| Thursday, 21st June 2012, 9:33 am

ഒളിമ്പിക്‌സ് ടെന്നിസ് : പിന്‍മാറുമെന്ന് പെയ്‌സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒളിമ്പിക്‌സ് ടെന്നിസ് പ്രഖ്യാപനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഡബിള്‍സില്‍ തനിക്കൊപ്പം പങ്കാളിയാകാന്‍ മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും വിസമ്മതിച്ച സാഹചര്യത്തില്‍, ലണ്ടന്‍ ഒളിംപിക്‌സില്‍ നിന്നു പിന്‍മാറുകയല്ലാതെ മറ്റു വഴിയില്ലെന്നറിയിച്ച് ടെന്നിസ് അസോസിയേഷനു ലിയാന്‍ഡര്‍ പെയ്‌സ് കത്തയച്ചു.

മഹേഷ് ഭൂപതിയും രോഹന്‍ ബൊപ്പണ്ണയും പേസിനൊപ്പം കളിക്കില്ലെന്ന് വ്യക്തമാക്കിയതോടെ ജൂനിയര്‍ താരത്തെ പങ്കാളിയാക്കി മറ്റൊരു ടീമിനെ ഒളിമ്പിക്‌സിനിറക്കാനുള്ള നീക്കത്തിനിടെയാണ് പേസിന്റെ പിന്‍വാങ്ങല്‍ ഭീഷണി.

അതേസമയം, പിണക്കം മാറ്റിവച്ച് താരങ്ങള്‍ രാജ്യതാല്‍പര്യത്തിനു വേണ്ടി കളത്തിലിറങ്ങണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയും രംഗത്തെത്തി. മിക്‌സഡ് ഡബ്ള്‍സില്‍ സാനിയ മിര്‍സക്കൊപ്പം പങ്കാളിയാവാന്‍ താനാണ് യോഗ്യനെന്നും പേസ് കത്തില്‍ ഉന്നയിച്ചു. മഹേഷ് ഭൂപതിയോ രോഹന്‍ ബൊപ്പണ്ണയോ പങ്കാളിയായി ചേരുന്നതാണ് ഉചിതം. ജൂനിയര്‍ താരങ്ങളുമൊന്നിച്ച് കളിക്കുന്നതിന് സാധ്യതയില്ല പേസ് കത്തില്‍ ഉന്നയിച്ചു.

ജൂനിയര്‍ താരങ്ങളായ യൂകി ഭാംബ്രി,  വിഷ്ണു വര്‍ധന്‍ എന്നിവരിലൊരാളെ പെയ്‌സിനു പങ്കാളിയാക്കാന്‍ അസോസിയേഷന്‍ ആലോചിച്ചിരുന്നു. എന്നാല്‍, റാങ്കിങ്ങില്‍ വളരെ പിന്നിലുള്ളവര്‍ക്കൊപ്പം കളിക്കാന്‍ താല്‍പര്യമില്ലെന്നു കത്തില്‍ പെയ്‌സ് വ്യക്തമാക്കിയതോടെ, അസോസിയേഷന്‍ വീണ്ടും സമ്മര്‍ദ്ദത്തിലായി.

മൂന്നു താരങ്ങളുമായും അസോസിയേഷന്‍ ഇന്നലെ  ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. ഇതിനിടെയാണ്, ഒളിംപിക്‌സില്‍ നിന്നു പിന്‍മാറാന്‍ മടിക്കില്ലെന്നു വ്യക്തമാക്കി രൂക്ഷ ഭാഷയിലുള്ള പെയ്‌സിന്റെ കത്ത് അസോസിയേഷനു ലഭിച്ചത്.

ഒളിംപിക്‌സ് ടീം ഘടന സംബന്ധിച്ച് രാജ്യാന്തര ടെന്നിസ് ഫെഡറേഷനെ വിവരം അറിയിക്കേണ്ട സമയപരിധി ഇന്നാണ് അവസാനിക്കുന്നത്.

We use cookies to give you the best possible experience. Learn more