ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് റേഞ്ചേസിന്റെ കനത്ത വെടിവെയ്പ്പില്‍ 4 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് 8 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് പാക്ക് സൈന്യം വെടിയുതിര്‍ത്തത്. ജമ്മുകാശ്മീരിലെ സാംബ ജില്ലയിലാണ് സംഭവം.
കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ബി.എസ്.എഫ് അസിസ്റ്റന്റ് കമാന്‍ഡന്റാണ്. ഒരാള്‍ക്ക് വെടിവെയ്പ്പില്‍ പരിക്കേറ്റിട്ടുണ്ട്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു വെടിവെയ്പ്പ് ആരംഭിച്ചതെന്ന് ബി.എസ്.എഫ് ഐജി റാം അവതാര്‍ പറഞ്ഞു.
അസിസ്റ്റന്റ് കമാന്‍ഡന്റ് ജത്ര്ന്ദര്‍ സിങ്ങ്, അസിസ്റ്റന്റ് സബ് ഇന്‍പെക്ടര്‍ റാം നിവാസ്, സബ് ഇന്‍സ്‌പെക്ടര്‍ രജ്‌നീഷ്, ഹാന്‍സ് രാജ് എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികര്‍.
രാജ്യാന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തലിന് പാക്കിസ്ഥാന്‍ റേഞ്ചേസും ബി.എസ്.എഫും തമ്മില്‍ കരാറായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി 10.30ഓടെ ഈ കരാര്‍ ലംഘിച്ചാണ് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തതെന്ന് ഇന്ത്യന്‍ ആര്‍മി വൃത്തങ്ങള്‍ പറയുന്നു. സംഭവത്തില്‍ ജമ്മു കശ്മീര്‍ ഡി.ജി.പി എസ്.പി വൈദ് അനുശോചനം അറിയിച്ചു.