| Thursday, 4th July 2024, 3:25 pm

വീണ്ടും തകർന്നു; ബീഹാറിൽ 15 ദിവസത്തിൽ തകർന്നത് പത്താമത്തെ പാലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്ന: ബീഹാറിൽ വീണ്ടും പാലം തകർന്നു. 15 ദിവസത്തിൽ തകരുന്ന പത്താമത്തെ പാലമാണിത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ട് പാലങ്ങൾ തകർന്ന സരണിൽ ആണ് വീണ്ടും പാലം തകർന്നത്.

15 വർഷം മുൻപ് നിർമിച്ച പാലം ഇന്ന് രാവിലെ തകർന്ന് വീഴുകയായിരുന്നെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അമൻ സമീർ പറഞ്ഞു. ആളപായങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ ഉദ്യോഗസ്ഥർക്കൊപ്പം നിരവധി ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയതായി അദ്ദേഹം പറഞ്ഞു.

‘ഞാൻ സംഭവസ്ഥലത്തേക്ക് പോവുകയാണ്. ജില്ലാ ഭരണകൂടത്തിലെ മറ്റ് ഉദ്യോഗസ്ഥർ ഇതിനകം അവിടെ എത്തിയിട്ടുണ്ട്. പാലം തകർന്നതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. അടുത്തിടെയാണ് അവിടെ മാലിന്യം നീക്കുന്ന പരിപാടികൾ ആരംഭിച്ചത്,’ ജില്ലാ മജിസ്‌ട്രേറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലം സരൺ ജില്ലയിലെ ബാനയോപൂർ ബ്ലോക്കിലാണ് ഉള്ളത്. സരണിന്റെ അയൽ ജില്ലയായ സിവാനിലേക്ക് ബന്ധിപ്പിക്കുന്ന പാലമായിരുന്നു ഇത്.

ജൂലൈ മൂന്നിന് സരൺ ജില്ലയിലെ ജന്തബസാർ ഏരിയയിലും ലഹ്‌ളാദപൂർ ഏരിയയിലും ഉള്ള രണ്ട് പാലങ്ങൾ തകർന്നിരുന്നു. പിന്നാലെയാണ് പുതിയ തകർച്ച.

ജില്ലയിൽ പാലങ്ങൾ തകരുന്നതിൽ കാരണം കണ്ടെത്താൻ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

കഴിഞ്ഞ കുറച്ച് ദിവസമായി പെയ്ത കനത്ത മഴയാണ് പാലങ്ങൾ തകരുന്നതിനുള്ള കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

സംസ്ഥാനത്തെ എല്ലാ പഴയ പാലങ്ങളുടെയും സർവേ നടത്തി അടിയന്തരമായി അറ്റകുറ്റപ്പണി ആവശ്യമുള്ളവ കണ്ടെത്തണമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ റോഡ് നിർമാണ, റൂറൽ വർക്ക് വകുപ്പുകളോട് നിർദേശിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവം.

കഴിഞ്ഞ ദിവസം ബീഹാറിലെ സിവാൻ ജില്ലയിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഗണ്ഡകി നദിക്ക് കുറുകെയുള്ള മറ്റൊരു പാലമായിരുന്നു തകർന്നത്.

ഇത് ബീഹാറിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾ കൂട്ടുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ജൂൺ 22 ന് ദരൗണ്ട മേഖലയിൽ പാലത്തിൻ്റെ ഒരു ഭാഗം തകർന്നിരുന്നു. മധുബനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് തുടങ്ങിയ ജില്ലകളിലും സമാനമായ സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബീഹാറിൽ അടുത്തിടെ പൂർത്തിയാക്കിയതും നിർമാണത്തിലിരിക്കുന്നതും പഴയതുമായ എല്ലാ പാലങ്ങളുടെയും ഓഡിറ്റ് ആവശ്യപ്പെട്ട് ഒരു പൊതുതാത്പര്യ ഹരജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബീഹാറിൽ നിർമ്മാണത്തിലിരിക്കുന്ന മൂന്ന് പ്രധാന പാലങ്ങളും മറ്റ് നിരവധി പാലം തകർച്ചകളും ഉണ്ടായതിനാൽ വിഷയത്തിൽ സുപ്രീം കോടതിയുടെ അടിയന്തര പരിഗണന വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകൻ ബ്രജേഷ് സിംഗ് ആണ് പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്.

Content Highlight: Tenth  bridge collapsed in bihar

We use cookies to give you the best possible experience. Learn more