ഇംഫാല്‍: മണിപ്പൂരില്‍ സമാധാന മാര്‍ച്ചിനിടെ സംഘര്‍ഷാവസ്ഥയെന്ന് റിപ്പോര്‍ട്ട്. മണിപ്പൂര്‍ ദേശീയ പാതകളില്‍ സ്വതന്ത്ര സഞ്ചാരം ആരംഭിക്കുന്നതിനുള്ള കേന്ദ്രത്തിന്റെ അനുമതിക്ക് പിന്നാലെയാണ് മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം പുറപ്പെട്ടത്.
മെയ്തി വിഭാഗത്തിന് സ്വാധീനമുള്ള ഇംഫാല്‍ താഴ്വരയിലും ഗോത്രവര്‍ഗക്കാര്‍ കൂടുതലായി താമസിക്കുന്ന കുന്നിന്‍ പ്രദേശങ്ങളിലും ഇതിന് പിന്നാലെ സുരക്ഷ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
മാര്‍ച്ച് എട്ട് മുതല്‍ ഇംഫാലിനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളില്‍ ഗതാഗതം അനിയന്ത്രിതമാക്കണമെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സമാധാന മാര്‍ച്ച് ആരംഭിക്കാന്‍ തീരുമാനമായത്.
ഫെഡറേഷന്‍ ഓഫ് സിവില്‍ സൊസൈറ്റീസിന്റെ ഭാഗമായാണ് മാര്‍ച്ച് ആസൂത്രണം ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മാര്‍ച്ച് സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സംരംഭമാണിതെന്ന് സംഘടന അവകാശപ്പെടുകയും ചെയ്തിരുന്നു.
അതേസമയം നിര്‍ദിഷ്ട മാര്‍ച്ച് പ്രകോപനം സൃഷ്ടിക്കുന്നുണ്ടെന്നും കുന്നുകളിലേക്ക് പ്രവേശിക്കുന്നത് അക്രമങ്ങള്‍ക്ക് കാരണമാവുമെന്നും കുക്കി സംഘടനകള്‍ പറഞ്ഞു. കുക്കി വിഭാഗത്തെ പ്രതിനിധീകരിക്കുന്ന കമ്മിറ്റി ഓണ്‍ ട്രൈബല്‍ യൂണിറ്റിയും അമിത് ഷായുടെ സ്വതന്ത്ര സഞ്ചാരത്തിനുള്ള അനുമതിയെ നിഷേധിക്കുകയും ചെയ്തു.
നിലവില്‍ രാഷ്ട്രപതി ഭരണം തുടരുന്ന മണിപ്പൂരില്‍ ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഇംഫാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സംഘര്‍ഷബാധിത മേഖലകളിലേക്കടക്കം ബസ് സര്‍വീസുകളടക്കം പുനസ്ഥാപിക്കുകയും സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ഇംഫാല്‍, കാങ്പോക്പി, സേനാപതി, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ റൂട്ടുകളിലാണ് നിലവില്‍ ബസ് സര്‍വീസ് പുനരാരംഭിച്ചിട്ടുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ആദ്യം സര്‍വീസുകള്‍ ഉറപ്പാക്കിയിരുന്നത്.
Content Highlight: Tensions flare during peace march in Manipur; report