| Sunday, 18th September 2022, 9:43 am

റയലിന്റെ ഹോം ഗ്രൗണ്ടില്‍ ഫെഡറര്‍ കളമൊഴിയും; ബിഗ് ഫോറിലെ ഇതിഹാസങ്ങള്‍ ഏറ്റുമുട്ടും

സ്പോര്‍ട്സ് ഡെസ്‌ക്

വ്യാഴാഴ്ച വൈകുന്നേരമാണ് ലോക ടെന്നീസിനെ ഞെട്ടിച്ച് കൊണ്ട് ഇതിഹാസ താരം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 845 വാക്കുകളടങ്ങിയ മനോഹര കത്തിലൂടെയാണ് അദ്ദേഹം തന്റെ വിരമിക്കല്‍ വാര്‍ത്ത ലോകത്തെ അറിയിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷം താന്‍ കടന്നുപോയ പരിക്കുകളെ കുറിച്ചും ശസ്ത്രക്രിയകളെ കുറിച്ചുമെല്ലാം ഫെഡറര്‍ കത്തില്‍ പറയുന്നുണ്ട്. മത്സര ഫോമിലേക്ക് മടങ്ങാന്‍ താന്‍ കഠിനമായി പരിശ്രമിച്ചിരുന്നെന്നും എന്നാല്‍ തന്റെ ശാരീരിക സ്ഥിതി അതിന് അനുകൂലമല്ലെന്നും കത്തിലുണ്ട്.

അടുത്തയാഴ്ച ലണ്ടനിലെ അരീനയില്‍ നടക്കാനിരിക്കുന്ന 2022 ലേവര്‍ കപ്പില്‍ തന്റെ അവസാന ടെന്നീസ് മത്സരം കളിക്കാനൊരുങ്ങിയിരിക്കുകയാണ് ഫെഡറര്‍. മത്സരത്തില്‍ താരം ബിഗ് ഫോറിലെ മറ്റ് മൂന്ന് അംഗങ്ങളായ റാഫേല്‍ നദാല്‍, നൊവാക് ജോക്കോവിച്ച്, ആന്‍ഡി മറെ എന്നിവരുമായി വീണ്ടും ഒന്നിക്കും.

റയല്‍ മാഡ്രിഡ് എഫ്‌സിയുടെ ഹോം സ്റ്റേഡിയമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഫെഡറര്‍ നദാലിനെ നേരിടും. 2020ല്‍ കേപ്ടൗണില്‍ നടന്ന ചാരിറ്റി മത്സരത്തില്‍ ഫെഡറര്‍ നദാലിനെ നേരിട്ടിരുന്നു. 6-4, 3-6, 6-4 എന്ന സ്‌കോറിനാണ് ഫെഡറര്‍ നദാലിനെ കീഴ്പ്പെടുത്തിയിരുന്നത്.

1998ലാണ് ഫെഡറര്‍ ജൂനിയര്‍ വിംബിള്‍ഡണ്‍ ജേതാവായത്. പിന്നീട് ഗ്രാന്‍ഡ് സ്ലാം പോരാട്ടവേദികളിലും കളിച്ചുതുടങ്ങി. 2001ലെ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് മുതലാണ് ഫെഡറര്‍ ജനശ്രദ്ധയാകര്‍ഷിച്ചു തുടങ്ങിയത്. ആ മത്സരത്തിലെ നാലാം റൗണ്ടില്‍ പീറ്റ് സാംപ്രസിനേയാണ് ഫെഡറര്‍ കീഴ്പ്പെടുത്തിയത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുക്കമാണ് സാംപ്രസ് ഫെഡററിനോട് തോല്‍വി വഴങ്ങിയത്.

ഇതിന് മുന്നേ റിച്ചാര്‍ഡ് ക്രാജിസെക്കാണ് ഒരു സെറ്റ് മാത്രം നഷ്ടപ്പെടുത്തി വിംബിള്‍ഡണ്‍ നേടിയത്. 1996ലായിരുന്നു അത്. തുടര്‍ന്ന് 2003 ല്‍ താരം വിംബിള്‍ഡണിലെത്തി. അതിനകം ലോക റാങ്കിങ്ങില്‍ ആദ്യ പത്തിനകത്ത് ഇടംപിടിക്കാനും അദ്ദേഹത്തിന് സാധിച്ചു.

തുടക്കം മുതലേ മികച്ച പ്രകടനങ്ങള്‍ കാഴ്ച വെച്ച ഫെഡറര്‍ ഭാവിയില്‍ മികച്ചവനാകുമെന്ന് അന്നേ കായിക പ്രേമികള്‍ പറഞ്ഞുവെച്ചിരുന്നു. ആ വാക്കുകളെ അന്വര്‍ഥമാക്കുന്ന പ്രകടനമായിരുന്നു ഫെഡററിന്റേത്.

കരിയറില്‍ എട്ട് വിംബിള്‍ഡണ്‍ കിരീടങ്ങള്‍ നേടിയ ഫെഡറര്‍, ആറ് തവണ ഓസ്ട്രേലിയന്‍ ഓപ്പണും അഞ്ച് തവണ യു.എസ് ഓപ്പണും നേടിയിട്ടുണ്ട്. ഒരു തവണ മാത്രമാണ് ഫ്രഞ്ച് ഓപ്പണ്‍ നേടാനായത്. 20 ഗ്രാന്‍ഡ് സ്ലാമുകളടക്കം 103 കിരീടങ്ങളാണ് ഫെഡറര്‍ നേടിയത്.

Content Highlight: Tennis legends will fight in Real Madrid home ground as part of Swiss legend Roger Federer’s retirement

We use cookies to give you the best possible experience. Learn more