എത്ര സമ്മര്‍ദമുണ്ടായാലും ഓപ്പറേഷന്‍ കുബേരയില്‍ നിന്ന് പിന്നോട്ടില്ല- ആഭ്യന്തരമന്ത്രി
Daily News
എത്ര സമ്മര്‍ദമുണ്ടായാലും ഓപ്പറേഷന്‍ കുബേരയില്‍ നിന്ന് പിന്നോട്ടില്ല- ആഭ്യന്തരമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th May 2014, 2:40 pm

[] തിരുവനന്തപുരം: കൊളളപലിശക്കെതിരെ നടക്കുന്ന ഓപ്പറേഷന്‍ കുബേര അട്ടിമറിക്കാന്‍ അണിയറയില്‍ സജീവനീക്കം നടക്കുന്നുവെന്നും എന്നാല്‍ എത്ര സമര്‍ദമുണ്ടായാലും ഓപ്പറേഷന്‍ കുബേരയില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

പോലീസ് നടപടിക്കെതിരെ ചില വന്‍കിടസ്ഥാപനങ്ങളിലെ പ്രതിനിധികള്‍ നേരില്‍ വന്നു കണ്ട് പരാതി പറഞ്ഞു. വന്‍കിട സ്ഥാപനങ്ങള്‍ കൊളളപലിശ വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകും. റിസര്‍വ് ബാങ്ക് വ്യവസ്ഥകള്‍ ലംഘിക്കുന്ന വന്‍കിടസ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശനമായ നടപടിയുണ്ടാകും- ചെന്നിത്തല പറഞ്ഞു.

ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച് ആന്റ് ആക്ഷന്‍ തിരവുവനന്തപുരത്ത് സംഘടിപ്പിച്ച ഓപ്പറേഷന്‍ കുബേര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ആഭ്യന്തര മന്ത്രി കോടിയേരി കോടിയേരി ബാലകൃഷ്ണനും ചടങ്ങിനെത്തിയിരുന്നു.

ആഭ്യന്തര വകുപ്പിന്റേത് ആത്മാര്‍ഥമായ സമീപനമാണെങ്കില്‍ കൊളളപലിശക്കാരില്‍ നിന്ന് മാസപ്പടി വാങ്ങുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ലിസ്റ്റ് കൈമാറാന്‍ താന്‍ തയ്യാറാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ട്ടിയും ഗ്രൂപ്പും നോക്കാതെ ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാമോയെന്ന് കോടിയേരി ചോദിച്ചു. കണ്ണിലെണ്ണയൊഴിച്ച് ഇരുന്നില്ലെങ്കില്‍ പോലീസിലെ ഒരുവിഭാഗം കാര്യങ്ങള്‍ നിയന്ത്രിക്കുമെന്നും ആഭ്യന്തരമന്ത്രിയുടെ നടപടികള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്നും കോടിയേരി അറിയിച്ചു.