അടുക്കളയില്‍ ഭക്ഷണമുണ്ടാക്കാനും കുട്ടികളെ പോറ്റാനും മാത്രമുള്ളതല്ല സ്ത്രീകള്‍: സാനിയ മിര്‍സ
Women Empowerment
അടുക്കളയില്‍ ഭക്ഷണമുണ്ടാക്കാനും കുട്ടികളെ പോറ്റാനും മാത്രമുള്ളതല്ല സ്ത്രീകള്‍: സാനിയ മിര്‍സ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th May 2022, 9:35 am

സ്വന്തം ജീവിതകഥ പറഞ്ഞ് ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളിലൊരാളായ സാനിയ മിര്‍സ. എസ്.എ.ഇ സ്പീച് എന്ന യുട്യൂബ് ചാനലിലൂടെ സാനിയ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒരു വനിതാ ടെന്നീസ് താരമെന്ന നിലയില്‍, ഒരു വനിതാ സ്‌പോര്‍ട്‌സ് പ്ലെയറെന്ന നിലയില്‍ ഉയര്‍ന്നുവന്ന ഘട്ടത്തില്‍ താന്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ചും സമൂഹത്തില്‍ നിന്നും നേരിട്ട പ്രതിസന്ധികളെക്കുറിച്ചുമാണ് സാനിയ പറയുന്നത്.

സ്ത്രീകള്‍ അവരവര്‍ക്ക് വേണ്ടി നിലകൊള്ളണമെന്നും പോരാടണമെന്നും സാനിയ പറയുന്നു.

”എന്റെ ആറാം വയസ് മുതലാണ് ഞാന്‍ ടെന്നിസ് കളിക്കാന്‍ തുടങ്ങിയത്. ഒരു പെണ്‍കുട്ടിയെയും അവരുടെ മാതാപിതാക്കളെയും സംബന്ധിച്ച്, ഞാന്‍ ജനിച്ചു വളര്‍ന്ന ഹൈദരബാദ് ആ സമയത്ത് ഇത്രയും വലിയ ഒരു നഗരമായിരുന്നില്ല.

ഒരു ദിവസം ഞാന്‍ വിമ്പിള്‍ടണില്‍ കളിക്കും, എന്ന് ഒരു പെണ്‍കുട്ടിയായ ഞാന്‍ പറഞ്ഞപ്പോള്‍ എല്ലാവരും ഞങ്ങളെ കളിയാക്കുകയായിരുന്നു.

സ്‌പോര്‍ട്‌സില്‍ എത്തിയാല്‍ കറുത്തു പോകും പിന്നെ ആര് കല്യാണം കഴിക്കും, എന്നൊക്കെയുള്ള സംസാരങ്ങളും. എനിക്ക് തോന്നുന്നു എല്ലാ പെണ്‍കുട്ടികളും ‘ഓ കറുത്തു പോയല്ലോ, എന്തുപറ്റി,’ എന്ന ചോദ്യം എപ്പോഴെങ്കിലുമൊക്കെ കേട്ടിട്ടുണ്ടാകും.

‘വെയിലത്ത് കളിച്ചിട്ടാണ് കറുത്തുപോയത്’ എന്ന് എപ്പോഴും ഞാന്‍ കേട്ടിട്ടുണ്ട്. ‘അതാണ് എന്റെ ജോലി. ഐ ആം ഇന്‍ ദ സണ്‍’ എന്ന് ഞാന്‍ അവര്‍ക്ക് മറുപടി നല്‍കി.

ഒരു സ്ത്രീ അടുക്കളയില്‍ മാത്രം നില്‍ക്കേണ്ട ആളല്ല, ഭക്ഷണമുണ്ടാക്കുകയും കുട്ടികളെ വളര്‍ത്തുകയും മാത്രമല്ല അവര്‍ക്ക് ചെയ്യാനാവുക.

ഒരു സ്ത്രീക്ക് പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് പ്ലെയര്‍ ആകാം. ക്രിക്കറ്റോ ടെന്നീസോ മറ്റ് ഏതെങ്കിലും സ്‌പോര്‍ട്ടോ കളിക്കുന്നത് സ്ത്രീകള്‍ക്ക് മാത്രം ഒരു വിനോദമാകേണ്ട കാര്യമില്ല.

ഒരു രാജ്യമെന്ന നിലയില്‍ ഈ മനോഭാവത്തിലാണ് നമ്മള്‍ മാറ്റം വരുത്തേണ്ടത്.

നമ്മുടെ രാജ്യത്ത് കഴിവുള്ള സ്ത്രീകള്‍ ഉയര്‍ന്ന് വരുന്നില്ല. കാരണം സ്ത്രീകളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു സിസ്റ്റം നമുക്കില്ല. സ്‌പോര്‍ട്‌സിനെ പ്രൊഫഷനായി എടുക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സിസ്റ്റം നമുക്കില്ല. ഇതാണ് നമ്മള്‍ മാറ്റേണ്ടത്.

