കാലിഫോര്‍ണിയ: വിരമിക്കല്‍ പ്രഖ്യാപനം നടത്തി ടെന്നീസ് ഇതിഹാസം സെറീന വില്യംസ്. വരാനിരിക്കുന്ന യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റോട് കൂടി ടെന്നീസിനോട് വിടപറയുമെന്ന് സെറീന അറിയിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു സെറീനയുടെ പ്രതികരണം.
ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 11 വരെയാണ് യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റ്. ‘വിരമിക്കല്‍ എന്ന വാക്ക് എനിക്കിഷ്ടമില്ല. അതൊരു പുതിയവാക്കായി എനിക്ക് തോന്നുന്നില്ല. ഇതൊരുപരിവര്‍ത്തനമായാണ് എനിക്ക് തോന്നുന്നത്. ഞാന്‍ ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. മറ്റുചില കാര്യങ്ങള്‍ എനിക്കിപ്പോള്‍ വളരെ പ്രധാനപ്പെട്ടതാണ്.
ജീവിതത്തില്‍ പുതിയൊരു പാതയിലേക്ക് സഞ്ചരിക്കേണ്ട സമയമായി. ടെന്നീസില്‍ നിന്ന് വിട്ടുനില്‍ക്കുന്നതില്‍ സങ്കടമുണ്ട്. കൗണ്‍ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. ടെന്നീസ് താരമെന്നതിനേക്കാള്‍ ഒരമ്മയുടെ റോളില്‍ കഴിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ സെറീന തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറഞ്ഞു.
വോഗ് മാഗസിന് നല്‍കിയ ഫോട്ടോഷൂട്ടിന് പിന്നാലെയാണ് സെറീന ഇക്കാര്യം അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം വോഗ് മാഗസിന് വേണ്ടി എടുത്ത ഒരു ഫോട്ടോയും സെറീന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.
ഒരുപാടുകാലത്തെ ഇടവേളക്ക് ശേഷം ഈയിടെ സെറീന ടെന്നീസ് കോര്‍ട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. ഹാര്‍ഡ് കോര്‍ട്ടില്‍ സ്പെയിനിന്റെ നൂറിയ പരിസാസ് ഡയസ്സായിരുന്നു സെറീനയുടെ എതിരാളി. സ്പാനിഷ് താരത്തെ സെറീന പരാജയപ്പെടുത്തിയിരുന്നു.
23 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയ ഇതിഹാസതാരമാണ് സെറീന.ഇതുകൂടാതെ 14 ഡബിള്‍സിലും രണ്ട് മിക്സഡ് ഡബിള്‍സിലും താരത്തിന് ഗ്രാന്‍സ്ലാം ലഭിച്ചിട്ടുണ്ട്. കരിയറില്‍ 73 സിംഗിള്‍സുകളിലും 23 ഡബിള്‍സുകളിലും നേട്ടം സ്വന്തമാക്കിയിട്ടുള്ള സെറീന ഒളിമ്പിക്സിലും മെഡല്‍ നേടിയിട്ടുണ്ട്.
CONTENT HIGHLIGH: Tennis legend Serena Williams announced her retirement