[]മുംബൈ: വളര്‍ന്നു വരുന്ന യുവപ്രതിഭകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിനായി ഒരു ടീമില്‍ 15 പേരെ കളിപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതരോട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭ്യര്‍ത്ഥന.
യുവ ക്രിക്കറ്റര്‍മാര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിന് വേണ്ടി ഇന്റര്‍ സ്‌കൂള്‍, ഇന്റര്‍ കോളേജ് തലമത്സരങ്ങളില്‍ ഒരു ടീമില്‍ 15 പേരെ കളിപ്പിക്കണമെന്നാണ് എം.സി.എയോട് സച്ചിന്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
“”യോഗ്യതയും കഴിവുമുള്ള വളര്‍ന്നു വരുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് സ്‌കൂള്‍ കോളേജ് തലത്തില്‍ അത് പ്രദര്‍ശിപ്പിക്കാനുള്ള അവസരമൊരുക്കികൊടുക്കണം. വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ അവര്‍ പിന്തള്ളപ്പെട്ടുപോവരുത്. ഞാന്‍ ക്രിക്കറ്റ് കളിച്ച് വളര്‍ന്ന കാലത്ത് മത്സരങ്ങളില്‍ ബാറ്റിംഗിലും ബൗളിംഗിലുമുള്ള കഴിവ് തെളിയിക്കാന്‍ 15 പേര്‍ക്ക് അവസരം ലഭിച്ചിരുന്നു. കൂടുതല്‍ കുട്ടികള്‍ക്ക് ഇതേ അവസരം ലഭിക്കണമെന്നാണ് എന്റെയാഗ്രഹം. കൂടുതല്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുമ്പോള്‍ സെലക്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പിനായി കൂടുതല്‍ പേരെ കിട്ടും””. മുംബെയിലെ എം.സി.എ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സംസാരിക്കവേ സച്ചിന്‍ പറഞ്ഞു.
പുതിയ രീതി മുംബൈ ക്രിക്കറ്റില്‍ നടപ്പില്‍ വരുത്തുകയാണെങ്കില്‍ എറെ താമസിയാതെ ഇന്ത്യന്‍ ക്രിക്കറ്റും പിന്തുടരുമെന്ന് തനിക്കുറപ്പുണ്ടെന്ന് സച്ചിന്‍ പറഞ്ഞു.
പ്രമുഖ കളിക്കാരുടെ അഭാവത്തില്‍ രഞ്ജി ട്രോഫി മത്സരത്തിനിറങ്ങാനിരിക്കുന്ന മുംബൈ ക്രിക്കറ്റ് ടീമിന് ആംശസകളേകാനും സച്ചിന്‍ മറന്നില്ല. സീനിയര്‍ താരങ്ങളില്‍ പലരും രാജ്യത്തിനായി കളിക്കാന്‍ പോയത് കൊണ്ട് മുംബൈയുടെ നിലവിലെ സ്ഥിതി ദുഷ്‌ക്കരമാണെന്ന് തനിക്കറിയാമെന്ന് സച്ചിന്‍ പറഞ്ഞു.
എന്നാല്‍ ഇതൊരു വെല്ലുവിളിയായി സ്വീകരിച്ച് വിജയിക്കുകയാണെങ്കില്‍ മുംബൈ ടീമിന്റെ ആഘോഷപരിപാടികളില്‍ പങ്കെടുക്കാന്‍ ആദ്യമെത്തുക താനായിരിക്കുമെന്ന് സച്ചിന്‍ വാഗ്ദാനം ചെയ്തു.