വീണ്ടും ചുവപ്പണിഞ്ഞ് ദഹാനു; ബി.ജെ.പിക്കെതിരെ സി.പി.ഐ.എം സ്ഥാനാർത്ഥിക്ക് ഉജ്വലവിജയം
national news
വീണ്ടും ചുവപ്പണിഞ്ഞ് ദഹാനു; ബി.ജെ.പിക്കെതിരെ സി.പി.ഐ.എം സ്ഥാനാർത്ഥിക്ക് ഉജ്വലവിജയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2024, 4:29 pm

മുംബൈ: വീണ്ടും ചുവപ്പണിഞ്ഞ് ദഹാനു. ബി.ജെ.പിക്കെതിരെ സി.പി.ഐ.എം സ്ഥാനാർത്ഥി വിനോദ് നികോളയ്ക്ക് വൻ വിജയം. മഹാരാഷ്‌ട്രയിൽ സി.പി.ഐ.എം സിറ്റിങ്‌ സീറ്റായ ദഹാനുവിൽ 5133 വോട്ടിന്റെ ലീഡിനാണ്‌ ബി.ജെ.പിയുടെ സ്ഥാനാർഥി വിനോദ്‌ സുരേഷ്‌ മേധയെ വിനോദ്‌ നിക്കോള പിന്നിലാക്കിയത്‌.

104702 വോട്ടാണ്‌ വിനോദ്‌ നിക്കോള നേടിയത്‌. മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്രനായ സ്ഥാനാർഥിയാണ്‌ വിനോദ്‌ നിക്കോള. കർഷകരുടെയും ആദിവാസികളുടെയും അവകാശങ്ങൾക്കായി തെരുവിലിറങ്ങിയ നേതാവാണ് നിക്കോള.

അദ്ദേഹം ദഹാനുവിൽ വൈദ്യുതി, വെള്ളം, റേഷൻ, ആരോഗ്യ സംരക്ഷണം, സ്‌കൂളുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി നിരന്തരം ശബ്ദമുയർത്തി‌.

മുംബൈയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ദഹാനു ഗുജറാത്ത് അതിർത്തിയോട് അടുത്താണ്. ദഹാനു നഗരമേഖല ബി.ജെ.പിക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശമാണ്‌. എന്നാൽ തലസാരി തഹസിൽ ഉൾപ്പെടെ ആദിവാസിമേഖലകളിൽ സി.പി.ഐ. എമ്മിന് ശക്തമായ പിന്തുണയുള്ള പ്രദേശങ്ങളാണ്‌.

അഖിലേന്ത്യ കിസാൻ സഭയും കമ്യൂണിസ്റ്റ് പാർടിയും നേതൃത്വം നൽകിയ വാർളി ആദിവാസി പ്രക്ഷോഭം മുമ്പ്‌ ജവഹർ എന്നറിയപ്പെട്ടിരുന്ന ദഹാനുവിലാണ്‌. മണ്ഡലത്തിലെ തലസാരി പഞ്ചായത്ത്‌ 58 വർഷമായി സിപിഐ എം ഭരണത്തിലാണ്‌. 2019ൽ 4,707 വോട്ടിനാണ്‌ ബിജെപിയെ നിക്കോളെ പരാജയപ്പെടുത്തിയത്‌.

 

Content Highlight: tenth victory; CPI M raised red flag in Dahanu