| Sunday, 16th April 2023, 8:01 pm

ക്യാച്ചിന് പിന്നാലെ സഞ്ജുവും ഹെറ്റിയും ജുറെലും; കൂട്ടിയിടിച്ച് മൂന്ന് പേരും പന്ത് കൈവിട്ടു; അവനില്ലായിരുന്നെങ്കില്‍.... ഏര്‍ളി അഡ്വാന്റേജുമായി രാജസ്ഥാന്‍; വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിലെ 23ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്. ഗുജറാത്തിന്റെ ഹോം സ്‌റ്റേഡിയമായ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വെച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനല്‍ നടന്ന അതേ സ്റ്റേഡിയത്തില്‍ വെച്ച് ഫൈനല്‍ കളിച്ച അതേ ടീമുകള്‍ തന്നെ വീണ്ടും ഏറ്റുമുട്ടുകയാണ്.

കഴിഞ്ഞ സീസണിന്റെ ഫൈനലിന് ശേഷം ഇരുവരും ഏറ്റുമുട്ടുന്ന ആദ്യ മത്സരം കൂടിയാണിത്. മുമ്പ് കളിച്ച മൂന്ന് മത്സരത്തിലും ഗുജറാത്തിനെ തോല്‍പിക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നില്ല. ഈ കളങ്കം മായ്ക്കാന്‍ കൂടിയാണ് രാജസ്ഥാന്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തിലേക്കിറങ്ങിയിരിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വൃദ്ധിമാന്‍ സാഹയും ശുഭ്മന്‍ ഗില്ലും ഗുജറാത്തിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തപ്പോള്‍ പവര്‍ പ്ലേ സ്‌പെഷ്യലിസ്റ്റായ ട്രെന്റ് ബോള്‍ട്ടായിരുന്നു രാജസ്ഥാന് വേണ്ടി ആദ്യ ഓവര്‍ പന്തറിഞ്ഞത്.

ആദ്യ ഓവറിലെ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സാഹയെ പുറത്താക്കാന്‍ ബോള്‍ട്ടെടുത്ത ക്യാച്ചാണ് ചര്‍ച്ചാ വിഷയം.

ഓവറിലെ മൂന്നാം പന്തില്‍ ഷോട്ട് കളിച്ച സാഹക്ക് പിഴക്കുകയായിരുന്നു. ബാറ്റിന്റെ എഡ്ജില്‍ കൊണ്ട് ഉയര്‍ന്ന പൊങ്ങിയ പന്ത് കൈപ്പിടിയിലൊതുക്കാനായി മൂന്ന് താരങ്ങള്‍ ഓടിയെത്തിയിരുന്നു. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണും ഹെറ്റ്‌മെയറും എങ്ങുനിന്നോ ഓടിയെത്തിയ ധ്രുവ് ജുറെലുമാണ് ക്യാച്ചിനായി ശ്രമിച്ചത്.

താന്‍ എടുക്കാന്‍ ശ്രമിക്കുന്ന ക്യാച്ചിന് പിന്നാലെ മറ്റ് രണ്ട് പേര്‍ കൂടിയുണ്ടെന്നറിയാതെ മൂന്ന് പേരും കൂട്ടിയിടിച്ച് വീഴുകയായിരുന്നു. പന്തെറിഞ്ഞ് കാത്തിരിക്കുകയായിരുന്ന ബോള്‍ട്ട് സഞ്ജുവിന്റെ ഗ്ലൗവില്‍ തട്ടിയെത്തിയ റീ ബൗണ്ട് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ വൈറലാവുകയാണ്.

മൂന്ന് പന്തില്‍ നിന്നും നാല് റണ്‍സ് നേടിയാണ് സാഹ മടങ്ങിയത്.

അതേസമയം, മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ടൈറ്റന്‍സ് 24 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. പത്ത് പന്തില്‍ നിന്നും 14 റണ്‍സുമായി സായ് സുദര്‍ശനും അഞ്ച് പന്തില്‍ നിന്നും നാല് റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

Content highlight: Tent Boult’s catch to dismiss Wriddhiman Saha goes viral

We use cookies to give you the best possible experience. Learn more