ഗാസ: ഇസ്രഈലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിവാദ നിയമത്തിനെതിരെ ഇസ്രഈല്‍ നഗരമായ ടെല്‍ അവിവില്‍ ആയിരങ്ങളുടെ പ്രതിഷേധം. ജൂതന്മാരും അറബികളുമുള്‍പ്പെടെ പ്രതിഷേധ രംഗത്തുണ്ട്.
കഴിഞ്ഞമാസമാണ് ഇസ്രഈല്‍ ജൂതരാഷ്ട്ര നിയമം പാസാക്കിയത്. ഇസ്രഈലിന് ഔദ്യോഗികമായി ജൂത സ്വഭാവം നല്‍കുന്ന നിയമമാണിത്. ഈ നിയമം ജൂതരല്ലാത്തവരെ രാജ്യത്തെ രണ്ടാംതരം പൗരന്മാരായി കാണുന്നുവെന്ന വിമര്‍ശനം വലിയ തോതില്‍ ഉയര്‍ന്നിരുന്നു.
കൂടാതെ ഇസ്രഈലി പൗരത്വമുള്ള 18ലക്ഷം ഫലസ്തീനികളെയും മറ്റ് ന്യൂനപക്ഷങ്ങളേയും അരികുവത്കരിക്കുന്നതാണ് ഈ നിയമമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ശനിയാഴ്ച രാത്രി ആയിരങ്ങള്‍ പ്രതിഷേധിച്ചത്. ” ഇത് അത്ഭുതമായ കാര്യമാണ്. ഇതാദ്യമായാണ് ജൂതന്മാരും ഫലസ്തീനികളും ഒരുമിച്ച് നിന്ന് പോരാടുന്നത് കണ്ടത്. ജനാധിപത്യത്തിലും സമത്വത്തിലും വിശ്വസിക്കുന്ന ആളുകളെ സംബന്ധിച്ച് വളരെ വലിയ മുഹൂര്‍ത്തമാണിത്.” സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇസ്രഈലിലെ എല്ലാ പൗരന്മാരും നിയമത്തിനു മുമ്പില്‍ സമന്മാരായിരിക്കണമെന്ന് ജൂതവിഭാഗത്തിലുള്ള പ്രക്ഷോഭകന്‍ പറഞ്ഞു.
” ന്യൂനപക്ഷങ്ങള്‍ക്കും ഞങ്ങളുടെ അതേ അവകാശങ്ങള്‍ ലഭിക്കണമെന്നാണ് ഇസ്രഈലികളില്‍ വലിയൊരു വിഭാഗം വിശ്വസിക്കുന്നത് ” പ്രതിഷേധക്കാരനായ ഡാന്‍ മെയ്‌റി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും, പാര്‍ലമെന്റിലും, സൈന്യത്തിലും യൂണിവേഴ്‌സിറ്റികളിലും ഈ രാജ്യത്ത് ജീവിക്കുന്ന എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും തുല്യ ആനുകൂല്യം നല്‍കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
“ഇസ്രഈല്‍ ജൂതരുടെ ചരിത്രഭൂമിയാണെന്നും ഇവിടെ ജൂതര്‍ക്ക് സ്വയം നിര്‍ണയത്തിനുള്ള പ്രത്യേക അവകാശമുണ്ടെന്നും” ആണ് ജൂതരാഷ്ട്ര നിയമത്തില്‍ പറയുന്നത്.
ഹീബ്രുവിനെ രാജ്യത്തിന്റെ ദേശീയ ഭാഷയായും ജൂത സമുദായത്തിന്റെ സമ്പ്രദായങ്ങളെ ദേശീയ താല്‍പര്യവുമായും നിയമം അംഗീകരിക്കുന്നുണ്ട്.
അറബിക് ഭാഷയ്ക്കുണ്ടായിരുന്ന ഔദ്യോഗിക ഭാഷയെന്ന പദവി ബില്‍ എടുത്തുമാറ്റിയിരുന്നു.