national news
ശിവരാത്രി ആഘോഷങ്ങൾക്ക് പിന്നാലെ ബീഹാറിൽ ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി; പിന്നാലെ സംഘർഷാവസ്ഥ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 27, 11:20 am
Thursday, 27th February 2025, 4:50 pm

ബീഹാർ: ബീഹാറിൽ ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ നശിപ്പിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ സംഘർഷാവസ്ഥ ഉടലെടുത്തു. വടക്കൻ ബീഹാറിലെ സീതാമർഹി ജില്ലയിലാണ് സംഭവം. ഗ്രാമക്ഷേത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന വിഗ്രഹങ്ങൾ അജ്ഞാതർ നശിപ്പിച്ചതായി ഒരു
പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശിവരാത്രി ആഘോഷങ്ങൾ കഴിഞ്ഞതിന് പിന്നാലെയാണ് വിഗ്രഹങ്ങൾ നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

സീതാമർഹി ജില്ലയിലെ പരമാനന്ദപൂർ ഗ്രാമത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് ഡെപ്യൂട്ടി എസ്.പി രാം കൃഷ്ണ പറഞ്ഞു. രാവിലെ ശിവന്റെയും കാർത്തികേയന്റെയും വിഗ്രഹങ്ങൾ തകർക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

തലേദിവസം ശിവരാത്രി ആഘോഷങ്ങൾ നടന്നിരുന്നതിനാൽ രാത്രി വൈകി വരെയും ക്ഷേത്രത്തിൽ ആളുകൾ ഉണ്ടായിരുന്നതായും, ബുധനാഴ്ച രാത്രി വൈകി ഒരു പ്രത്യേക സമുദായത്തിലെ അംഗങ്ങളാണ് ഇത് ചെയ്തതെന്ന് ഗ്രാമവാസികൾ സംശയിക്കുന്നതായി ഡെപ്യൂട്ടി എസ്.പി പറഞ്ഞു.

‘പക്ഷെ ആരെങ്കിലും ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് ഗ്രാമവാസികൾ ആരും കണ്ടിട്ടില്ല. കൂടുതൽ അന്വേഷണം നടത്താതെ ഒന്നും തീരുമാനിക്കാൻ സാധിക്കില്ല. അന്വേഷണം നടത്താൻ വിദഗ്ധ സംഘത്തെ നിയമിച്ചിട്ടുണ്ട്. അതേസമയം, ക്രമസമാധാനം നിലനിർത്താൻ പ്രദേശത്ത് മതിയായ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റ് റിച്ചി പാണ്ഡെയുടെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ ഗ്രാമം സന്ദർശിക്കുകയും ഗ്രാമവാസികളോട് ശാന്തത പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട് ,’ അദ്ദേഹം കൂട്ടിച്ചേർത്തു.

 

Content Highlight: Tension grips Bihar district after idols found vandalised in village temple