മാധ്യമങ്ങളായാലും ജനങ്ങളായാലും നമ്മള്‍ സ്ത്രീകളായാലും നമ്മള്‍ വിശ്വസിക്കേണ്ടതുണ്ട്. എത്ര തന്നെ തുല്യതയെക്കുറിച്ച സംസാരിച്ചാലും നമ്മള്‍ ജീവിക്കുന്നത് പുരുഷന്മാരുടെ ലോകത്തിലാണെന്ന് നമ്മള്‍ മനസിലാക്കേണ്ടതുണ്ട്. അതിന് മാറ്റം വരുത്താനാണ് പോരാടേണ്ടത്.

നമുക്കുണ്ടായിരുന്നതും ഇപ്പോഴുള്ളതുമായ വനിതാ സ്‌പോര്‍ട്‌സ് താരങ്ങള്‍ അഡ്മിനിസ്‌ട്രേഷന്‍ ലെവലിലേക്ക് എത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം സ്ത്രീകള്‍ക്ക് സ്ത്രീകളെയും അവര്‍ നേരിട്ട പ്രതിസന്ധികളെയും മസിലാക്കാന്‍ സാധിക്കും.

ഞാന്‍ ഒരു പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് പ്ലെയറാണ്. ഇപ്പോഴും ഞാന്‍ കളിക്കുന്നുണ്ട്. എന്റെ വിവാഹം കഴിഞ്ഞ സമയത്തോട് എന്നോട് ചോദിച്ച ആദ്യത്തെ ചോദ്യം, കല്യാണം കഴിഞ്ഞ് രണ്ട് മാസം ആയല്ലോ, എപ്പോഴാണ് കുട്ടികളുണ്ടാകുക, എന്നായിരുന്നു.

പരിചയമില്ലാത്ത ഒരാളോട് ചോദിക്കാവുന്നതില്‍ വളരെ അനുചിതമായ ചോദ്യമായിരുന്നു അത്. കല്യാണം കഴിച്ചു എന്നുള്ളതു കൊണ്ട് ഞാന്‍ ഒരു കുഞ്ഞിനെ പ്രസവിക്കണം എന്ന് അതിനര്‍ത്ഥമില്ല- ഈ രണ്ടാ കാര്യങ്ങളാണ് ആ ചോദ്യം കേട്ടപ്പോള്‍ ഞാന്‍ ചിന്തിച്ചത്.

എപ്പോഴാണ് ഒരു കുട്ടിയുണ്ടാകുക എന്ന് എന്തുകൊണ്ടാണ് എന്‍റെ ഭര്‍ത്താവിനോട് ആരും ചോദിക്കാത്തത്. ഇതാണ് മനോഭാവം.

സ്ത്രീകളെന്ന നിലയില്‍ നമ്മള്‍ നമുക്ക് വേണ്ടി തന്നെ നിലകൊള്ളാന്‍ പഠിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ നമ്മളെ ബഹുമാനിക്കൂ. ഒരു സ്ത്രീയായതുകൊണ്ട് മാത്രം നമ്മള്‍ കളിക്കുന്ന സ്‌പോര്‍ട്‌സ് ഒരു വിനോദമാകേണ്ടതില്ല.

ഓടുന്നതാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ ഓടുക, നീന്തുന്നതാണ് ഇഷ്ടമെങ്കില്‍ നീന്തുക, ക്രിക്കറ്റ് കളിക്കാനാണ് ഇഷ്ടമെങ്കില്‍ കളിക്കുക.

എല്ലാ മാതാപിതാക്കളോടും എല്ലാ മീഡിയകളോടും കോര്‍പറേറ്റുകളോടും എനിക്ക് പറയാനുള്ളത്, സ്ത്രീകള്‍ക്കും പുരുഷന്മാരെപ്പോലെ തന്നെ പ്രശസ്തരാകാം, എന്ന് വിശ്വസിച്ച് മുന്നോട്ട് വരിക എന്നാണ്.

ലോകത്തിന്റെ ഈ കോണില്‍, സ്ത്രീകള്‍ അവര്‍ക്ക് വേണ്ടി തന്നെ സംസാരിക്കുമ്പോള്‍ അവരെ റിബല്‍ ആയും കുടുംബത്തെയും ബന്ധങ്ങളെയും വിലമതിക്കാത്ത സ്ത്രീകളായും മുദ്രകുത്തുകയാണ്.

ഈ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്, ഇതാണ് യാഥാര്‍ത്ഥ്യം. നമ്മള്‍ക്ക് മുന്നോട്ട് പോകണമെങ്കില്‍ ഈ ആറ്റിറ്റിയൂഡാണ് മാറേണ്ടത്,” സാനിയ മിര്‍സ പറഞ്ഞു.

Content Highlight: Tennis player Sania Mirza about her life struggles and the need of women to fight for herself