ലത്തൂരില്‍ ദളിത്-മറാത്ത സംഘര്‍ഷം: ഗ്രാമത്തില്‍ ദളിതരെ ഒറ്റപ്പെടുത്തുന്നെന്ന് ആരോപണം
national news
ലത്തൂരില്‍ ദളിത്-മറാത്ത സംഘര്‍ഷം: ഗ്രാമത്തില്‍ ദളിതരെ ഒറ്റപ്പെടുത്തുന്നെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd July 2018, 10:27 am

ലത്തൂര്‍: ലത്തൂര്‍ ജില്ലയിലെ രുദ്രാവതിയില്‍ ദളിത്-മറാത്ത സംഘര്‍ഷം രൂക്ഷമാകുന്നു. ദളിത് യുവാവും മറാത്ത യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് രണ്ടു ജാതിവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നതയായി മാറിക്കൊണ്ടിരിക്കുന്നത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഗ്രാമത്തില്‍ പൊലീസുദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. തര്‍ക്ക വിമുക്ത ഗ്രാമമായി മുന്‍പ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഗ്രാമമാണ് രുദ്രാവതി.

മറാത്ത വിഭാഗത്തില്‍പ്പെട്ട ഇരുപതോളം പേര്‍ ചേര്‍ന്ന് യുവാവിനെ ആക്രമിക്കുകയും ഇതു തടയാനെത്തിയവരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. “പ്രണയബന്ധത്തിലേര്‍പ്പെട്ടതിന് യുവാവിനു നേരെ അതിക്രമമുണ്ടായതിനു ശേഷം ഞങ്ങള്‍ക്കെതിരെ തുടരെത്തുടരെ അക്രമ സംഭവങ്ങളുണ്ടായി. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തില്ല. ഇതിനു ശേഷം അവര്‍ സംഘം ചേര്‍ന്ന് ഞങ്ങളുടെ വീടുകളില്‍ അതിക്രമിച്ചു കയറുകയും ദണ്ഡുകളുപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു.” ഗ്രാമമുഖ്യന്റെ മകനും ദളിത് വിഭാഗത്തില്‍പ്പെട്ടയാളുമായ നിതിന്‍ ഷിന്‍ഡെ പറയുന്നു.


Also Read: എസ്.എഫ്.ഐ നേതാവിനെ ആക്രമിച്ചത് ഇരുപതു പേരടങ്ങുന്ന സംഘം; ഒരാളൊഴികെ മറ്റുള്ളവര്‍ വിദ്യാര്‍ത്ഥികളല്ലായിരുന്നുവെന്ന് ദൃക്‌സാക്ഷി


അക്രമത്തിനു ശേഷം തങ്ങളെ ഗ്രാമത്തിലെ മറ്റു കുടുംബങ്ങള്‍ മനഃപൂര്‍വം മാറ്റിനിര്‍ത്തുകയാണെന്നും ദളിതര്‍ പറയുന്നു. “പന്ത്രണ്ടു കുടുംബങ്ങള്‍ ഗ്രാമം വിട്ടു വന്നിരിക്കുകയാണ്. ഉദ്ഗിര്‍ തഹസില്‍ ആസ്ഥാനത്തെത്തി പുനരധിവാസം ആവശ്യപ്പെട്ടിരിക്കുകയാണ് ഞങ്ങള്‍. താല്കാലികമായി ഒരു കോളജ് ഹോസ്റ്റലില്‍ താമസിക്കുകയാണിപ്പോള്‍. പലരും ഗ്രാമത്തിലേക്കു തന്നെ തിരികെ പോയെങ്കിലും ഞങ്ങള്‍ പോകാന്‍ തയ്യാറല്ല. ഞങ്ങള്‍ക്കിനി ആ ഗ്രാമത്തിലേക്ക് പോകാനാഗ്രഹമില്ല.” ഗ്രാമവാസിയായ തുക്കാറാം ഷിന്‍ഡെ പറയുന്നു.

വിഷയത്തില്‍ ഇതിനോടകം 22 പേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ആക്രമണം, ഭീഷണിപ്പെടുത്തല്‍, സാമൂഹികമായി ഒറ്റപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. എസ്.സി/എസ്.ടി. ആക്ട് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. “തങ്ങളെ സാമൂഹികമായി ഒറ്റപ്പെടുത്തുന്നുവെന്നും പരാതിക്കാര്‍ പറയുന്നുണ്ട്. പ്രാഥമികാന്വേഷണത്തില്‍ ഇത്തരമൊരു സാഹചര്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും, അന്വേഷണം തുടരുന്നുണ്ട്.” ഡി.എസ്.പി. ശ്രീധര്‍ പവാര്‍ പറയുന്നു.


Also Read: ബിഷപ്പ് പീഡിപ്പിച്ചുവെന്ന് മാര്‍പ്പാപ്പയ്ക്ക് പരാതി നല്‍കിയിരുന്നു; കര്‍ദിനാല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൈയ്യൊഴിഞ്ഞെന്നും കന്യാസ്ത്രീയുടെ മൊഴി


എന്നാല്‍, രണ്ടു പേര്‍ തമ്മിലുള്ള പ്രേമബന്ധത്തെത്തുടര്‍ന്ന് തര്‍ക്കമുണ്ടായതായി അറിയാമെന്നും, വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നത്തെ പെരുപ്പിച്ചു കാട്ടി രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ളതാക്കിമാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ള മറാത്താ വിഭാഗക്കാരുടെ പക്ഷം. “അവര്‍ക്ക് പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീടുകള്‍ ആവശ്യമായിരിക്കും. ചില പ്രാദേശിക നേതാക്കളുടെ ഇടപെടലിന്റെ ഫലമാണ് ഈ ആരോപണങ്ങള്‍” പ്രതിപ്പട്ടികയിലുള്ള ദത്താത്രേയ് അതോല്‍ക്കര്‍ പറഞ്ഞു.

തര്‍ക്കത്തിന് ആവശ്യമില്ലാതെ ജാതിഭേദത്തിന്റെ നിറം നല്‍കുകയാണെന്നാണ് അധികൃതരും ആരോപിക്കുന്നത്. സ്ഥലത്ത് പൊലീസുദ്യോഗസ്ഥരുടെ സേവനം ലഭ്യമാണെന്നും, സ്ഥിതിഗതികളില്‍ മാറ്റമുണ്ടാകുന്നതുവരെ സുരക്ഷ ഉറപ്പു വരുത്തുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.