Advertisement
Film News
രാഞ്ജന ടീം വീണ്ടും; രണ്ടാം ഭാഗമോ? ആവേശമേറ്റി വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jun 21, 11:52 am
Wednesday, 21st June 2023, 5:22 pm

സൂപ്പര്‍ ഹിറ്റ് ചിത്രം രാഞ്ജന ടീം വീണ്ടും ഒന്നിക്കുന്നു. സംവിധായകന്‍ ആനന്ദ് എല്‍. റായിയും ധനുഷും എ.ആര്‍. റഹ്‌മാനും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് തേരേ ഇഷ്‌ക് മേം എന്നാണ് പേര്. ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

ഇരുട്ടില്‍ നിന്നും പെട്രോള്‍ ബോംബുമായി ഓടിവരുന്ന ധനുഷിനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. പശ്ചാത്തലത്തില്‍ ധനുഷ് സംസാരിക്കുന്നതും കേള്‍ക്കാം. ‘നിന്റെ കയ്യിലെ മൈലാഞ്ചി എനിക്ക് എപ്പോഴും മുറിവാണ്, നിന്റെ നെറ്റിയിലെ പൊട്ട് എന്റെ വിധിയെ തകര്‍ക്കുന്നു, നിന്റെ സിന്ദൂരം എപ്പോഴും എന്റെ ശ്വാസം നിര്‍ത്താനായി ഉപയോഗിക്കുകയാണോ? നിഷ്‌കളങ്കനായ കുന്ദന്‍ പെട്ടെന്ന് പതറിപോകും, എന്നാല്‍ ഇപ്രാവശ്യം ശങ്കറിനെ നീ എങ്ങനെ പിടിച്ചുനിര്‍ത്തും?,’ എന്ന് പറഞ്ഞ് ‘ഫ്രം ദി വേള്‍ഡ് ഓഫ് രാഞ്ജന’ എന്നെഴുതിയ ചുമരിലേക്ക് ധനുഷ് പെട്രോള്‍ ബോംബ് എറിയുകയാണ്.

ആളിക്കത്തിയ തീ ശമിച്ചു വരുമ്പോള്‍ ചുമരിലെ എഴുത്ത് തേരെ ഇഷ്‌ക് മേം എന്ന് മാറിയിരിക്കുന്നതും കാണാം. രാഞ്ജനയിലെ പശ്ചാത്തല സംഗീതം കേള്‍പ്പിച്ചുകൊണ്ടാണ് വീഡിയോ അവസാനിക്കുന്നത്.

കുന്ദന്‍ ശങ്കര്‍ എന്ന കഥാപാത്രത്തെയാണ് രാഞ്ജനയില്‍ ധനുഷ് അവതരിപ്പിച്ചിരുന്നത്. പുതിയ വീഡിയോയിലും കുന്ദനെന്നും ശങ്കറെന്നും പറയുന്നത് ചിത്രത്തിന്റെ തുടര്‍ച്ചയാവാം എന്ന സൂചനയാണ് നല്‍കുന്നത്.

യെല്ലോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹിമാന്‍ഷു ശര്‍മയാണ് ചിത്രം നിര്‍മിക്കുന്നത്. ഹിമാന്‍ഷു ശര്‍മയും നീരജ് യാദവും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത്.

Content Highlight: tere ishk mein title announcement