അത് മുന്നേ കിട്ടിയിരുന്നെങ്കില്‍ ഗംഭീരമായിരുന്നുവെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സല്‍മാനും ചിരിച്ചുകൊണ്ട് സമ്മതിച്ചു.

ഇത് നേരത്തെ കിട്ടിയിരുന്നെങ്കില്‍ പാട്ട് തന്നെ പരസ്യത്തിന് കൊടുക്കാമായിരുന്നുവെന്നും അത് ഭയങ്കര ഹൈലൈറ്റാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമയുടെ ഷൂട്ടിങ്ങിന്റെ ഏറ്റവും അവസാനമാണ് ഈ പാട്ട് ഷൂട്ട് ചെയ്തത്.

ആ പാട്ടും പിന്നീടുള്ള മൂന്ന് സോങ്ങും ചെയ്തത് ഹിമേഷ് രശ്മിയായിരുന്നു. സിനിമയുടെ ഹൈലൈറ്റാകാന്‍ ഈ പാട്ടിനെല്ലാം കഴിഞ്ഞു. ബോഡിഗാര്‍ഡ് എന്ന സിനിമയുടെ വലിയ വിജയത്തിന് കാരണം ആ പാട്ടുകള്‍ തന്നെയാണ്. തേരി മേരി എന്ന പാട്ട് സിനിമ ഇറങ്ങിയ സമയത്ത് അത്രയും പോപ്പുലറായിരുന്നു. പക്ഷേ കുറച്ചുകൂടെ മുമ്പേ ആ പാട്ട് കിട്ടണമായിരുന്നു,” സിദ്ദീഖ് പറഞ്ഞു.

2011ലെ ഏറ്റവും വലിയ ബോക്സോഫീസ് ഹിറ്റുകളില്‍ ഒന്നായി ഈ ബോളിവുഡ് ബോഡിഗാര്‍ഡ് ചിത്രം മാറിയിരുന്നു. ബോളിവുഡ് 100 കോടി ക്ലബില്‍ ഇടം നേടുകയും ചെയ്തു.

Content Highlight: ‘Teri Meri’ happens because of Salman’s intervention: Director Siddique

We use cookies to give you the best possible experience. Learn more