വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു
Obituary
വിഖ്യാത ഭൗതികശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th March 2018, 9:49 am

കേംബ്രിഡ്ജ്:  വിഖ്യാത  ഭൗതികശാസ്ത്രജ്ഞന്‍  സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസായിരുന്നു. കേംബ്രിഡ്ജിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു  അന്ത്യം. ഞരമ്പുകളെ ബാധിക്കുന്ന മോട്ടോര്‍ ന്യൂറോണ്‍ ഡിസീസ് എന്ന അസുഖത്തെ തുടര്‍ന്ന് ശരീരം ശോഷിച്ച് വീല്‍ചെയറില്‍ മാത്രമാണ് അദ്ദേഹത്തിന്റെ സഞ്ചാരം.

തമോഗര്‍ത്തങ്ങളെ മനസിലാക്കുന്നതിലും കണികാ പ്രപഞ്ചഘടനാ വിജ്ഞാനീയത്തിലും വലിയ സംഭാവനകള്‍ നല്കിയ അദ്ദേഹം 1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ്  ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമാണ് മാതാപിതാക്കള്‍.

പതിനൊന്നാം വയസ്സില്‍ സ്റ്റീഫന്‍ ഇംഗ്ലണ്ടിലെ ഹെര്‍ട്ട്‌ഫോര്‍ഡ്‌ഷെയറിലെ സെന്റ് ആല്‍ബന്‍സ് സ്‌കൂളില്‍ ചേര്‍ന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കള്‍ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫന്‍ ഹോക്കിങിന് ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം.

17-ആം വയസ്സില്‍ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന് രണ്ട് വര്‍ഷമായിരുന്നു ഡോക്ടര്‍മാര്‍ ആയുസ് വിധിച്ചിരുന്നത്. എന്നാല്‍ വൈദ്യശാസ്ത്രത്തിന് തന്നെ അത്ഭുതമായി ആധുനിക കാലത്തെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞനായി അദ്ദേഹം മാറുകയായിരുന്നു. ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ആണ് ഏറ്റവും പ്രശ്‌സതമായ അദ്ദേഹത്തിന്റെ രചന


കടപ്പാട് theguardian