| Friday, 30th December 2022, 10:06 pm

ഗോട്ട് ആരാണെന്ന കാര്യത്തില്‍ ഇനി തര്‍ക്കം വേണ്ട, അത് തെളിഞ്ഞ് കഴിഞ്ഞു: ബാഴ്‌സ ഗോള്‍ കീപ്പര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്ത് കാലങ്ങളായി ഉയര്‍ന്ന് നില്‍ക്കുന്ന ‘ആരാണ് G.O.A.T’ എന്ന ചോദ്യത്തിന് വിരാമമിടാന്‍ സമയമായെന്നാണ് ബാഴ്‌സലോണ ഗോള്‍ കീപ്പര്‍ ടെര്‍ സ്റ്റീഗന്‍ പറയുന്നത്.

ലാലിഗയില്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന മത്സരത്തില്‍ കളത്തിലിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് എഫ്.സി ബാഴ്‌സലോണ. മത്സരത്തിന് മുന്നോടിയായി സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോര്‍ട്ടിവയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അത്തരത്തില്‍ ഒരു ചോദ്യത്തിന്റെ ആവശ്യം ഇനിയില്ലെന്നും അര്‍ജന്റൈന്‍ സൂപ്പര്‍താരം ലയണല്‍ മെസിയാണ് മികച്ച താരമാണെന്നുമാണ് സ്റ്റീഗന്‍ പറഞ്ഞത്. ഇതെല്ലാം അദ്ദേഹം അര്‍ഹിക്കുന്നതാണെന്നും ആഗ്രഹിച്ചതെല്ലാം മെസിക്ക് നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സ്റ്റീഗന്‍ കൂട്ടിച്ചേര്‍ത്തു.

‘മെസിയെ പോലെ ആരും തന്നെ ലോകഫുട്‌ബോളില്‍ ഇല്ലെന്നാണ് ഞാന്‍ കരുതുന്നത്. ഇതെല്ലാം അദ്ദേഹം എന്തുകൊണ്ടും അര്‍ഹിക്കുന്നു. ഫുട്‌ബോള്‍ ലോകത്തെ എക്കാലത്തെയും മികച്ച താരമാരാണെന്ന കാര്യത്തില്‍ എനിക്ക് സംശയമൊന്നുമില്ല. അത് മെസി തന്നെയാണ്,’ സ്റ്റീഗന്‍ വ്യക്തമാക്കി.

അതേസമയം ഖത്തര്‍ ലോകകപ്പില്‍ വിശ്വകിരീടം നേടിയതോടെ അര്‍ജന്റൈന്‍ ഇതിഹാസതാരം ലയണല്‍ മെസിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഫുട്ബോള്‍ ലോകം. ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായാണ് ആളുകള്‍ താരത്തെ കാണുന്നത്.

ലോകകപ്പ് ഫൈനലിന് ശേഷം എംബാപ്പെയും നെയ്മറും പി.എസ്.ജി ക്യാമ്പിലേക്ക് തിരിച്ചു വന്നിരുന്നു. മെസി ഇപ്പോഴും അര്‍ജന്റീനയില്‍ തന്നെ തുടരുകയാണ്. ഉടന്‍ തന്നെ അദ്ദേഹം പി.എസ്.ജിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം ഒരു ഇടവേളക്ക് ശേഷം പുനരാരംഭിച്ച ലീഗ് വണ്ണില്‍ സ്ട്രോസ്ബര്‍ഗിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പി.എസ്.ജി വിജയിച്ചിരുന്നു. നെയ്മര്‍, എംബാപ്പെ മുതലായ സൂപ്പര്‍ താരങ്ങളുമായി മത്സരത്തിന് ഇറങ്ങിയ പി.എസ്.ജിയെ വിറപ്പിക്കുന്ന പോരാട്ടമാണ് സ്ട്രോസ്ബര്‍ഗ് കാഴ്ച വെച്ചത്.

Content Highlights: Ter Stegen praises Lionel Messi

We use cookies to give you the best possible experience. Learn more