| Sunday, 1st October 2023, 4:53 pm

പോർച്ചുഗലിൽ വീട്ടുവാടക താങ്ങാനാവുന്നില്ല; തെരുവിൽ ആയിരങ്ങളുടെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലിസ്ബൺ: പോർച്ചുഗലിൽ നഗരവത്കരണവും ടൂറിസത്തിലെ റെക്കോഡ് വർധനവും കാരണം വീട്ടുവാടകയും വീടുകളുടെ വില്പന നിരക്കും വർധിക്കുന്നതിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് പോർച്ചുഗീസുകാർ തെരുവിലിറങ്ങി.

കഴിഞ്ഞ ദിവസം ലിസ്ബൺ, പോർട്ടോ തുടങ്ങിയ നഗരങ്ങളിൽ നടന്ന റാലിയിൽ ‘വീട് അവകാശമാണ്’ എന്ന ബാനറുകൾ കൈയിൽ പിടിച്ച് ആളുകൾ പ്രതിഷേധിച്ചു. സോഷ്യലിസ്റ്റ് സർക്കാർ ജനങ്ങളെയല്ല, മുതലാളിമാരെയാണ് സംരക്ഷിക്കുന്നത് എന്നും അവർ ആരോപിച്ചു.

പടിഞ്ഞാറൻ യൂറോപ്പിലെ ദരിദ്ര രാജ്യങ്ങളിലൊന്നാണ് പോർച്ചുഗൽ. 1,200 യൂറോയാണ് (1,268 ഡോളർ) ഇവിടുത്തെ ശരാശരി മാസക്കൂലി. 2015 മുതലുള്ള ടൂറിസം മേഖലയിലെ വളർച്ച ലിസ്ബണിലെ വീട്ടുവാടക 65 ശതമാനം വരെ വർധിപ്പിക്കുന്നതിന് കാരണമായിരുന്നു. ഇതോടെ ഭൂരിപക്ഷത്തിനും അപാർട്മെന്റുകളിൽ താമസിക്കുന്ന ചെലവ് താങ്ങാൻ പറ്റാതായി.

ഈ കാലയളവിൽ വീടുകളുടെ വില്പന നിരക്ക് 137 ശതമാനത്തിലേക്ക് കുതിച്ചതായി ഹൗസിങ് ഡാറ്റ സ്‌പെഷലിസ്റ്റുകൾ പറയുന്നു.

കുടിയേറ്റക്കാരെയും ദിവസക്കൂലി ചെയ്യുന്ന തൊഴിലാളികളെയുമാണ് വില വർധനവ് ഏറ്റവും കൂടുതൽ ബാധിച്ചത്. മൈഗ്രേഷൻ ഒബ്സെർവേറ്ററിയുടെ കണ്ടെത്തൽ പ്രകാരം പോർച്ചുഗലിലെ കുടിയേറ്റക്കാരിൽ 40 ശതമാനം വരുന്ന ബ്രസീലുകാർക്ക് പോർച്ചുഗീസ് ജനതയെ അപേക്ഷിച്ച് 20 ശതമാനം കുറവ് വരുമാനമേ ലഭിക്കുന്നുള്ളൂ.

പോർച്ചുഗലിലെ അടിസ്ഥാന മിനിമം കൂലിയായ 760 യൂറോയിലും കുറവാണ് പലർക്കും ലഭിക്കുന്നത്.

ഷെയർഡ് റൂമുകളിലെ ബങ്ക് ബെഡുകളിൽ താമസിച്ച പലരും വാടക താങ്ങാനാകാതെ ടെന്റുകൾ കെട്ടി താമസിക്കുകയാണ്.

‘ആളുകൾക്ക് വാടക നൽകാൻ സാധിക്കണമെങ്കിൽ വേതനവും വലിയ തോതിൽ വർധിപ്പിക്കണം. വാടകയിൽ നിയന്ത്രണം കൊണ്ടുവരണം,’ പ്രതിഷേധക്കാരിലൊരാളായ ദിനിസ് ലോറെൻകോയെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

പോർച്ചുഗലിൽ മികച്ച ജീവിതം തേടി വരുന്ന 38 ശതമാനം ജനങ്ങളും തിങ്ങിഞെറുങ്ങിയാണ് വീടുകളിൽ താമസിക്കുന്നതെന്ന് 2021 സെൻസസിൽ വ്യക്തമായിരുന്നു. അതേസമയം, വീടുകൾ ലഭിക്കുന്ന കാര്യത്തിൽ കുടിയേറ്റക്കാർ വിവേചനം നേരിടാറുണ്ടെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Content Highlight: Tent-dwelling migrants join protest over Portugal’s housing prices

We use cookies to give you the best possible experience. Learn more