'സ്വതന്ത്ര ഫലസ്തീൻ'; പാശ്ചാത്യ രാജ്യങ്ങളിൽ പതിനായിരങ്ങളുടെ പ്രതിഷേധ പ്രകടനങ്ങൾ
ലണ്ടൻ: ഗസക്ക് മേലുള്ള ഇസ്രഈൽ ആക്രമണം കടുപ്പിക്കുമ്പോൾ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധക്കടലായി ലോകമെമ്പാടുമുള്ള പ്രകടനറാലികൾ.
വെള്ളിയാഴ്ച അറബ് രാജ്യങ്ങളിലാണ് പ്രതിഷേധ കൂട്ടായ്മകൾ നടന്നതെങ്കിൽ ഇസ്രഈലിന് അചഞ്ചലമായ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള പാശ്ചാത്യൻ രാജ്യങ്ങളിൽ ഫലസ്തീന് പിന്തുണ നൽകിക്കൊണ്ടുള്ള പതിനായിരങ്ങളുടെ പ്രകടനങ്ങൾക്കാണ് ശനിയാഴ്ച ലോകം സാക്ഷിയായത്.
അമേരിക്കയിലെ ന്യൂയോർക്കിലും വാഷിങ്ടണിലും ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ‘സ്വതന്ത്ര ഫലസ്തീൻ’ മുദ്രാവാക്യമുയർത്തി വൻ ജനാവലിയുടെ പ്രതിഷേധം നടന്നു. ടൈംസ് സ്‌ക്വയറിൽ ‘നെതന്യാഹു, ഇന്ന് എത്ര കുട്ടികളെ കൊന്നു?’ എന്ന പ്ലക്കാർഡുകൾ പിടിച്ചായിരുന്നു പ്രതിഷേധം. നേരത്തെ 200 അമേരിക്കൻ കലാലയങ്ങളിൽ പ്രതിരോധ ദിനം ഉൾപ്പെടെ ആചരിച്ചിരുന്നു.
ജനീവയിൽ ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനത്തും സമാധാനനീക്കം ശക്തമാക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ ഒത്തുകൂടി.
ബ്രിട്ടനിൽ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫീസ് സ്ഥിതി ചെയ്യുന്ന ഡൗണിങ് തെരുവിൽ പതിനായിരങ്ങളുടെ മാർച്ചുണ്ടായിരുന്നു. ബി.ബി.സി ഇസ്രഈലിന്റെ ആക്രമണങ്ങളെ ന്യായീകരിക്കുന്ന, അവർക്ക് യുദ്ധക്കുറ്റം നടത്താനുള്ള അനുവാദം വാങ്ങിക്കൊടുക്കുന്ന റിപ്പോർട്ടിങ്ങാണ് നടത്തുന്നതെന്ന് ആരോപിച്ച് പതിനായിരക്കണക്കിന് ജനങ്ങൾ ഫലസ്തീൻ അനുകൂല മുദ്രാവാക്യം വിളിച്ച് ബി.ബി.സി ആസ്ഥാനത്ത് നിന്ന് റാലി സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബി.ബി.സിയുടെ കൈകളിൽ ഫലസ്തീൻ രക്തം പുരണ്ടിട്ടുണ്ടെന്ന് പറഞ്ഞ് ചിലർ സ്ഥാപനത്തിന്റെ കെട്ടിടത്തിൽ ചുവന്ന പെയിന്റ് ഒഴിച്ച് പ്രതിഷേധിച്ചിരുന്നു.
പോളണ്ടിലും ഫിൻലൻഡിലും ഫലസ്തീൻ പതാക പുതച്ചായിരുന്നു ഇസ്രഈലിനെതിരെയുള്ള പ്രതിഷേധം. റോമിൽ നടന്ന പ്രതിഷേധത്തിൽ ഫലസ്തീന്റെ കൂറ്റൻ പതാക ദൃശ്യമായി.
ബെർലിൻ, ടോക്യോ, പാരീസ്, ഡെന്മാർക്ക് ജോഹാന്നസ്ബർഗ് എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
Content Highlight: Tens of thousands rally in Mideast, West demanding Independent Palestine