ന്യൂദല്‍ഹി: കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ പത്താംവട്ട ചര്‍ച്ചയും പരാജയത്തില്‍ കലാശിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ കേന്ദ്രത്തെ അറിയിച്ചതോടെയാണ് സമവായമാകാതെ ചര്‍ച്ച അവസാനിച്ചത്. ഏകേദശം അഞ്ച് മണിക്കൂറോളമാണ് കേന്ദ്രം കര്‍ഷകരുമായി ചര്‍ച്ച നടത്തിയത്.
നാല്‍പ്പതോളം കര്‍ഷക സംഘടനാ നേതാക്കളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പീയുഷ് ഗോയല്‍ തുടങ്ങിയവരാണ് കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിച്ച് കര്‍ഷകരുമായി ചര്‍ച്ചയ്‌ക്കെത്തിയത്. ദല്‍ഹിയിലെ വിജ്ഞാന്‍ ഭവനിലായിരുന്നു ചര്‍ച്ച.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെങ്കില്‍ കോടതിയില്‍ പോകാന്‍ ചര്‍ച്ചയില്‍ കര്‍ഷകരോടു കേന്ദ്രം പറഞ്ഞു. നിയമങ്ങള്‍ നടപ്പാക്കുന്നത് ഒരുവര്‍ഷത്തോളം നിര്‍ത്തിവെക്കാമെന്നും കേന്ദ്രം കര്‍ഷകരെ അറിയിച്ചു.
നിയമം ഒറ്റയടിക്ക് പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്നും അതിനു വേണമെങ്കില്‍ കര്‍ഷക സംഘടനകള്‍ക്ക് കോടതിയെ സമീപിക്കാമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി കര്‍ഷകരുടെ ഒരു ചെറിയ സമിതി രൂപവത്കരിക്കണമെന്നും പ്രതിഷേധങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കേന്ദ്രം കര്‍ഷകരോട് ആവശ്യപ്പെട്ടു.
എന്നാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ കര്‍ഷക നേതാക്കള്‍ തയ്യാറായില്ല. നിലവിലെ കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ച ശേഷം ചര്‍ച്ച ചെയ്യുകയും പിന്നീട് ആവശ്യമെങ്കില്‍ മറ്റൊരു പുതിയ നിയമം കൊണ്ടുവരാനുമുള്ള സാധ്യതയുമാണ് ഇന്നത്തെ യോഗത്തില്‍ കര്‍ഷകര്‍ മുന്നോട്ടുവെച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Farmers Talk With Union Government Failed